തിരുവനന്തപുരത്ത് എ.ടി.എം തകര്‍ത്ത് 10 ലക്ഷം രൂപ കവര്‍ന്നു
തിരുവനന്തപുരം: കഴക്കൂട്ടത്ത് എ.ടി.എം കൗണ്ടര്‍ വെട്ടിപ്പൊളിച്ച് പത്തുലക്ഷത്തിലധികം രൂപയുടെ കവര്‍ച്ച. കാര്യവട്ടം- കഴക്കൂട്ടം ദേശീയപാതയില്‍ അമ്പലത്തിന്‍കരയിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിലാണ് വന്‍ കവര്‍ച്ച.
വൈകീട്ട് ആറിന് എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ വന്ന സ്വകാര്യ ഏജന്‍സി ജീവനക്കാരാണ് കവര്‍ച്ച നടന്നെന്ന് കഴക്കൂട്ടം പൊലിസിനെ അറിയിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്ക്രീനിന് താഴെ പണം നിറയ്ക്കുന്ന ഭാഗം പൂര്‍ണമായി മുറിച്ചുമാറ്റിയാണ് പണം കവര്‍ന്നത്.
പുലര്‍ച്ചെ 1.15 വരെ ഈ എ.ടി.എമ്മില്‍ ഇടപാട് നടന്നിട്ടുണ്ട്. എസ്.ബി.ഐ അധികൃതരുടെ സഹായത്തോടെ എ.ടി.എം ടെക്നീഷ്യന്മാരെത്തി പരിശോധിച്ചപ്പോഴാണ് 10,18,500 രൂപ നഷ്ടപ്പെട്ടെന്ന് സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച അഞ്ചുലക്ഷം രൂപ നിറയ്ക്കുന്ന സമയത്ത് ഒന്‍പത് ലക്ഷം രൂപ മിഷ്യനിലുണ്ടായിരുന്നു. ഇതില്‍ മോഷണം പോയ തുക കഴിച്ച് ബാക്കി ഇടപാടുകാര്‍ പിന്‍വലിച്ചു. രണ്ടുമണിയോടെ കഴക്കൂട്ടം പൊലിസ് എ.ടി.എമ്മിന്റെ സമീപത്തെ ബീറ്റ് പോസ്റ്റില്‍ എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷമാകാം മോഷണം നടന്നിട്ടുള്ളതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കഴക്കൂട്ടം അസി. കമ്മിഷണര്‍ എ. പ്രമോദ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. കൗണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."