പ്രതികള്‍ റാങ്ക് പട്ടികയില്‍ വന്നത് ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ പ്രതികളായവര്‍ പൊലിസ് റാങ്ക് പട്ടികയില്‍ മുന്‍നിരയില്‍ വന്നത് പി.എസ്.സിയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗം അന്വേഷിക്കും. അക്രമത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ പരീക്ഷ എഴുതിയത് വിവിധ കേന്ദ്രങ്ങളിലാണ്. പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തെറ്റാണെന്നും ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികളായിട്ടുള്ളവര്‍ക്കോ മറ്റൊരു അപേക്ഷകര്‍ക്കോ പി.എസ്.സി പരീക്ഷ സംവിധാനത്തില്‍ ഇടപെടാന്‍ സാധിക്കില്ല. പി.എസ്.സി സംവിധാനത്തില്‍ അട്ടിമറി നടത്തിയെന്നത് ശരിയല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. ശിവരഞ്ജിത്ത് അപേക്ഷിച്ച ജില്ല തിരുവനന്തപുരമാണ്. വഞ്ചിയൂരിലെ ഗവ. യു.പി സ്‌കൂളിലാണ് പരീക്ഷ എഴുതിയത്. ആരോപിക്കപ്പെടുന്ന മാറ്റു രണ്ടുപേരും ആ സെന്ററില്‍ പരീക്ഷ എഴുതിയിട്ടില്ല. രണ്ടാം റാങ്കുകാരനായ പ്രണവ് പി.പി. ശ്രീ ഗോകുലം പബ്ലിക് സ്‌കൂളിലാണ് പരീക്ഷ എഴുതിയത്. 28ാം റാങ്കുകാരനായ നസിം പരീക്ഷ എഴുതിയത് തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചേഴ്‌സ് എജ്യൂക്കേഷനിലും. അതുകൊണ്ടുതന്നെ പരീക്ഷയ്ക്കായി ആരോപിതര്‍ പഠിക്കുന്ന കോളജില്‍ പ്രത്യേക സംവിധാനം ഒരുക്കിയെന്ന പ്രചാരണം തെറ്റാണ്. കാസര്‍കോട് നാലാം ബെറ്റാലിയനില്‍ മറ്റു ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ ജില്ലാതല ഓപ്ഷന്‍സ് കൊടുക്കാന്‍ എല്ലാ ജില്ലക്കാര്‍ക്കും സൗകര്യമുണ്ട്.
അതുപ്രകാരം തിരുവനന്തപുരം ജില്ലക്കാര്‍ നാലാം ബെറ്റാലിയനില്‍ പരീക്ഷ എഴുതുന്നവരില്‍ 2989 പേരാണ് തിരുവനന്തപുരം ജില്ലയില്‍ ഓപ്ഷന്‍ കൊടുത്തത്. ആരോപിക്കപ്പെട്ട മൂന്നു വ്യക്തികളും പരീക്ഷ എഴുതാനായി അപേക്ഷിച്ചത് തിരുവനന്തപുരം ജില്ലയാണ്. ഇതില്‍ നാല് സെന്ററുകള്‍ ഉള്ളത് യൂനിവേഴ്‌സിറ്റി കോളജിലാണ്. അപേക്ഷിച്ചശേഷം ഒരാള്‍ക്കും അതിനകത്ത് ക്രമക്കേട് നടത്താന്‍ കഴിയില്ല.സെന്റര്‍ അനുവദിക്കുന്ന കാര്യത്തിലോ മറ്റൊരു കാര്യത്തിലോ തെറ്റായ ഇടപെടല്‍ നടന്നിട്ടില്ല. അതിനു സാധിക്കുകയുമില്ല. എല്ലാ സെന്ററിലും പരമാവധി ജീവനക്കാര്‍ ഡ്യൂട്ടിക്ക് പോകുന്നുണ്ട്. മൊബൈല്‍പോലും അകത്ത് അനുവദിക്കുന്നില്ല. അടുത്തിരിക്കുന്നവരുടെ ചോദ്യപേപ്പര്‍ പോലും പലതായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഒരു ക്രമക്കേടും സാധിക്കില്ലെന്നും പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."