സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; ഹൈസ്കൂള്‍ റോഡ് ചളിക്കുളം
കുറ്റ്യാടി: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റോഡ് ഒറ്റ മഴക്ക് തന്നെ ചളിക്കുളമായി.
സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കുണ്ടും കുഴിയും നിറഞ്ഞ റോഡ് പുനരുദ്ധരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ല. വെള്ളവും ചളിയും കെട്ടിക്കിടന്ന് കാല്‍നട യാത്ര പോലും ദുസ്സഹമായ റോഡിലൂടെ വേണം കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍.
രണ്ടായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനു പുറമെ നിരവധി സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങളിലേക്കുള്ള പ്രധാന വഴികൂടിയാണിത്.
സംസ്ഥാന പാതയില്‍ നിന്ന് സ്കൂള്‍ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അശാസ്ത്രീയമായി ടൈല്‍ വിരിച്ചതിനാല്‍ ഒറ്റ മഴക്ക് തന്നെ അവശേഷിക്കുന്ന ഭാഗത്ത് മുട്ടിനുമേല്‍ ചളിയും വെള്ളവും കെട്ടിക്കിടക്കുകയാണ്. റോഡിന്റെ ഇരു ഭാഗത്തുമുള്ള ഓവുചാല്‍ അടഞ്ഞതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനവുമില്ല.
ഇതിനു പുറമെ റോഡിന്റെ ഇരു ഭാഗങ്ങളിലുമായി ഇരു ചക്രവാഹനങ്ങളും കാറുകളും നിര്‍ത്തിയിടുന്നതിനാല്‍ ചളി വെള്ളത്തിലൂടെ നടന്നു വേണം കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍.
സ്കൂളിന് മുന്നിലെ വയല്‍ മണ്ണിട്ട് നികത്തിയതിനാല്‍ മഴ കനക്കുന്നതോടെ റോഡ് പൂര്‍ണമായും വെള്ളത്തിലാവും. സ്കൂളിന്റെ പ്രധാന ഗേറ്റിനു മുന്നിലും ചളിയും വെള്ളവും കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."