ആള്‍ക്കൂട്ടത്തില്‍ തനിയെ...
പഠിപ്പു മുടക്കലല്ല, പഠിപ്പിക്കലാണ് പുതിയ സമര രീതിയെന്ന് പ്രമുഖ നേതാവ് മുന്‍പ് എസ്.എഫ്.ഐക്കാരെ ഉദ്‌ബോധിപ്പിച്ചിരുന്നു. ശത്രുവില്ലാത്തതിനാല്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് തിരഞ്ഞുപിടിച്ച് പിന്‍തലമുറ പഠിപ്പിക്കുമെന്ന് അന്ന് നേതാവ് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. തലസ്ഥാനത്തെ കിരീടംവയ്ക്കാത്ത ചില എസ്.എഫ്.ഐക്കാര്‍ സഹപ്രവര്‍ത്തകന്റെ ഇടനെഞ്ചില്‍ കത്തി കുത്തിയിറക്കിയതോടെ എസ്.എഫ്.ഐ ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നായി. കേരളത്തിലെ കലാലയങ്ങളില്‍ അവകാശപ്പോരാട്ടത്തിന്റെ ചരിത്രമെഴുതിയ സംഘടനയാണ് എസ്.എഫ്.ഐ. സ്ഥാപകദിനത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്ക് പ്രസ്ഥാനം കടക്കുമ്പോള്‍ വിമര്‍ശനത്തിന്റെ കൂരമ്പുകളാണ് എസ്.എഫ്.ഐ നേരിടുന്നത്. 'പഠിക്കുക പോരാടുക' എന്നതാണ് പിറവിയിലെടുത്ത മുദ്രാവാക്യം.
സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവുമാണ് സംഘടന ലക്ഷ്യങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. 1970 ഡിസംബര്‍ 27 മുതല്‍ 30 വരെ തിരുവനന്തപുരത്തു നടന്ന സമ്മേളനത്തിലാണ് എസ്.എഫ്.ഐ രൂപീകൃതമായത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ടായിരുന്ന എ.ഐ.എസ്.എഫ്, പാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് സി.പി.ഐ പക്ഷത്തു നിലയുറപ്പിച്ചപ്പോള്‍ പുതുതായി രൂപീകരിച്ച സി.പി.എമ്മിനോട് അനുഭാവം പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ കേരളത്തില്‍ കെ.എസ്.എഫ് എന്നും ബംഗാളില്‍ ഛാത്രപരിഷത്ത് എന്നും പ്രത്യേക സംഘടനകളുണ്ടാക്കിയിരുന്നു. പല സംസ്ഥാനങ്ങളില്‍ പല പേരുകളില്‍ അറിയപ്പെട്ടിരുന്ന വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്നാണ് പില്‍ക്കാലത്ത് സി. ഭാസ്‌കരന്‍ അധ്യക്ഷനായ എസ്.എഫ്.ഐ രൂപീകരിക്കുന്നത്. സ്വന്തമായ പരിപാടിയും ഭരണഘടനയുമുള്ള എസ്.എഫ്.ഐ, ഒരു പാര്‍ട്ടിയുടെയും പോഷകസംഘടനയല്ല. എന്നാല്‍ സി.പി.എമ്മിനോട് അനുഭാവം പുലര്‍ത്തുന്ന വിവിധ വര്‍ഗബഹുജന സംഘടനകളില്‍ എസ്.എഫ്.ഐയും ഉള്‍പ്പെടും. എസ്.എഫ്.ഐ നേതാക്കളില്‍ നല്ലൊരുപങ്കും പില്‍ക്കാലത്ത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെയും സ്ത്രീസംഘടനയായ എ.ഐ.ഡി.ഡബ്ലു.എയുടെയും ട്രേഡ് യൂനിയനായ സി.ഐ.ടി.യുവിന്റെയും രാഷ്ട്രീയപ്പാര്‍ട്ടിയായ സി.പി.എമ്മിന്റെയും നേതൃത്വത്തിലേക്കും കടന്നുവന്നിട്ടുള്ളത്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കോളജുകളുടെയും വിദ്യാര്‍ഥി യൂനിയനുകള്‍ എസ്.എഫ്.ഐയുടെ നിയന്ത്രണത്തിലാണ്.
കഴിഞ്ഞവര്‍ഷം മഹാരാജാസ് കോളജില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് അഭിമന്യൂ എന്ന പ്രവര്‍ത്തകന്‍ രക്തസാക്ഷിയായപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത് എസ്.എഫ്.ഐ ആയിരുന്നു. ചോരക്ക് ചോര ചിന്തുന്ന കണക്കുപുസ്തകം തുറക്കാതിരുന്ന സംഘടന അന്നു പുറത്തെടുത്തത് സഹിഷ്ണുതയുടെ രാഷ്ട്രീയമായിരുന്നപ്പോള്‍ പുതിയ ചരിത്രത്തിലേക്കും കടന്നുകയറുകയായിരുന്നു പ്രസ്ഥാനം. അഭിമന്യുവിന്റെ നിഷ്‌കളങ്കമായ ചിരി കേരളത്തിന്റെ നൊമ്പരമായപ്പോള്‍ മനസു നൊന്തവരില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് കുടപിടിക്കാത്തവരായിരുന്നു ഏറെയും. എന്നാല്‍ എസ്.എഫ്.ഐയുടെ തിരുവായ്ക്ക് എതിര്‍വായയില്ലാത്ത യൂനിവേഴ്‌സിറ്റി കോളജില്‍ പാട്ടുപാടിയതിന് നെഞ്ചില്‍ കുത്തേറ്റത് എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നതാണ് സംഘടനയെ ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നത്. ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമനെന്ന ചൊല്ല് ചെന്നുതറച്ചത് എസ്.എഫ്.ഐയുടെ യൂനിറ്റ് നേതാക്കളിലാണ്. നേതാക്കള്‍ക്കിഷ്ടമില്ലാത്ത പാട്ടുപാടിയ പ്രവര്‍ത്തകനെ പഠിപ്പിച്ച് പുതിയ പോരാട്ടം നടത്താന്‍ കച്ചകെട്ടിയ പുതുനാമ്പ് നേതാക്കള്‍ ചവറ്റുകുട്ടയിലേക്കെറിഞ്ഞത് സംഘടനയുടെ ആത്മാവായിരുന്നെന്നാണ് ചങ്കുപൊട്ടിയവര്‍ പലരും പറയുന്നത്. ഒരു പാട്ടിലെന്തിരിക്കുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ആരു പാടിയെന്നതാണ് യൂനിവേഴ്‌സിറ്റി കോളജിന്റെ ചുവരുകളില്‍ ചോരക്കറ വീഴ്ത്തിയത്. വിദ്യാര്‍ഥികളുടെ യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യൂനിവേഴ്‌സിറ്റി അനുവദിച്ച ഓഫിസ് മുറി ഫര്‍ണിഷ് ചെയ്ത് 'ഇടിമുറി'യാക്കി കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളുടെ ഓര്‍മപുതുക്കുന്നതും എസ്.എഫ്.ഐ ആണെന്നത് സംഘടനയെ പിന്നോട്ട് നയിക്കും.
എസ്.എഫ്.ഐ ഒഴിച്ച് മറ്റൊരു വിദ്യാര്‍ഥി സംഘടനക്കും യൂനിവേഴ്‌സിറ്റി കോളജില്‍ ഇടമില്ലെന്ന് വിമര്‍ശിച്ചവരില്‍ മുന്നില്‍ കെ.എസ്.യുവും എ.ബി.വി.പിയുമല്ല, മറിച്ച് കാനത്തിന്റെ പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫ് ആയിരുന്നത് ഇടതുവിദ്യാര്‍ഥി ഐക്യത്തിലെ വിള്ളല്‍ മറനീക്കുന്നതായിരുന്നു. കലാലയങ്ങളിലെത്തിയ പല അരാഷ്ട്രീയ വിദ്യാര്‍ഥികളും എസ്.എഫ്.യിലെത്തിയത് വിദ്യാര്‍ഥി മനസുകളെ ഇളക്കിമറിച്ച ചിലരുടെ വാഗ്‌ധോരണികളില്‍ ആകൃഷ്ടരായിട്ടായിരുന്നു. ചിലരാകട്ടെ, കണ്ണുരുട്ടലിലും ഭീഷണിയിലും ഭീതിതരായിട്ടും. എന്നാല്‍ കാലം മാറിയതൊന്നും എസ്.എഫ്.ഐയിലെ പലരും അറിഞ്ഞില്ലെന്നതാണ് യൂനിവേഴ്‌സിറ്റി കോളജ് സംഭവം വ്യക്തമാക്കുന്നത്. കൊല്ലം എസ്.എന്‍ കോളജിലുണ്ടായ വിദ്യാര്‍ഥി സംഘട്ടനത്തില്‍ കൊല്ലപ്പെട്ട ശ്രീകുമാര്‍ മുതല്‍ മഹാരാജാസിലെ അഭിമന്യൂ വരെ സംഘടനക്ക് രക്തസാക്ഷികളായവര്‍ ഏറെയാണ്. 1982ല്‍ യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയായിരുന്ന എ.എഫ്.ഐ നേതാവ് ജൂലിയസ് ഫെര്‍ണാണ്ടസ്, യൂനിവേഴ്‌സിറ്റി കോളജിലെ തന്നെ തീപ്പൊരി നേതാവായിരുന്ന ഹരി, മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ദീപക്, ഐ.പി ബിനു തുടങ്ങിയവരൊക്കെ എതിരാളികളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായവരായിരുന്നു. എന്നാല്‍ അവരുടെയൊക്കെ ത്യാഗങ്ങളെ മറന്ന ശിവരഞ്ജിത്തുമാരും നിസാമുമാരും കണ്ണുതുറന്നു കാണേണ്ടത്, ചെവി കൂര്‍പ്പിച്ച് കേള്‍ക്കേണ്ടത് 'നാന്‍ പെറ്റ കിളിയേ... എന്‍ മകനേ'എന്ന വട്ടവടയിലെ മകന്‍ നഷ്ടപ്പെട്ട മാതാവിന്റെ കണ്ണീരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."