കുല്‍ഭൂഷന്‍ ജാദവിനെ വിട്ടയക്കണമെന്ന് ഇന്ത്യ; നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാകിസ്താന്‍
ന്യൂഡല്‍ഹി/ഇസ്‌ലാമാബാദ്: : അന്താരാഷ്ട്ര കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ വിട്ടയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായാണ് കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ കസ്റ്റഡിയില്‍ വയ്ക്കുന്നതെന്നും വിധി സംബന്ധിച്ച് പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്യവെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
ജാദവിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ഒരിക്കല്‍ക്കൂടി പാകിസ്താനോട് ആവശ്യപ്പെടുകയാണ്. സ്വന്തം അഭിഭാഷകരെ കാണാന്‍ പോലും പാകിസ്താന്‍ കുല്‍ഭൂഷന്‍ ജാദവിനെ അനുവദിച്ചിരുന്നില്ല. ജാദവിനെ സുരക്ഷിതനായി രാജ്യത്തെത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരും.
നിരപരാധിയാണ് കുല്‍ഭൂഷന്‍ ജാദവ്. അദ്ദേഹത്തെ ബലമായി കുറ്റസമ്മതം നടത്തിക്കുകയായിരുന്നു. അദ്ദേഹത്തിന് നിയമസഹായം അനുവദിച്ചില്ല. നിരപരാധിയായ ഒരു ഇന്ത്യന്‍ പൗരന്‍ പാകിസ്താനില്‍ മതിയായ വിചാരണാ നടപടികളില്ലാതെ വധശിക്ഷ അഭിമുഖീകരിക്കേണ്ടി വരുന്നത് അടിസ്ഥാന നീതിയുടെ ലംഘനമാണ് ഇതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
അതേസമയം വിഷയത്തില്‍ ആദ്യമായി പാകിസ്താന്‍ പ്രതികരിച്ചു. കുല്‍ഭൂഷന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവിടുത്തെ നിയമം അനുശാസിക്കുന്ന സഹായങ്ങള്‍ നല്‍കും. അവകാശങ്ങള്‍ എന്തൊക്കെയെന്ന് കുല്‍ഭൂഷനെ അറിയിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വിധി മാനിച്ചാണ് ഇതെന്നും പാക് പ്രതിനിധി പറഞ്ഞു.
അന്താരാഷ്ട്ര കോടതി (ഐ.സി.ജെ) വിധിയെ സ്വാഗതം ചെയ്ത് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിനെ ഐ.സി.ജെ കുറ്റവിമുക്തമാക്കാനോ വിട്ടയക്കാനോ ഇന്ത്യയിലേക്ക് മടക്കിയയക്കാനോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
വിയന്ന ഉടമ്പടി അനുസരിച്ചുള്ള 36ാം അനുച്ഛേദം ജാദവിന്റെ വിഷയത്തില്‍ ലംഘിച്ചെന്നും അതിനാല്‍ വധശിക്ഷ പുനഃപരിശോധിക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. 16 അംഗ ജൂറിയില്‍ 15-1 ഭൂരിപക്ഷത്തോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്. ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് 2017 ഏപ്രില്‍ 11ന് ആണ് പാകിസ്താന്‍ സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് മെയ് എട്ടിനാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."