മഴക്കാലപൂര്‍വ ശുചീകരണം ജനപങ്കാളിത്തത്തോടെ ശക്തമാക്കണം: മന്ത്രി ചന്ദ്രശേഖരന്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇന്ന് ശുചീകരണം
കാസര്‍കോട്: ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മുഴുവന്‍ സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മഴക്കാലപൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനു ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് ശുചിത്വസമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍, ആരോഗ്യപ്രവര്‍ത്തകര്‍, യൂത്ത് ക്ലബുകള്‍ എന്നിവരുടെ പങ്കാളിത്തം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പുവരുത്തണം.
ഡെങ്കി, മലമ്പനി പോലുളള പകര്‍ച്ചവ്യാധികള്‍ക്കെതിരേ മുന്‍കരുതല്‍ സ്വീകരിക്കണം. ജില്ലയിലെ കൃഷിത്തോട്ടങ്ങളിലും മലയോര പ്രദേശങ്ങളിലും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും ആവശ്യമായ മരുന്നു ലഭ്യമാക്കും. മരുന്നുക്ഷാമം ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഇന്ന് എല്ലാ പഞ്ചായത്തുകളിലും ശുചീകരണം നടക്കണം. അതിനു സാധിക്കാതെ വരുന്ന സ്ഥാപനങ്ങള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ശുചീകരണം നടത്തണം. ദേശീയാരോഗ്യ ദൗത്യം, സംസ്ഥാന ശുചിത്വമിഷന്‍ എന്നിവ 10,000 രൂപ വീതം വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ അഞ്ചു ലക്ഷം രൂപവരെ ശുചീകരണത്തിനു മാറ്റിവെക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കണം.
ജനസാന്ദ്രത കൂടുലുള്ള പ്രദേശങ്ങളിലും നഗരസഭകളിലും പ്രത്യേകം ശുചീകരണം നടത്തണമെന്നും മന്ത്രി പറഞ്ഞു. രോഗപ്രതിരോധത്തിനും ശുചീകരണത്തിനും കൊതുകു നശീകരണത്തിനും വ്യാപകമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, എ.ഡി.എം കെ. അംബുജാക്ഷന്‍, ഡി.എം.ഒ ഡോ. എ.പി ദിനേശ് കുമാര്‍, ഡി.എം.ഒ (ഐ.എസ്.എം) ഡോ. എ.വി സുരേഷ്, ഡി.എം.ഒ (ഹോമിയോ ഇന്‍ ചാര്‍ജ്) ഡോ. വി. സുലേഖ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."