മന്നന്‍പുറത്ത് കാവ് കലശമഹോത്സവം: ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും
നീലേശ്വരം: അത്യുത്തര കേരളത്തിലെ കളിയാട്ടക്കാലത്തിനു സമാപനം കുറിച്ചുകൊണ്ട് ജൂണ്‍ മൂന്നു മുതല്‍ അഞ്ചു വരെയായി നടക്കുന്ന നീലേശ്വരം മന്നന്‍ പുറത്ത് കാവ് കലശ മഹോത്സവത്തോടനുബന്ധിച്ചുള്ള കലശച്ചന്തയ്ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. ഉത്സവം തുടങ്ങുന്നതിനു മുമ്പ് കാവിലും പരിസര പ്രദേശത്തുമുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ദേവസ്വം അധികൃതര്‍ നീക്കം ചെയ്യും. കാവിനകത്തു കച്ചവടം നടത്തുന്ന സ്റ്റാളുകള്‍ക്കു മാലിന്യം ശേഖരിക്കുന്നതിനായി പ്രകൃതി സൗഹൃദ ബാഗുകള്‍ നല്‍കും.
അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന സ്റ്റാളുകള്‍ അടപ്പിക്കും.ഇതു സംബന്ധിച്ച ധാരണാപത്രം സ്റ്റാള്‍ ഉടമകള്‍ നഗരസഭാ സെക്രട്ടറിക്കു നല്‍കണം. കാവിനു പുറത്ത് കച്ചവടം നടത്തുന്നവര്‍ നഗരസഭ നല്‍കുന്ന ജൈവ ഗാബേജ് ബാഗുകളിലാണ് മാലിന്യം ശേഖരിക്കേണ്ടത്. ഇതു പാലിക്കാത്തവരുടെ താല്‍ക്കാലിക ലൈസന്‍സ് റദ്ദ് ചെയ്യും.
റെയില്‍വേ ലൈന്‍ പരിസരത്ത് കച്ചവടം നടത്തുന്നവരുടെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് ഉചിതമായ നടപടി സ്വീകരിക്കും.
റെയില്‍വേ മേല്‍പ്പാലത്തിനു താഴെ ഓട്ടോറിക്ഷാ പാര്‍ക്കിങിനുവദിച്ച സ്ഥലം പാര്‍ക്കിങിനു മാത്രമായി ഉപയോഗിക്കാനും ധാരണയായി. ഇതുമായി ബന്ധപ്പെട്ടു ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷനായി.
ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, കൗണ്‍സലര്‍മാരായ എറുവാട്ട് മോഹനന്‍, പി. കുഞ്ഞികൃഷ്ണന്‍, കെ.പി കരുണാകരന്‍, എ.വി സുരേന്ദ്രന്‍, പി.വി രാധാകൃഷ്ണന്‍ , കെ. പ്രകാശന്‍, എം.വി വനജ, നഗരസഭാ സെക്രട്ടറി കെ. അഭിലാഷ്, എച്ച്.ഐമാരായ കെ.യു അബ്ദുല്‍ കരീം, ഇ. സുബ്രഹ്മണ്യന്‍, എസ്.ഐ ഇ. പ്രഭാകരന്‍, ക്ഷേത്രം ഭാരവാഹികള്‍ സംബന്ധിച്ചു.
മൂന്നിന് അകത്തേ കലശമാണു നടക്കുക. പുറത്തേ കലശദിനമായ നാലിനു മുകയ സമുദായ ക്ഷേത്രങ്ങളില്‍ നിന്നു മീന്‍കോവ എത്തുന്നതോടെ ഭഗവതിയുടെ തിരുമുടി ഉയരും.
അഞ്ചിന് നടക്കുന്ന കലശച്ചന്തയോടെ കലശമഹോത്സവം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."