ലക്ഷദ്വീപിലൂടെ ഒരു സഞ്ചാരം
പഴയ ദ്വീപ് ശര്‍ക്കരയുടെ പ്രതാപം അലിഞ്ഞില്ലാതാവുകയാണെങ്കിലും ശര്‍ക്കര പോലെ മധുരമുള്ള മനസ് ദ്വീപ് നിവാസികള്‍ക്ക് ഇന്നും കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കൊച്ചിയില്‍നിന്നു ലക്ഷദ്വീപിലേയ്ക്കു പുറപ്പെട്ട കപ്പലില്‍ കയറിയത് മുതലുണ്ടായ കൗതുകകരമായ അനുഭവങ്ങള്‍.
ആറ് നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പല്‍. ആന്ത്രോത്തില്‍ കരയടുക്കുന്തോറും കടലിന്റെ സൗന്ദര്യം തെളിയുകയായിരുന്നു. ഡോള്‍ഫിനുകള്‍ ചാടിമറയുന്നു. നടുക്കടലില്‍ നങ്കൂരമിട്ട കപ്പലിലെ യാത്രക്കാരെ കരയിലേക്ക് എത്തിക്കാന്‍ ചെറിയ ബോട്ടുകളെത്തി. കടലോളങ്ങള്‍ക്കൊത്ത് ചാഞ്ചാടുന്ന ബോട്ടുകളില്‍ കയറിവേണം തീരമണയാന്‍.
കണ്ണുനീര്‍പോലെ തെളിഞ്ഞ കടല്‍വെള്ളം ചീറ്റിത്തെറിപ്പിച്ചാണ് ബോട്ടിന്റെ കുതിപ്പ്. താഴെ കൈയെത്തി പിടിക്കാവുന്ന അകലത്തില്‍ പവിഴപ്പുറ്റുകള്‍. അവയ്ക്ക് മഴവില്ലിന്റെ നിറ വൈവിധ്യം. 148 തരം വിവിധ പവിഴപ്പുറ്റുകള്‍ ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ലക്ഷദ്വീപില്‍ രാപാര്‍ക്കണമെങ്കില്‍ ഗള്‍ഫ് നാടുകളിലേതുപോലെ ദ്വീപ് നിവാസി സ്‌പോണ്‍സര്‍ ചെയ്യണം. ഞങ്ങളുടെ സ്‌പോണ്‍സര്‍ സയ്യിദ് ലിയാവുദ്ദീന്‍ കരയില്‍ ഞങ്ങളെയും പ്രതീക്ഷിച്ച് നില്‍പുണ്ടായിരുന്നു.
ലക്ഷദ്വീപ് എം.പി ഫൈസലിന്റെ അടുത്ത ബന്ധുവും ലക്ഷദ്വീപിലെ പ്രമുഖ പാര്‍ട്ടിയായ എന്‍.സി.പിയുടെ ജനപ്രതിനിധിയുമാണ് ലിയാവുദ്ദീന്‍. ഡാക്ക് ബംഗ്ലാവ് എന്നറിയപ്പെടുന്ന പഴമയുടെ പ്രൗഢിപേറുന്ന സര്‍ക്കാര്‍ അതിഥിമന്ദിരത്തിലായിരുന്നു താമസം. കടലിനോടു ചേര്‍ന്നുനില്‍ക്കുന്ന വിശാലമായ മുറിക്ക് വാടക വെറും മുന്നൂറ് രൂപ.
മലബാറില്‍നിന്നു മക്കത്തേയ്ക്കു പുറപ്പെട്ട ചേരമാന്‍ പെരുമാളിനെക്കുറിച്ച് മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും യാതൊരു വിവരവും കിട്ടിയില്ലെന്നും അന്വേഷിച്ച് പുറപ്പെട്ടവര്‍ കപ്പല്‍ തകര്‍ന്ന് ലക്ഷദ്വീപില്‍ എത്തിപ്പെട്ടെന്നുമാണ് അനുമാനിക്കുന്നത്. തിരിച്ചുപോരാന്‍ കഴിയാതെ ദ്വീപില്‍ കുടുങ്ങിയ ഈ കപ്പല്‍ യാത്രികരുടെ പിന്മുറക്കാരാണ് തങ്ങളെന്നാണ് ദ്വീപുകാര്‍ വിശ്വസിക്കുന്നത്. ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ പൗത്രന്‍ സയ്യിദ് ഉബൈദുല്ല തങ്ങളാണ് ലക്ഷദ്വീപില്‍ ഇസ്‌ലാം മതം കൊണ്ടുവന്നതെന്നു ലഭ്യമായ ചില രേഖകളില്‍ കാണുന്നു.
നാടുവാഴിയുടെ തന്നെ വീട്ടില്‍ താമസിച്ചതിനാല്‍ അദ്ദേഹത്തിന്റെ തറവാട്ടുപേരായ പാട്ടക്കല്ല് എന്ന പേരിലായിരുന്നു ഉബൈദുല്ല തങ്ങളുടെ കുടുംബം അറിയപ്പെട്ടത്. ഈ പരമ്പരയിലെ ഇപ്പോഴത്തെ താവഴിക്കാരനാണ് എന്റെ സ്‌പോണ്‍സര്‍ സയ്യിദ് ലിയാവുദ്ദീന്‍. ഉബൈദുല്ല തങ്ങളുടെ മഖ്ബറ സ്ഥിതിചെയ്യുന്ന മുമ്പ്മുലാക്കല്‍ പള്ളിയിലേയ്ക്കു അദ്ദേഹം കൊണ്ടുപോയി. അവിടെ ഈ പള്ളിയുടെ മുതവല്ലികൂടിയായ തങ്ങള്‍ കോയ തങ്ങള്‍ കാത്തുനിന്നിരുന്നു.
കോയ, മാലി, മേലാച്ചേരി എന്നീ മൂന്നു വിഭാഗങ്ങളിലായി ദ്വീപുകാരെ പഴയ കാലത്ത് തരംതിരിച്ചിരുന്നു. മീന്‍പിടിത്തം ജന്മാവകാശമായി ഓരോ ദ്വീപുകാരനും കരുതുന്നു. മീന്‍പിടുത്തത്തിനു നിരവധി രീതികളുണ്ട് ദ്വീപുകാര്‍ക്ക്. നമ്മുടെ നാട്ടില്‍ നെല്‍പാടങ്ങളില്‍ രാത്രികളില്‍ ടോര്‍ച്ചിന്റെ വെളിച്ചെത്തില്‍ മീന്‍വെട്ടുന്നതുപോലെ കടലില്‍ മുട്ടറ്റം വെള്ളത്തില്‍ ഇറങ്ങി ഈ പ്രയോഗം നടത്തുന്നവരെ കാണാം. പ്രത്യേകതരം സ്റ്റെന്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുകയാണ് മറ്റൊരു രീതി. തിരമാലകളില്‍ പ്രത്യേകതരം വലകൊണ്ട് കോരിപ്പിടിക്കുന്നതും കാണാന്‍കഴിഞ്ഞു.
ദ്വീപുകാരുടെ ഇഷ്ടഭക്ഷണമാണ് നീരാളി. ഇവയ്ക്കു മാര്‍ക്കറ്റില്‍ അഞ്ഞൂറും അറുനൂറുമൊക്കെ എണ്ണി കൊടുക്കണം. നീരാളിയെ വെയിലത്തിട്ട് ഉണക്കിയും കഴിക്കാറുണ്ട്. ദ്വീപുകാരുടെ ഇഷ്ടമത്സ്യം സൂത(ചൂര)യാണ്.
ദ്വീപ് മാസ് കാലങ്ങള്‍ക്ക് മുന്‍പേ പ്രശസ്തമാണല്ലോ. തെങ്ങില്‍ നിന്നെടുക്കുന്ന നമ്മുടെ നീര അവര്‍ക്കു മീരയാണ്. രുചിയിലും വ്യത്യാസമുണ്ട്. ദഹന പ്രശ്‌നങ്ങള്‍ക്കും വയര്‍ ശുദ്ധിയാവാനും ഒരു ഗ്ലാസ് മീര ധാരാളം. ഇളംകരിക്കു ചിരണ്ടിയെടുത്ത് ഉരുളിയിലിട്ടു ദ്വീപ് ശര്‍ക്കരയും ഏലത്തരിയും ഉള്‍പ്പെടെയുള്ളവ ചേര്‍ത്ത് ഗോട്ടിയുടെ വലിപ്പത്തില്‍ ഉരുട്ടി ഓലയില്‍ പൊതിഞ്ഞുണ്ടാക്കി വില്‍ക്കുന്ന നൊണ്ടി ഹലവു എന്നറിയപ്പെടുന്ന ദ്വീപ് ഉണ്ടയുടെ രുചി പറഞ്ഞറിയിക്കാനാവില്ല.
വലിയ അധ്വാനമുള്ളതിനാലും ഉണ്ട നിര്‍മിക്കാന്‍ അറിയുന്നവര്‍ കുറഞ്ഞുവരുന്നതും ദ്വീപിലും ഇപ്പോഴിത് സുലഭമല്ലാത്ത സ്ഥിതിയായിരിക്കുന്നു. കോഴിമുട്ട കൊണ്ടുണ്ടാക്കുന്ന ബട്‌ല അപ്പമാണ് മറ്റൊരു ദ്വീപ് വിഭവം. ആവിയില്‍ വേവിക്കുന്ന വിവിധ പലഹാരങ്ങള്‍ പാടിമരത്തിന്റെ ഇലയിലാണ് വാട്ടിയെടുക്കുക.
കവരത്തി ദ്വീപിലെ ഹുജ്‌റാപള്ളി ഒരു പ്രമുഖ തീര്‍ഥാടനകേന്ദ്രം കൂടിയാണ്. കല്‍പേനി ദ്വീപില്‍ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്ന പ്രമുഖ സാമൂഹികപ്രവര്‍ത്തകന്‍ കൂടിയായ എം.കെ അന്‍വര്‍ ഹുസൈനൊപ്പമാണ് അവിടെ പോയത്. മുഹമ്മദ് കാസിം വലിയുല്ലാഹി എന്നവരുടെ മഖ്ബറയാണത്. അതിമനോഹരമായ കൊത്തുപണികളുള്ള തൂണുകളിലാണ് മഖ്ബറയുടെ നിര്‍മാണം. ഇവിടുത്തെ കുളത്തിലെ വെള്ളം കുടിച്ചാല്‍ സുഖപ്രസവമുണ്ടാവുമെന്നാണ് വിശ്വാസം.
നൂറ്റാണ്ടുകളുടെ പഴമപേറുന്ന ധാരാളം പള്ളികള്‍ ദ്വീപില്‍ കാണാന്‍ കഴിയും. പള്ളികളുടെ മുന്‍വശത്ത് വിലകൂടിയ മൊബൈലുകള്‍ ഉള്‍പ്പെടെയുള്ളവ കൂട്ടിവച്ചിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. ജമാഅത്ത് നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നവരുടേതാണ് അവ. ഒരെണ്ണംപോലും മാറിയെടുത്തെന്ന പരാതിപോലും ഇവിടെ കേള്‍ക്കില്ല.
ഓട്ടോറിക്ഷാ യാത്ര ദ്വീപില്‍ ചെലവേറിയതാണ്. കേരളത്തില്‍ പെട്രോളിനു ലിറ്ററിനു 77 രൂപയുള്ളപ്പോള്‍ ദ്വീപിലെ പെട്രോള്‍ വില 95 രൂപ..! ഒരൊറ്റ പെട്രോള്‍ പമ്പും ഒരു ദ്വീപിലുമില്ല. വര്‍ഷകാലങ്ങളില്‍ 200 രൂപവരെയായി വില ഉയരും. കരയില്‍നിന്നു ബാരലുകള്‍ വഴിയാണ് ദ്വീപില്‍ പെട്രോള്‍ എത്തിക്കുന്നത്. മണ്‍സൂണ്‍ കാലത്ത് പെട്രോള്‍ ക്ഷാമം അതിരൂക്ഷമാവും. ഒരു പീടികക്കു മുന്‍വശം 'പെട്രോള്‍ കടം ചോദിക്കരുത്' എന്നെഴുതിയ ബോര്‍ഡ് എന്നില്‍ സൃഷ്ടിച്ച കൗതുകം പറഞ്ഞറിയിക്കാവുന്നതല്ല.
കേന്ദ്ര ഭരണ പ്രദേശമായതിനാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ഭരണച്ചുമതല. ദ്വീപുകാര്‍ ഇപ്പോഴും സ്‌നേഹബഹുമാനങ്ങളോടെ ഓര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണ് മലയാളിയായ മൂര്‍ക്കോത്ത് രാവുണ്ണി.
ദ്വീപ് നിവാസികള്‍ അല്ലാത്തവര്‍ ഭൂമി സ്വന്തമാക്കുന്നത് തടയാന്‍ നിയമമുണ്ടാക്കാന്‍ ചുക്കാന്‍പിടിച്ചത് മൂര്‍ക്കോത്ത് രാവുണ്ണിയായിരുന്നു. ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ കശ്മിര്‍ സ്വദേശിയായ ഫാറൂഖ് ഖാനാണ്.
ദ്വീപിലെ പ്രധാന വാഹനങ്ങള്‍ മോട്ടോര്‍ ബൈക്കുകളും സൈക്കിളുകളുമാണ്. ലക്ഷദ്വീപ് സമൂഹങ്ങളില്‍ 36 ദ്വീപുകളുണ്ടെങ്കിലും കേരളക്കരയിലെ ഒരു പഞ്ചായത്തിന്റെ പോലും വിസ്തൃതിയില്ലാത്ത 10 ദ്വീപുകളിലെ ജനവാസമുള്ളൂ. എല്ലാറ്റിലും കൂടി മൊത്തം ജനസംഖ്യ അറുപതിനായിരത്തിനടുത്താണ്.
എം.എല്‍.എമാരും മന്ത്രിമാരുമൊന്നും ഇവിടെയില്ല. പ്രസിഡന്റ് കം ചീഫ് കൗണ്‍സിലറാണ് അധികാരി. കാര്യമായ അധികാരമൊന്നും ഇല്ലെങ്കിലും നമ്മുടെ മുഖ്യമന്ത്രിക്കു സമമെന്നു പേരിനുപറയാം. കുഞ്ഞിക്കോയ തങ്ങളാണ് ഇപ്പോള്‍ ഈ സ്ഥാനത്തുള്ളത്.
കടല്‍ ഒളിച്ചുവച്ച മായാക്കാഴ്ചള്‍ കൊതിതീരെ കാണാന്‍ കവരത്തി ദ്വീപാണ് കൂടുതല്‍ നല്ലത്. കണ്ണാടിബോട്ടുകളിലൂടെയുള്ള ഇവിടത്തെ യാത്ര ആരും മറക്കില്ല. സ്‌കൂബാ ഡൈവിങും കടലിലെ മോട്ടോര്‍സൈക്കിള്‍ റൈഡും ഉള്‍പ്പെടെയുള്ള വിനോദങ്ങളുടെ പട്ടികക്ക് ഏറെ നീളമുണ്ട്.
നായയും പാമ്പും ഇന്നുവരെ ഈ ദ്വീപുകളുടെ കരപറ്റിയിട്ടില്ല. ചിതലുകളില്ലാത്തതിനാലാവാം പഴയ മരഉരുപ്പടികളെല്ലാം തിളങ്ങുന്നത്. ഏറെക്കാലമായി കാക്കകളും ദ്വീപുകാര്‍ക്ക് അന്യമായിരുന്നു. ഈയിടെയായി കുറച്ച് കാക്കകള്‍ ഇവിടെ പറന്നെത്തിയിട്ടുണ്ടെന്ന് ദ്വീപുകാരില്‍ ചിലര്‍ വ്യക്തമാക്കി.
ദ്വീപുകാരുടെ മുഖ്യപ്രശ്‌നം യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. ഇപ്പോഴുള്ള കപ്പലുകള്‍ തന്നെ ശാസ്ത്രീയമായല്ല ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന പരാതിയും വ്യാപകമാണ്. ദ്വീപില്‍ നന്മ നിലനില്‍ക്കുന്ന കാലത്തോളം അരുതാത്തതൊന്നും സംഭവിക്കില്ലെന്നാണ് ഇവരുടെ പരമ്പരാഗത വിശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."