അക്രമ രാഷ്ട്രീയം തുടരാനനുവദിക്കരുത് ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: സംസ്ഥാനത്ത് അനുദിനം തുടരുന്ന രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും തുടരാനനുവദിക്കരുതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഇടതുമുന്നണി പ്രവര്‍ത്തകന്‍ അബ്ദുര്‍റഹ്മാന്‍ ഔഫ് കൊല്ലപ്പെട്ടത് നിര്‍ഭാഗ്യകരവും ഖേദകരവുമാണ്.
നിസ്സാരമായ വാക്കുതര്‍ക്കങ്ങളും ചെറിയ സംഘര്‍ഷങ്ങളും വലിയ അക്രമത്തിലേക്ക് എത്തുന്നതും കൊലപാതകത്തില്‍ കലാശിക്കുന്നതും മാനവിക ബോധവും രാഷ്ട്രീയ പക്വതയും ഇല്ലാത്ത കാരണത്താലാണ്.എന്തിന്റെ പേരിലായാലും കേരളത്തില്‍ വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും തുടരുന്ന ഇത്തരം കൊലപാതകങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. പുരോഗമനവാദികളെന്നും ജനാധിപത്യവാദികളെന്നും പുറമെ വാദിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ തന്നെയാണ് പലപ്പോഴും ഹിംസയുടെ രാഷ്ട്രീയത്തെ ആയുധമാക്കുന്നത്.
ആക്രമണങ്ങളിലെ കുറ്റവാളികള്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയും പോലീസിന്റെ രാഷ്ട്രീയ വിധേയത്വവുമാണ് കൊലപാതകങ്ങള്‍ക്ക് വളമായിത്തീരുന്നത്.
അന്യായമായി ഒരാളെയും അക്രമിക്കുകയോ വധിക്കുകയോ ചെയ്യില്ലെന്നും നിയമം കയ്യിലെടുക്കില്ലെന്നതും സാമൂഹ്യ പ്രവര്‍ത്തനത്തിലെ മൂല്യമായി അംഗീകരിക്കാനും മറ്റുള്ളവന്റെ അഭിപ്രായത്തെയും നിലപാടിനെയും മാനിക്കാനുള്ള ജനാധിപത്യമര്യാദ പാലിക്കാനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ തയ്യാറാവണം.
കാഞ്ഞങ്ങാട് സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."