ആദായകരമല്ലാത്ത വിദ്യാലയങ്ങളിലെ നിയമനം; ആശയക്കുഴപ്പം നീങ്ങി
ചെറുവത്തൂര്‍: ആദായകരമല്ലാത്ത വിദ്യാലയങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് നിലനിന്ന ആശയക്കുഴപ്പം നീങ്ങി. ആദ്യമിറക്കിയ സര്‍ക്കുലറുകളിലെ തെറ്റുതിരുത്തി വിദ്യാഭ്യാസവകുപ്പ് പുതിയത് പുറത്തിറക്കി.
ഒരു ക്ലാസില്‍ 15 കുട്ടികളുണ്ടെങ്കില്‍ മുഴുവന്‍വേതനവും ലഭിക്കുന്ന തരത്തില്‍ നിയമനങ്ങള്‍ അംഗീകരിക്കാമെന്നാണ് ആദ്യത്തെ സര്‍ക്കുലറിലുണ്ടായിരുന്നത്. ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം അംഗീകരിക്കാം എന്നതിനുപകരം മുഴുവന്‍ വേതനവും നല്‍കാമെന്നു തെറ്റായി ടൈപ്പ് ചെയ്യുകയായിരുന്നു. ഈ സര്‍ക്കുലര്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
തെറ്റു മനസിലാക്കിയ വിദ്യാഭ്യാസവകുപ്പ് മെയ് മൂന്നിന് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതില്‍ ആദ്യസര്‍ക്കുലറില്‍ തെറ്റുപറ്റിയെന്നോ അത് തിരുത്തിയുള്ള സര്‍ക്കുലറാണ് ഇതെന്നോ വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ ഒരേ വിഷയത്തില്‍ വിദ്യാഭ്യാസ ഓഫിസുകളില്‍നിന്ന് രണ്ടുതരത്തിലുള്ള തീരുമാനംവന്നു.
ചില ഓഫിസുകള്‍ 15 കുട്ടികളുടെ കണക്കുവച്ച് മുഴുവന്‍വേതനവും ലഭിക്കുന്ന തരത്തില്‍ അംഗീകാരംനല്‍കാന്‍ തീരുമാനമെടുത്തപ്പോള്‍, രണ്ടാമത്തെ സര്‍ക്കുലര്‍ കിട്ടിയവര്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനടപടികള്‍ മുന്നോട്ടുനീക്കിയത്. ഇതു പലയിടങ്ങളിലും അധ്യാപകരും വിദ്യാഭ്യാസ ഓഫിസ് ജീവനക്കാരും തമ്മിലുള്ള വാക്ക്തര്‍ക്കത്തിന് ഇടയാക്കി.
പ്രശ്‌നം സങ്കീര്‍ണമായപ്പോഴാണ് മൂന്നാമതൊരു സര്‍ക്കുലര്‍കൂടി പുറത്തിറക്കിയത്. അനാദായകരമായ വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ക്ക് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ദിവസവേതനാടിസ്ഥാനത്തില്‍ മാത്രമേ അംഗീകാരം നല്‍കാവൂവെന്നാണ് പുതിയ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."