കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയാല്‍ ബദല്‍ സമര ഭീഷണിയുമായി കാത്തലിക് ഫെഡറേഷന്‍
കോട്ടയം: സേവ് ഔര്‍ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ സഭക്കെതിരേ രണ്ടാംഘട്ട സമരത്തിനിറങ്ങിയാല്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ അനധികൃത താമസത്തിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന ഭീഷണിയുമായി കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യാ രംഗത്ത്.
മിഷനറീസ് ഓഫ് ജീസസ് അധികൃതരുടെ അനുമതിയോ സമ്മതമോ ഇല്ലാതെയാണ് സഭാവിരുദ്ധരായ കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ കഴിയുന്നത്. അവര്‍ അവിടെ നിന്നു മാറണമെന്നും മഠം അടിയന്തരമായി അടച്ചുപൂട്ടണമെന്നും ഈ ആവശ്യവുമായി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കാത്തലിക് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സമരം നടത്തുന്ന കന്യാസ്ത്രീകള്‍ സഭാവിരുദ്ധരുടെയും ചില തീവ്രവാദ സംഘടനകളുടെയും കളിപ്പാവകളാണെന്ന് തെളിഞ്ഞതായി കാത്തലിക് ഫെഡറേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
ബിഷപ്പിനെ അറസ്റ്റ് ചെയ്ത ശേഷവും കന്യാസ്ത്രീകള്‍ സമരവുമായി വരുന്നത് സഭയെ സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ മാത്രമാണ്. തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കുവാന്‍ പറഞ്ഞ യേശുക്രിസ്തുവിന്റെ വാക്കുകളെ കന്യാസ്ത്രീകള്‍ തിരസ്‌കരിക്കുകയാണ്. തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ടവരെ പോലും സന്ദര്‍ശിക്കുകയും അവര്‍ക്ക് സാന്ത്വനം പകരുകയും ചെയ്യുന്ന ക്രൈസ്തവ പാരമ്പര്യത്തെ തിരസ്‌കരിക്കുന്ന കന്യാസ്ത്രീകളുടെ നിലപാടിനെ എന്ത് വിലകൊടുത്തും നേരിടും.
പീഡനത്തിനിരയായ കന്യാസ്ത്രീയെക്കുറിച്ച് പി.സി ജോര്‍ജ് എം.എല്‍.എ നടത്തിയ പരാമര്‍ശത്തോട് പൂര്‍ണമായും എതിര്‍പ്പാണ്. ഒരു സ്ത്രീക്കെതിരേയും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനോട് യോജിപ്പില്ല. ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ തുടരുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് ഈ മാസം 12ന് കോട്ടയത്ത് സായാഹ്ന ധര്‍ണ സംഘടിപ്പിക്കുമെന്നും കാത്തലിക് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. പി.പി ജോസഫ്, മറ്റ് ഭാരവാഹികളായ ഹെന്റി ജോണ്‍, ജിജി പോരകശ്ശേരി, തോമസ് ജെ നിധീരി, ഔസേപ്പച്ചന്‍ ചെറുകാട്, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."