മുല്ലപ്പെരിയാര്‍ ജലമെടുത്ത് തമിഴ്‌നാട് വൈദ്യുതോല്‍പാദനം പുനരാരംഭിച്ചു
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നുള്ള ജലം ഉപയോഗിച്ച് തമിഴ്‌നാട് വൈദ്യുതോല്‍പാദനം പുനരാരംഭിച്ചു. അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ലോവര്‍ ക്യാംപ് പെരിയാര്‍ പവര്‍ സ്റ്റേഷനില്‍ വൈദ്യുതോല്‍പാദനം മാര്‍ച്ച് അഞ്ചിന് തമിഴ്‌നാട് നിര്‍ത്തിവച്ചിരുന്നു. ജലനിരപ്പില്‍ വര്‍ധന രേഖപ്പെടുത്തിയതോടെയാണ് പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.
ആദ്യഘട്ടമായി നാലു ജനറേറ്ററുകളില്‍ ഒരു ജനറേറ്ററാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അതില്‍നിന്ന് ശരാശരി 27 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇന്നലെ രാവിലെ ആറിന് അണക്കെട്ടിലെ ജലനിരപ്പ് 114.75 അടിയാണ്.സെക്കന്‍ഡില്‍ 205 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുമ്പോള്‍ 300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
തേക്കടി ഷട്ടര്‍ ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്ന് ടണല്‍ വഴി ഫോര്‍ബേ അണക്കെട്ടില്‍ എത്തിക്കുന്ന വെള്ളം അവിടെനിന്ന് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെ തിരിച്ചുവിട്ടാണ് വൈദ്യുതി ഉല്‍പാദനത്തിനായി ലോവര്‍ ക്യാംപ് പവര്‍ സ്റ്റേഷനില്‍ എത്തിക്കുന്നത്. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് 1959 ലാണ് ലോവര്‍ ക്യാംപില്‍ തമിഴ്‌നാട് വൈദ്യുതനിലയം സ്ഥാപിച്ചത്. 35 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകള്‍ ഉപയോഗിച്ച് 140 മെഗാവാട്ട് വൈദ്യുതിയാണ് പരമാവധി ഉല്‍പാദിപ്പിക്കാവുന്നത്.
മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് പ്രതിവര്‍ഷം ശരാശരി 400 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലോവര്‍ ക്യാംപ് പവര്‍ഹൗസില്‍നിന്ന് തമിഴ്‌നാട് ഉല്‍പാദിപ്പിക്കുന്നത്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള കരാറിന് വിരുദ്ധമായാണ് ആദ്യം വൈദ്യുതി ഉല്‍പാദനം തമിഴ്‌നാട് തുടങ്ങിയത്. എന്നാല്‍ 1970 മെയ് 29ന് കേരളവുമായി ഉണ്ടാക്കിയ അനുബന്ധ കരാറിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അനുമതി തമിഴ്‌നാട് നേടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."