അമ്പലവയല്‍ മര്‍ദനം: പ്രതി സജീവാനന്ദന്‍ റിമാന്‍ഡില്‍
അമ്പലവയല്‍: അമ്പലവയല്‍ മര്‍ദന കേസിലെ മുഖ്യപ്രതി ടിപ്പര്‍ ഡ്രൈവര്‍ പായിക്കൊല്ലി സ്വദേശി സജീവാനന്ദനെ (39) റിമാന്‍ഡ് ചെയ്തു. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തത്. അമ്പലവയല്‍ ടൗണില്‍ വച്ച് കോയമ്പത്തൂര്‍ സ്വദേശികളായ യുവതിയെയും യുവാവിനെയും മര്‍ദിച്ച സംഭവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രധാന പ്രതിയായ സജീവാനന്ദനെ തിങ്കളാഴ്ച വൈകിട്ടോടെയാണ് കര്‍ണ്ണാടകയിലെ മധൂറില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മര്‍ദന സംഭവം വിവാദമായതിന് പിറകെ കര്‍ണാടകയിലേക്ക് കടന്ന സജീവാനന്ദന്‍ മധൂറിലെ മലയാളികളുടെ കൃഷിയിടത്തില്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടരുന്നതിനിടെയാണ് പ്രതി പൊലിസ് പിടിയിലായത്.
ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ലോഡ്ജില്‍ താമസിക്കുമ്പോള്‍ സജീവാനന്ദനും ലോഡ്ജ് നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി വിജയകുമാറും ഉള്‍പ്പെടെ മൂന്ന് പേര്‍ ഇവരുടെ മുറിയിലേക്ക് അതിക്രമച്ച് കയറുകയും അപമര്യാദയായി പെറുമാറുകയും ചെയ്തിരുന്നു. ബഹളമായതോടെ ലോഡ്ജ് ജീവനക്കാര്‍ യുവതിയേയും യുവാവിനേയും ഇറക്കിവിടുകയുമായിരുന്നു. ഇവരെ പിന്തുടര്‍ന്ന് കവലയില്‍ വച്ച് സജീവാനന്ദന്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ഇരയായ യുവതി നല്‍കിയിട്ടുള്ള മൊഴി.
ജൂലൈ 21ന് ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് സജീവാനന്ദന്‍ യുവതിയേയും യുവാവിനേയും ക്രൂരമായി മര്‍ദിച്ചത്. പൊലിസ് സ്‌റ്റേഷന് സമീപത്ത് വച്ച് നടന്ന സംഭവത്തില്‍ പരാതിയില്ലെന്നതിനെ തുടര്‍ന്ന് ഇരകളേയും പ്രതിയേയും അന്ന് പൊലിസ് വിട്ടയച്ചിരുന്നു. എന്നാല്‍ മര്‍ദന ദൃശ്യങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരികയായിരുന്നു. ഇതോടെ പ്രതിഷേധങ്ങളും ഉടലെടുത്തു. ആദ്യഘട്ടത്തില്‍ കേസെടുക്കാതിരുന്ന പൊലിസ് സി.പി.എം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ സംഭവം വിവാദമായതോടെ പായിക്കൊല്ലി സ്വദേശിയായ സജീവാനന്ദന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ എസ്.ഐ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ സംഘം കോയമ്പത്തൂരിലെത്തി യുവതിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി.
മൊഴിയുടെ അടിസ്ഥാനത്തില്‍ സജീവാനന്ദനെതിരേ ബലാത്സംഗ കുറ്റം ചുമത്തുകയും ലോഡ്ജ് നടത്തിപ്പുകാരന്‍ വിജയകുമാര്‍, പ്രദേശവാസിയായ റോയ് ജേക്കബ് എന്നിവരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ വിജയകുമാറിനെ കഴിഞ്ഞ 31ന് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം റോയ് ജേക്കബിനെ പിടികൂടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."