കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് സര്‍വിസുകള്‍ താളംതെറ്റി; ജില്ലയില്‍ യാത്രാ പ്രതിസന്ധി രൂക്ഷം
മലപ്പുറം: വിവിധ കാരണങ്ങളാല്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി- സ്വകാര്യ ബസ് സര്‍വിസുകള്‍ താളം തെറ്റിയതോടെ പൊതുഗതാഗത സംവിധാനം ദുരിതപൂര്‍ണമായി. കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകള്‍ തോന്നിയപോലെ സര്‍വിസ് നടത്തുകയും പെട്രോള്‍ -ഡീസല്‍ വിലവര്‍ധനവു മൂലം സ്വകാര്യ ബസ് സര്‍വിസുകള്‍ പലതും നിര്‍ത്തലാക്കുകയും ചെയ്തിരിക്കുകയാണ്. രോഗികള്‍, ഉദ്യോഗസ്ഥര്‍ , വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ തരം യാത്രക്കാര്‍ ഇതുമൂലം രൂക്ഷമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഇതിനുപുറമെയാണ് റോഡുകളുടെ തകര്‍ച്ചമൂലമുള്ള പ്രതിസന്ധികള്‍. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും റോഡുകള്‍ ഒരുപോലെ തകര്‍ന്ന സ്ഥിതിയാണ്.
ജില്ലയിലെ പ്രധാന റൂട്ടായ കോഴിക്കോട് -പാലക്കാട് റൂട്ടിലാണ് പലയിടങ്ങളിലും റോഡുകള്‍ വലിയ രീതിയില്‍ തകര്‍ന്നിരിക്കുന്നത്. ഇതുവഴി ബസുകള്‍ മണിക്കൂറുകളോളം വൈകിയാണ് സര്‍വിസ് നടത്തുന്നത്.റോഡുകള്‍ വലിയ രീതിയില്‍ തകര്‍ന്നതാണ് സമയക്രമം പാലിക്കാന്‍ കഴിയാത്തതിന് പ്രധാന കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കോഴിക്കോട് -പാലക്കാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രിയിക്കുന്നവരാണ് കൂടുതല്‍ പേരും. സര്‍വിസുകള്‍ വൈകുന്നതിനെ പുറമെ ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതും യാത്രക്കാര്‍ക്ക് ഇരുട്ടടിയായി.
റോഡുകളുടെ ശോച്യാവസ്ഥകാരണം സമയക്രമം പാലിക്കാന്‍ കഴിയാതെ വന്നതോടെ സമയത്തിനു സര്‍വിസ് അവസാനിപ്പിക്കാന്‍ സാധിക്കുന്നില്ലന്ന അക്ഷേപവും ശക്തമാണ്. കെ.എസ്.ആര്‍.ടി.സിയില്‍ ഒരു ഡ്യൂട്ടിക്കിടയില്‍ ഏട്ട് മണിക്കൂറ് കൊണ്ട് ഒരു സര്‍വിസ് പൂര്‍ത്തിയാക്കണം. എന്നാല്‍, ഈ സമയത്തിനിടക്ക് സര്‍വിസ് പൂര്‍ത്തിയാക്കാന്‍ കഴിയാറില്ല. 3.40 മണിക്കൂര്‍ സമയമാണ് കോഴിക്കോട് പാലക്കാട് റൂട്ടില്‍ നിശ്ചയിച്ചിരുന്നത്. നിരത്തിലെ പലവിധ കാരണങ്ങളാല്‍ സര്‍വിസ് പൂര്‍ത്തിയാക്കാന്‍ അഞ്ചു മണിക്കൂര്‍ വരെ സമയമെടുക്കുന്നു. സ്റ്റോപ്പുകളുടെ വര്‍ധനവും സമയത്തിന് നിശ്ചിത സ്ഥലത്തെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ജീവനക്കാര്‍ പറയുന്നു. പാലക്കാട്-കോഴിക്കോട് റൂട്ടില്‍ ടി.ടി ബസുകള്‍ക്ക് മൂന്നേമുക്കാല്‍ മണിക്കൂര്‍ നിജപ്പെടുത്തിയപ്പോള്‍ ഈ റൂട്ടില്‍ 16 സ്റ്റോപ്പുകളാണുണ്ടായിരുന്നത്. അതേസമയം ഇപ്പോഴത് 61 സ്റ്റോപ്പുകളായി വര്‍ധിച്ചിട്ടുണ്ട്. സ്ഥിരം യാത്രക്കാര്‍ പോലും കെ.എസ്.ആര്‍.ടി.സിയെ കൈവിടുന്ന അവസ്ഥയാണിപ്പോള്‍.
അതേസമയം സ്വകാര്യ ബസുകളുടെ സ്ഥിതിയും മറിച്ചല്ല. യാത്രക്കാര്‍ക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കാനും നിര്‍വാഹമില്ലാത്ത സ്ഥിതിവിഷേശമാണുണ്ടായിരിക്കുന്നത്. 850 സ്വകാര്യ ബസുകളാണ് ജില്ലയില്‍ സര്‍വിസ് നടത്തിയിരുന്നത്. ഇതില്‍ 90 ബസുകളും ജി ഫോം നല്‍കി സര്‍വിസ് നിര്‍ത്തലാക്കിയിരിക്കുന്നു. പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചതാണ് പ്രധാന കാരണം. റോഡുകള്‍ തകര്‍ന്നടിഞ്ഞതുകാരണം അറ്റകുറ്റപ്പണികള്‍ക്കായി ഭീമമായ തുകയാണ് ചെലവിടേണ്ടി വരുന്നതെന്നും ബസ് ഉടമകള്‍ പറയുന്നു . ഇത്തരം കാരണങ്ങളാലാണ് സ്വകാര്യ ബസുകളും നിരത്തിനോട് വിടപറഞ്ഞിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."