ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ സജീവമാക്കി നര്‍സിങ്
ന്യൂഡല്‍ഹി: ഉത്തേജക വിവാദത്തില്‍പ്പെട്ട് റിയോ ഒളിംപിക്‌സ് നഷ്ടമാവുമെന്ന് ഉറപ്പിച്ചിരുന്ന ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവ് തിരിച്ചെത്തുന്നു. ഇന്ത്യയുടെ മെഡല്‍ സാധ്യതകളില്‍ മുന്നില്‍ നിന്ന താരമാണ് നര്‍സിങ്. ദിവസങ്ങള്‍ക്കു മുന്‍പ് നര്‍സിങ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട വിവരം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയ്ക്കും ഇളക്കം തട്ടി.
റിയോയില്‍ 74 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിക്കാനിരുന്ന നര്‍സിങിനു ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് റിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നര്‍സിങ് യാദവിന് പങ്കെടുക്കമെന്ന സാധ്യത വീണ്ടും തെളിഞ്ഞിരിക്കുന്നത്. നര്‍സിങിന്റെ തിരിച്ചുവരവ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളും സജീവമാക്കി. താരത്തെ മനഃപ്പൂര്‍വം കുടുക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിയതായി ഇതോടെ വ്യക്തമായി. മറ്റൊരു മത്സരാര്‍ഥി നര്‍സിങിനെ റിയോ ഒളിംപിക്‌സില്‍ നിന്നു തടയാന്‍ നടത്തിയ അട്ടിമറിയായിരുന്നു ഉത്തേജക വിവാദമെന്ന് നാഡ പാനല്‍ പറഞ്ഞു.
തനിക്കെതിരേയുള്ള നീക്കങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും തന്റെ ഭക്ഷണത്തില്‍ മരുന്ന് ചേര്‍ത്തിട്ടുണ്ടെന്നും നര്‍സിങ് നേരത്തെ തന്നെ വാദിച്ചിരുന്നു. ഈ വാദം നാഡ ശരിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പിലില്‍ വെങ്കലം നേടിയ താരമാണ് നര്‍സിങ്.
അതേസമയം താരത്തിന് അനുകൂല നടപടി ഉണ്ടാവില്ലെന്നായിരുന്നു നാഡ നേരത്തെ സൂചിപ്പിച്ചിരുന്നത്. അന്തിമ വിധി അറിയാനായി നര്‍സിങും അദ്ദേഹത്തിന്റെ അഭിഭാഷകരും നാഡ കേന്ദ്രത്തിലെത്തിയിരുന്നു. നര്‍സിങ് സമര്‍പ്പിച്ച രേഖകള്‍ സൂക്ഷ്മതയോടെ വിലയിരുത്തുന്നത് കൊണ്ടാണ് അന്തിമ തീരുമാനം വൈകിയതെന്ന് നാഡയുടെ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാള്‍ അറിയിച്ചു.
രണ്ടു തവണ നടത്തിയ പരിശോധനയിലുംഉത്തേജകം ഉപയോഗിച്ചുവെന്നാണ് ഫലം തെളിഞ്ഞത്. ജൂണ്‍ 25നും ജൂലൈ അഞ്ചിനും നടത്തിയ പരിശോധനയുടെ ഫലങ്ങളായിരുന്നു പോസിറ്റീവായത്. ആദ്യ പരിശോധനയില്‍ സ്ഥിരീകരിച്ച നിരോധിത മരുന്നായ അനബോളിക് സ്റ്റെറോയിഡ് മെത്താഡിനോണിന്റെ സാന്നിധ്യം രണ്ടാം പരിശോധനയിലും താരത്തിന്റെ സാംപിളുകളില്‍ കണ്ടെത്തിയെന്ന് റെസ്‌ലിങ് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു. വെള്ളത്തില്‍ മരുന്ന് കലര്‍ത്തിയത് താനറിഞ്ഞില്ല എന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര താരമായതിനാല്‍ കഴിക്കുന്ന ഭക്ഷണത്തിലും വെള്ളത്തിലും ജാഗ്രത പുലര്‍ത്തേണ്ടത് നര്‍സിങ് തന്നെയാണെന്നും നേരത്തെ നാഡയും വാദിച്ചിരുന്നു.
റിയോയില്‍ നര്‍സിങിനു പകരം 74 കിലോ ഗുസ്തിയില്‍ പ്രവീണ്‍ റാണ മത്സരിപ്പിക്കാനായിരുന്നു റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. അമേരിക്കയില്‍ നടന്ന ഡേവ് ഷൂള്‍സ് മെമ്മോറിയല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ താരമായിരുന്നു പ്രവീണ്‍ .
രാജ്യാന്തര ഗുസ്തി താരത്തിന്റെ സഹോദരനും ജൂനിയര്‍ വിഭാഗം ഗുസ്തിയില്‍ ഇന്ത്യക്കു വേണ്ടി മത്സരിച്ച താരവുമാണ് ഗൂഢാലോചനക്കു പിന്നിലെന്ന് സൂചനയുണ്ടായിരുന്നു. സോനാപേട്ടിലുള്ള സായ് സെന്ററിലെ കാന്റീനില്‍ വച്ചാണ് ഇദ്ദേഹം ഭക്ഷണത്തില്‍ മരുന്നു കലര്‍ത്തിയതെന്നും ഇദ്ദേഹത്തെ കാന്റീന്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞെന്നും റിപ്പോര്‍ട്ടു വന്നിരുന്നു. എന്നാല്‍ ആരാണ് നര്‍സിങിനെ കുരുക്കിയതെന്ന് നാഡ പുറത്തുവിട്ടിട്ടില്ല.
നേരത്തെ നര്‍സിങ് യാദവിന്റെ ഒളിംപിക്‌സ് പങ്കാളിത്തമെന്ന പ്രതീക്ഷ ഏറെക്കുറേ അവസാനിച്ചതായി കായിക മന്ത്രി വിജയ് ഗോയല്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനു പരുക്കേറ്റതിനെ തുടര്‍ന്നു ട്രയല്‍സില്‍ പങ്കെടുക്കാന്‍ സാധിച്ചിക്കാതിരുന്നതോടെയാണ് സുശീല്‍ കുമാറിനു പകരം നര്‍സിങിനെ ഒളിംപിക്‌സ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. അവകാശവാദവുമായി സുശീല്‍ രംഗത്തെത്തിയതും നേരത്തെ വിവാദമായിരുന്നു. പിന്നീട് കോടതി നര്‍സിങിനാണ് യോഗ്യതയെന്നു വിധിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഉത്തേജക വിവാദമുണ്ടായത്.
സോനാപേട്ടിലെ സായി സെന്ററില്‍ നര്‍സിങിനൊപ്പം താമസിക്കുന്ന സഹ താരം സന്ദീപ് യാദവും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. 66 കിലോ റോമന്‍ ഗുസ്തി വിഭാഗത്തില്‍ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമായിരുന്നു സന്ദീപ്. എന്നാല്‍ റിയോയില്‍ പങ്കെടുക്കാന്‍ സാങ്കേതികമായി നര്‍സിങിന് ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."