പുത്തുമലയില്‍ ഇനിയില്ല, നെഹ്റുവിന് അച്ഛന്റെ താങ്ങും അമ്മയുടെ തണലും
ദുരന്തത്തില്‍ മരിച്ച നെഹ്റുവിന്റെ പിതാവ് പനീര്‍ശെല്‍വവും മാതാവ് റാണിയും[/caption]
മേപ്പാടി: പുത്തുമല ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട പനീര്‍ശെല്‍വത്തിനും ഭാര്യ റാണിക്കും ഏറെ പ്രിയപ്പെട്ട നേതാവായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു. മൂന്ന് പെണ്മക്കള്ക്ക് ശേഷം ഒരാണ്‍കുട്ടി ജനിച്ചപ്പോള്‍ എന്ത് പേരിടുമെന്ന് ഇവര്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ചാച്ചാജിയുടെ ജന്മദിനത്തില് പിറന്ന കണ്മണിക്ക് അവര്‍ നെഹ്റുവെന്ന് പേരിട്ടു.
ആ നെഹ്റുവിനെ തനിച്ചാക്കിയാണ് പനീര്‍ശെല്‍വവും റാണിയും ദുരന്തത്തില്‍ മറഞ്ഞത്. മാതാപിതാക്കളുടെ വേര്‍പാടില്‍ ഹൃദയം വിങ്ങി കഴിയുന്ന നെഹ്റുവിനെ കൂടുതല്‍ വേദനിപ്പിക്കുന്നത് അയല്‍വാസികളായ ഏഴ് പേരെ ഇനിയും കെണ്ടത്താനായില്ലെന്ന യാഥാര്‍ഥ്യമാണ്. അപകടത്തിന് അഞ്ച് മിനിട്ട് മുന്‍പാണ് നെഹ്റു പാര്‍ക്കുന്ന പാടിയില്‍ നിന്ന് പെങ്ങള് താമസിക്കുന്ന പാടിയിലേക്ക് പോയത്.
അവിടെയെത്തും മുന്‍പ് ഭീകരശബ്ദം കേട്ട് പുത്തുമലയിലേക്ക് ഓടിയെത്തിയപ്പോള്‍ മലയോളം പൊക്കത്തില്‍ വെള്ളവും മണ്ണും മരങ്ങളും പാറക്കൂട്ടങ്ങളും ഒലിച്ച് വരുന്നതാണ് കണ്ടത്. മനസില്‍ അച്ഛനും അമ്മയും അയല്‍വാസികളും സുരക്ഷിതരായിരിക്കണേ എന്ന പ്രാര്ഥനയായിരുന്നു. ഇതെല്ലാം വിഫലമാക്കുന്നതായിരുന്നു പ്രകൃതിയുടെ രൗദ്രത ഒന്നടങ്ങിയപ്പോള്‍ കണ്ടത്.
താമസിച്ചിരുന്ന പാടി അപ്പാടെ ഒലിച്ചുപോയി. സമീപത്തെ മറ്റ് കെട്ടിടങ്ങളും അയല്‍ക്കാരുടെ ഭവനങ്ങളും നാമാവശേഷമായി. ദുരന്തമുണ്ടായ സമയം മുതല്‍ നെഹ്റു ഉറ്റവരെ തിരഞ്ഞ് ദുരന്തഭൂമിയിലുണ്ടായിരുന്നു. അവര്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന വിശ്വാസത്തിലയാരുന്നു നെഹ്റു.
എന്നാല്‍ രണ്ടാംദിനത്തില്‍ പിതാവിന്റെ മൃതശരീരം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തതോടെ നെഹ്റു തളര്‍ന്നുപോയി. പിറ്റേന്ന് രാവിലെ മാതാവിന്റെ മൃതദേഹവും കണ്ടെടുത്തു. ഇതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. മേപ്പാടിയിലെ ഹിന്ദു ശ്മശാനത്തില്‍ ഇരുവരുടെയും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ക്യാംപിലെത്തിയ നെഹ്റുവിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കണ്ണീര് പൊഴിക്കുകയായിരുന്നു അയല്‍വാസികള്‍.
തമിഴ്നാട്ടില്‍ നിന്ന് അമ്പത്തിയഞ്ച് വര്‍ഷം മുന്പ്് വയനാട്ടിലേക്ക് കുടിയേറിയവരാണ് നെഹ്റുവിന്റെ പൂര്‍വികര്‍. മാതാപിതാക്കള്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴില്‍ മേപ്പാടി സെന്റിനല്‍ റോക്ക് എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു. അച്ഛനും അമ്മയും പോയി, ഇതുവരേ സമ്പാദിച്ചതും പോയി. ഉടുതുണിയല്ലാതെ ഇനിയൊന്നും തനിക്കില്ലെന്ന് പറഞ്ഞു കരയുന്ന ഈ ചെറുപ്പക്കാരനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും. ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."