മീ റ്റൂവില്‍ കുരുങ്ങി ഹിന്ദു റസിഡന്റ് എഡിറ്റര്‍ രാജിവച്ചു
തിരുവനന്തപുരം: മീ റ്റൂവില്‍ ആരോപണ വിധേയനായ ദ ഹിന്ദു ദിനപത്രത്തിന്റെ തിരുവനന്തപുരം റസിഡന്റ് എഡിറ്റര്‍ ഗൗരിദാസന്‍ നായര്‍ രാജിവച്ചു.
ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ഡല്‍ഹിയിലെ അസി. എഡിറ്റര്‍ യാമിനി നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി. ഡിസംബര്‍ 31ന് വിരമിക്കാനിരിക്കെ അവധിയെടുത്ത് പോകാന്‍ എഡിറ്റര്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് തനിക്കെതിരേ ലൈംഗികാതിക്രമം കാണിച്ചെന്ന് പേര് വെളിപ്പെടുത്താതെയാണ് യാമിനി നായര്‍ തന്റെ ബ്ലോഗിലൂടെ പുറത്തുവിട്ടത്. തുടര്‍ന്ന് മറ്റു ചില ആരോപണങ്ങളും ഗൗരിദാസന്‍ നായര്‍ക്കെതിരേ ഉയര്‍ന്നുവന്നു. യാമിനിയുടെ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ടയാള്‍ ഗൗരിദാസന്‍ നായരാണെന്ന് ഫേസ്ബുക്കിലൂടെ കെ.എം ഷാജഹാനാണ് വെളിപ്പെടുത്തിയത്.
ഗൗരിദാസന്‍ നായര്‍ക്കെതിരേ നിരവധി പരാതികള്‍ ഹിന്ദു എഡിറ്റര്‍ക്കും ചെയര്മാന് എന്‍. റാമിനും ലഭിച്ചു. തുടര്‍ന്നാണ് മാനേജ്മെന്റ് ഗൗരിദാസന്‍ നായരോട് അവധിയെടുക്കാന്‍ ആവശ്യപ്പെട്ടത്. ഡിസംബറില്‍ വിരമിക്കുന്നതിനാല്‍ പിരിച്ചുവിടേണ്ടതില്ലെന്നും അവധിയില്‍ പോകട്ടെ എന്നും എഡിറ്റര്‍ നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ, തിരുവനന്തപുരം റസിഡന്റ് എഡിറ്ററായി ഗൗരിദാസന്‍ നായരെ ഒരു വര്‍ഷത്തേക്കുകൂടി തുടരാന്‍ അനുവദിക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു.
ഇതെല്ലാം മാറ്റിവച്ചാണ് ഇപ്പോഴത്തെ തീരുമാനം. ഇന്നലെ വൈകിട്ടോടെ പ്രശ്നം പരിഹരിച്ചുവെന്ന് എന്‍. റാം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."