അമിത് ഷാ മടങ്ങിയത് പ്രതീക്ഷയ്ക്കൊത്ത് വര്‍ഗീയവിഷം കുത്തിവയ്ക്കാനാവാതെ: കോടിയേരി
തിരുവനന്തപുരം: അമിത് ഷാ കേരളത്തില്‍നിന്ന് മടങ്ങിയത് പ്രതീക്ഷയ്ക്കൊത്ത് വര്‍ഗീയ വിഷം കുത്തിവയ്ക്കാനാവാതെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
മതസൗഹാര്‍ദം തകര്‍ത്ത് കേരളത്തെ ഗുജറാത്താക്കാനാണ് അമിത് ഷായും കൂട്ടരും ശ്രമിക്കുന്നത്. കേരളത്തെ ലക്ഷ്യമിട്ടുള്ള വര്‍ഗീയപ്രചാരണങ്ങളെ മലയാളികള്‍ ഒറ്റക്കെട്ടായി നേരിടും. കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ അസംബന്ധ പ്രചാരണങ്ങളാണ് അമിത് ഷാ നടത്തിയത്. ദേശീയതലത്തില്‍ കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുണ്ട്. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ ലക്ഷ്യമിട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് ആര്.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
അമിത് ഷാ മതമേലധ്യക്ഷന്മാരെ സന്ദര്‍ശിച്ചത് ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും തന്ത്രത്തിന്റെ ഭാഗമായാണ്. ഇത്തരം കെണികളില്‍ മതമേലധ്യക്ഷന്മാര് വീഴില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കാല്‍തൊട്ട് വന്ദിക്കാന്‍ വരുന്ന ബി.ജെ.പിക്കാരെ ജാഗ്രതയോടെ കാണണമെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."