കപ്പല്‍ തടയുന്നതിനെതിരേ യു.എസിന് ഇറാന്റെ മുന്നറിയിപ്പ്
ജിബ്രാള്‍ട്ടര്‍: ജിബ്രാള്‍ട്ടര്‍ കോടതി മോചിപ്പിച്ച ഇറാനിയന്‍ കപ്പല്‍ പിടികൂടാനുള്ള യു.എസ് നീക്കത്തിനെതിരേ ഇറാന്റെ മുന്നറിയിപ്പ്. അത്തരം അബദ്ധം കാണിക്കരുതെന്നും കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇറാന്‍ വിദേശമന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു. യു.എസിന് ഇറാനുമായി നയതന്ത്രബന്ധമില്ലാത്ത സാഹചര്യത്തില്‍ യു.എസിന്റെ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്ന തെഹ്‌റാനിലെ സ്വിസ് എംബസി വഴിയാണ് കപ്പല്‍ വീണ്ടും പിടിച്ചെടുക്കുന്നതിനെതിരേ മുന്നറിയിപ്പു നല്‍കിയത്.
അതിനിടെ സിറിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോവുകയാണെന്ന് ആരോപിച്ച് ബ്രിട്ടീഷ് സൈന്യം ജിബ്രാള്‍ട്ടറില്‍വച്ച് പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ ഞായറാഴ്ച വൈകുന്നേരം ജിബ്രാള്‍ട്ടര്‍ തുറമുഖം വിട്ടു. കപ്പല്‍ മെഡിറ്ററേനിയനിലേക്ക് നീങ്ങുന്നതായാണ് വിവരം. എന്നാല്‍ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമല്ല. ഗ്രീക്ക് തുറമുഖമായ കലാമാറ്റ ലക്ഷ്യംവച്ചാണ് കപ്പല്‍ നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ജിബ്രാള്‍ട്ടര്‍ കോടതിയുടെ മോചനവ്യവസ്ഥ പ്രകാരം കപ്പലിന്റെ ഗ്രേസ് 1 എന്ന പേര് 'അഡ്രിയാന്‍ ദാരിയ' എന്നാക്കി മാറ്റി.
അതേസമയം, ബ്രിട്ടീഷ് കപ്പലായ സ്റ്റെനാ ഇംപെറോ പിടിച്ചെടുത്തതിന് ഇതുമായി ബന്ധമില്ലെന്ന് അബ്ബാസ് മൂസവി വ്യക്തമാക്കി. ആ കപ്പല്‍ മൂന്നോ നാലോ സമുദ്ര നിയമങ്ങള്‍ ലംഘിച്ചു. ജിബ്രാള്‍ട്ടര്‍ കോടതിയുടെ വിധി യു.എസിന്റെ ഏകാധിപത്യ സ്വഭാവത്തിനുള്ള തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകപക്ഷീയമായി മറ്റു രാജ്യങ്ങളുടെ മേല്‍ ഉപരോധമേര്‍പ്പെടുത്തുന്ന ഏര്‍പ്പാട് ഇന്നത്തെ കാലത്ത് നടപ്പിലാവില്ല. അതിനു നിയമസാധുതയില്ല. ഇറാനുമേല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറ്റു രാജ്യങ്ങള്‍ അംഗീകരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കപ്പല്‍ വിട്ടുകൊടുക്കുന്നതു തടയാന്‍ യു.എസ് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. ജിബ്രാള്‍ട്ടര്‍ കപ്പല്‍ മോചിപ്പിക്കാനുള്ള തീരുമാനമെടുത്ത ശേഷം അവസാന നിമിഷവും അപേക്ഷയുമായി യു.എസ് എത്തിയെങ്കിലും സ്വീകരിക്കപ്പെട്ടില്ല.
ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുന്ന യു.എസ് ഉപരോധം യൂറോപ്യന്‍ യൂനിയനു ബാധകമല്ലെന്നു വ്യക്തമാക്കിയാണ് കപ്പല്‍ വിട്ടുനല്‍കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടത്. യു.എസിലെയും യൂറോപ്യന്‍ യൂനിയനിലെയും നിയമങ്ങള്‍ വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കപ്പല്‍ പിടിച്ചെടുക്കാന്‍ വാഷിങ്ടണിലെ യു.എസ് ഫെഡറല്‍ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനായിരുന്നു നിര്‍ദേശം.
21 ലക്ഷം ബാരല്‍ എണ്ണയുമായി പോയിരുന്ന ഗ്രേസ് 1 കപ്പല്‍ ജൂലൈ നാലിനാണ് ജിബ്രാള്‍ട്ടര്‍ തീരത്തുവച്ച് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂനിയന്റെ വിലക്കു ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോവുന്നു എന്നായിരുന്നു ആരോപണം.
കപ്പലിന്റെ രജിസ്‌ട്രേഷന്‍ പാനമയില്‍നിന്ന് ഇറാനിലേക്കു മാറ്റാമെന്നും ലക്ഷ്യസ്ഥാനം യൂറോപ്യന്‍ യൂനിയന്‍ വിലക്കു ബാധകമാകാത്ത രാജ്യത്തേക്ക് ആക്കാമെന്നും ഇറാന്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് ജിബ്രാള്‍ട്ടര്‍ കോടതി കപ്പല്‍ വിട്ടയച്ചത്. എന്നാല്‍ ഒരു തരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് ഇറാന്‍ പിന്നീട് പറഞ്ഞത്.
മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 14 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ മോചിപ്പിച്ചിട്ടുണ്ട്. ഇറാനിലെ വിപ്ലവഗാര്‍ഡുകളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കപ്പല്‍ കസ്റ്റഡിയില്‍ വേണമെന്ന് യു.എസ് ആവശ്യപ്പെടുന്നത്. വിപ്ലവഗാര്‍ഡ് ഇറാന്റെ സൈന്യമാണെങ്കിലും യു.എസ് ഇതിനെ ഭീകരസംഘടനയായാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."