എ.ടി.എം കവര്‍ച്ച; ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകള്‍ പരിശോധിച്ചേക്കും
കൊച്ചി: എറണാകുളം, തൃശൂര്‍ ജില്ലകളിലെ എ.ടി.എമ്മുകളില്‍നിന്നു 35 ലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളിലേക്കു വ്യാപിപ്പിക്കുന്നു. ഇരുമ്പനത്തെയും കൊരട്ടിയിലെയും എ.ടി.എം കവര്‍ച്ചയില്‍ ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണിത്.
ഇതരസംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരുടെ സഹകരണത്തോടെയായിരിക്കും പരിശോധന നടത്തുക. സംഭവത്തില്‍ അന്വേഷണം ഇഴയുന്നെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംഭവം നടന്ന് അഞ്ചു ദിവസം പിന്നിടുമ്പോഴും പ്രത്യേക അന്വേഷണ സംഘത്തിനു കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
മോഷ്ടാക്കള്‍ ചാലക്കുടിയില്‍ ഉപേക്ഷിച്ചുപോയ വാനും കവര്‍ച്ചക്കാരുടേതെന്നു സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളുമാണ് നിലവില്‍ അന്വേഷണ സംഘത്തിന്റെ പക്കലുള്ള തെളിവുകള്‍. ഈ ദൃശ്യങ്ങള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പരിശോധിച്ചുവരികയാണ്. സമാനരീതിയില്‍ നടന്ന കവര്‍ച്ചകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."