കര്‍ഷക കണ്ണീരിന് അറുതിയില്ല; പനമരം മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷം
പനമരം: കര്‍ഷക കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന നടവയല്‍, കായക്കുന്ന്, നീര്‍വാരം, അമ്മാനി, പാക്കം, ദാസനക്കര, ചേകാടി, നെയ്ക്കുപ്പ എന്നീ പ്രദേശങ്ങളില്‍ അതിരൂക്ഷമായി ആനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടും പ്രശ്‌ന പരിഹാരത്തിന് വനംവകുപ്പിന് കഴിഞ്ഞില്ല. ഏക്കര്‍ കണക്കിന് വരുന്ന കാര്‍ഷിക വിളകളാണ് ഒറ്റദിവസം കൊണ്ട് നശിപ്പിക്കപ്പെടുന്നത്.
കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ എം.എല്‍.എ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ റെയില്‍ഫെന്‍സിങ് എന്ന ആശയം ഉടലെടുത്തിരുന്നു. എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ല. ഇതോടെ കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരിക്കുകയാണ്. വര്‍ഷങ്ങളോളം അധ്വാനിച്ചുണ്ടാക്കിയ വിളകളാണ് ആര്‍ക്കും പ്രയോജനം ചെയ്യാതെ നിശേഷം നശിപ്പിക്കപ്പെടുന്നത്. പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച കര്‍ഷകര്‍ മന്ത്രിസഭാ വാര്‍ഷികത്തില്‍ തങ്ങളുടെ പ്രശ്‌ന പരിഹാരത്തിന് നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടക്കാത്ത സ്വപ്നമായി മാറുമെന്നാണ് ഇപ്പോഴത്തെ ദുഃഖം.
കര്‍ഷകര്‍ സംഘടിച്ച് സമരവുമായി രംഗത്തിറങ്ങുമ്പോള്‍ വാഗ്ദാനം നല്‍കുകയല്ലാതെ ഒന്നും യാഥാര്‍ത്യമാവുന്നില്ല. നാമമാത്ര നഷ്ടപരിഹാരം വര്‍ഷങ്ങളായി അധ്വാനിച്ചുണ്ടാക്കിയ വിളകള്‍ക്ക് പരിഹാരമല്ലെന്ന് കര്‍ഷകര്‍ പറയുന്നു.
പരിസ്ഥിതി ദിനത്തില്‍ കേരളമാകെ വ്യക്ഷതൈകള്‍ വ്യാപകമായി വച്ചുപിടിപ്പിക്കുമ്പോള്‍ വര്‍ഷങ്ങളായി ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടുപോവുന്ന കര്‍ഷകരുടെ നിലനില്‍പ്പ് പോലും ഭീഷണിയിലാണ്. വനത്തില്‍ ചിലയിടങ്ങളില്‍ കല്‍മതില്‍ നിര്‍മിച്ചെങ്കിലും അശാസ്ത്രീയ നിര്‍മാണം ഇത് തകരാനിടയാക്കി. ഇതാണ് വന്യമൃഗശല്യം രൂക്ഷമാവാന്‍ കാരണം. ഇപ്പോള്‍ കര്‍ഷക സംഘടനകളും മൗനത്തിലാണ്. കടക്കെണിയിലായ പല കര്‍ഷകര്‍ക്കും വന്യമൃഗശല്യം ഇരട്ടി ആഘാതമാണ് വരുത്തി വയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."