ഉത്തര്‍പ്രദേശില്‍ സോണിയയുടെ റോഡ്‌ഷോ
വരാണസി:തെരഞ്ഞെടുപ്പിനുള്ള പടയൊരുക്കവുമായി കോണ്‍ഗ്രസ് അധ്യക്ഷ ഉത്തര്‍പ്രദേശില്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ സോണിയ വരാണസിയില്‍ റോഡ്‌ഷോ നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ ആറര കിലോമീറ്റര്‍ സഞ്ചരിച്ചാണ് പ്രവര്‍ത്തകരില്‍ അവര്‍ ആവേശമിളക്കിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കരുതുന്ന ഷീലാ ദീക്ഷിത്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ്, യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബാര്‍, നേതാക്കളായ പ്രമോദ് തിവാരി, സഞ്ജയ് സിങ് തുടങ്ങിയ പ്രമുഖരും റാലിയില്‍ പങ്കെടുത്തിരുന്നു.സര്‍ക്യൂട്ട് ഹൗസിലെ അംബേദ്കര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷമായിരുന്നു സോണിയാ ഗാന്ധി റോഡ് ഷോ തുടങ്ങിയത്.ആയിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെടുന്ന മോട്ടോര്‍ റാലി റോഡ്്‌ഷോയ്ക്ക് അകമ്പടിയായി.
ക്ഷേത്ര നഗരത്തിലെ തെരുവോരങ്ങളില്‍ നിരവധിപേര്‍ സോണിയയെ കാണാനെത്തിയിരുന്നു. മോദി അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് സോണിയ വരാണസിയിലെത്തുന്നത്. നേരത്തെ കോണ്‍ഗ്രസിന്റെ ഈറ്റില്ലമായിരുന്നു യു.പി. ജനം കൈയൊഴിഞ്ഞ പാര്‍ട്ടിക്ക് ഇത്തവണ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയാണുള്ളത്. സംസ്ഥാനത്തെ 80 പാര്‍ലമെന്റ് സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. 28 എം.എല്‍.എ മാരും.
സോണിയയ്ക്ക് ദേഹാസ്വാസ്ഥ്യം
വരാണസി: ഉത്തര്‍പ്രദേശില്‍ റോഡ് ഷോയ്ക്കിടെ സോണിയാ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം. തുടര്‍ന്ന് റാലി അവസാനിപ്പിച്ചു. ശക്തമായ പനിക്കിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ റാലിക്കെത്തിയത്. തുടര്‍ന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.ക്ഷീണം അനുഭവപ്പെട്ട സോണിയയോട് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. റാലിയില്‍ ആദ്യം കാറില്‍ യാത്ര ആരംഭിച്ച സോണിയ പിന്നീട് എസ്.യു.വിയിലാണ് യാത്ര തുടര്‍ന്നത്.കാശിവിശ്വനാഥ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്താനും സോണിയ പദ്ധതിയിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."