പുള്ളിപ്പുലിയുടെ പുള്ളികളും സി.പി.എമ്മും
മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞ കടുവ വീണ്ടും വീണ്ടും കാടിറങ്ങിവന്ന് ആളെക്കൊല്ലുമെന്നാണ് ശാസ്ത്രീയ നിഗമനം. പുതുതായി നാക്കിലൂറുന്ന 'ഇറച്ചിരുചി' കടുവയെ വല്ലാതെ മോഹിപ്പിക്കുമത്രേ (സത്യമറിയാന്‍ ജിം കോര്‍ബറ്റിനോടോ മറ്റോ ചോദിക്കണം) ഏതാണ്ട് മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞ കടുവക്ക് സമാനമാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. രാഷ്ട്രീയാക്രമണങ്ങളുടെ ഹരമറിഞ്ഞ അണികളാണ് പാര്‍ട്ടിക്കുള്ളത്. എതിര്‍പാര്‍ട്ടിക്കാരെ ഏതു മാര്‍ഗമുപയോഗിച്ചും തോല്‍പ്പിക്കുന്ന രീതിയാണ് പാര്‍ട്ടിയുടേത്. എല്ലാ ജനകീയ പ്രശ്‌നങ്ങളിലും ഇടപെടുന്ന സ്വഭാവമാണ് സി.പി.എമ്മിനുള്ളത്.
സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി കൈവയ്ക്കുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആവേണ്ടത് ആരായിരിക്കണം എന്നു തുടങ്ങി ഉള്‍നാട്ടിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ആര്‍ക്കൊക്കെ വണ്ടി നിര്‍ത്തിയിടാം എന്നുവരെ തീരുമാനിക്കാനുള്ള പ്രത്യേകാധികാരം കേരളത്തില്‍ സി.പി.എമ്മിനും, ഡി.വൈ.എഫ്.ഐയ്ക്കും, എസ്.എഫ്.ഐയ്ക്കും ഉണ്ട്. ഈ അധികാരബലത്തിന്റെ മുഷ്‌ക്ക് തഞ്ചവും തരവും പോലെ പ്രകടിപ്പിച്ചുകൊണ്ടാണ് സി.പി.എം കേരളത്തില്‍ വിജയക്കൊടി പാറിക്കുന്നത്. 'സിംഹം ജനിക്കുന്നത് തന്നെ ജയിക്കാനാണ്, പരാജയപ്പെടുന്നവരില്‍ മുയലുകളും കണ്ടേക്കാം' എന്നൊരു സിനിമയില്‍ പറയുന്നുണ്ടല്ലോ. അത് സി.പി.എമ്മിനും ചേരും. സി.പി.എം ഉണ്ടായതുതന്നെ ജയിക്കാനാണ്. പരാജയപ്പെട്ടവരില്‍ സി.ഒ.ടി നസീറുമാരും ഉണ്ടായേക്കാം എന്ന്.
ആറു പതിറ്റാണ്ട് കാലം സംസ്ഥാനത്ത് പാര്‍ട്ടി കടന്നുപോയ വഴികളെക്കുറിച്ചു പഠിക്കുകയും ഈ യാത്രക്കിടയിലുണ്ടായ പാര്‍ട്ടിയുടെ പരിണാമങ്ങളെ വിശദമായി പരിശോധിക്കുകയും ചെയ്യുമ്പോള്‍ ചില സംശയങ്ങള്‍ സ്വാഭാവികമാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉടലെടുത്തത് ജന്മി-മുതലാളിത്ത - സവര്‍ണശക്തികള്‍ക്കെതിരായി പാവപ്പെട്ടവര്‍ക്കുവേണ്ടി പൊരുതുന്ന പ്രസ്ഥാനമെന്ന നിലയിലാണ്. കമ്മ്യൂണിസ്റ്റ് നേതാവായ എ.കെ.ജിക്ക് മലയാളികള്‍ നല്‍കിയ വിശേഷണം പാവങ്ങളുടെ പടത്തലവനെന്നായിരുന്നുവല്ലോ. പക്ഷേ പില്‍ക്കാലത്ത് കേരളത്തില്‍ പാര്‍ട്ടിയുടെ നേതൃത്വം ഉരുത്തിരിഞ്ഞുവന്ന മധ്യവര്‍ഗസമൂഹത്തിന്റെ കൈകളിലായി.
നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി എന്ന പ്രതിനാടകത്തില്‍ സിവിക് ചന്ദ്രന്റെ കൗതുകകരമായ ഒരു നിരീക്ഷണമുണ്ട് - കെ.പി.എസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയില്‍ മാല പരമുപിള്ളയുടെ കൈകളിലേയ്ക്ക് ചെങ്കൊടി കൈമാറുകയാണ്. ദലിതന്റെ കൈകളില്‍ നിന്നു കമ്മ്യൂണിസത്തിന്റെ കൊടി സവര്‍ണനിലേയ്ക്ക് കൈമാറുന്നതു വഴി പാര്‍ട്ടിയുടെ അപചയം സംഭവിച്ചു എന്നാണ് പ്രതിനാടകം വിരല്‍ചൂണ്ടുന്നത്. ഈ പതാകാകൈമാറ്റം ദലിത്-നായര്‍ ദ്വന്ദങ്ങളിലേയ്ക്ക് മാത്രം ചുരുക്കേണ്ടതില്ല. ദരിദ്രന്റെ കൈയില്‍ നിന്ന് ഇടത്തരക്കാരന്റെ കൈയ്യിലേക്കും പിന്നീട് സമ്പന്നന്റെ കൈയ്യിലേയ്ക്കും പാര്‍ട്ടി എത്തിച്ചേരുന്നതിന്റെ സൂചന ഈ കല്‍പനയില്‍ നിന്ന് കണ്ടെടുക്കാം. ഇത് ഗൗരവബോധത്തോടെ മാര്‍ക്‌സിസത്തെ വിമര്‍ശിച്ചവര്‍ നേരത്തെ സൂചിപ്പിച്ച സംഗതിയാണ്.
കേരളത്തിലും പുതിയൊരു വര്‍ഗം (ന്യൂ ക്ലാസ്) അനിവാര്യമായും രുപപ്പെട്ടു. യൂനിവേഴ്‌സിറ്റി മാര്‍ക്‌സിസം നേതൃത്വം പിടിച്ചടക്കി. അങ്ങനെയാണ് സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തില്‍ അധഃസ്ഥിതന്റെ സ്ഥാനത്ത് മധ്യവര്‍ഗം കുടിയിരുത്തപ്പെട്ടത്. അവരുടെ വര്‍ഗതാല്‍പര്യങ്ങളായി പാര്‍ട്ടി താല്‍പര്യങ്ങള്‍, സര്‍ക്കാരുദ്യോഗസ്ഥരുടെ സംഘടനകള്‍, സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍, കോ-ഓപറേറ്റീവ് ബാങ്കുകള്‍, സര്‍വകലാശാലകള്‍, എഴുത്തുകാര്‍, പുരോഗമന നാട്യക്കാരായ ബുദ്ധിജീവികള്‍ - ഇങ്ങനെയൊരു രണ്ടാംനിര ഭരണസംവിധാനം സൃഷ്ടിക്കപ്പെടുകയും അവരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ചു പൊതുേേബാധം സ്വാധീനിക്കപ്പെടുകയും ചെയ്തു.
കേരളത്തില്‍ ഇടതുമുന്നണിക്ക് ഭരണം കൈയ്യിലില്ലാത്ത സമയത്തും സമൂഹത്തില്‍ മേല്‍ക്കൈ ഈ ഭരണ സംവിധാനത്തിനായിരുന്നു. പിന്നീട് ഇവരെയും മറികടന്നു തീര്‍ത്തും സമ്പന്നതാല്‍പര്യങ്ങളിലേയ്ക്ക് പാര്‍ട്ടി മാറുന്നതാണ് കാണുന്നത്. അധികാരം ഉല്‍പാദിപ്പിച്ച മൂല്യങ്ങള്‍ക്ക് പാര്‍ട്ടിയും കീഴടങ്ങി. വികസനത്തിന്റെ പേരില്‍ പാര്‍ട്ടി മുതലാളിവര്‍ഗത്തിന്റെ അവിഹിത ഇടപാടുകള്‍ക്ക് ഒത്താശ ചെയ്യാന്‍ തുടങ്ങി. 'തെങ്ങിന്റെ മണ്ടയിലാണോ വികസനം കുടികൊള്ളുന്നതെന്ന് ' എളമരം കരീം പുച്ഛത്തോടെ ചോദിച്ചത് പാര്‍ട്ടി സ്വാംശീകരിച്ച പുതിയ പ്രത്യയശാസ്ത്ര അടിത്തറയുടെ നിദര്‍ശനമാണ്. ഇന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മറ്റും ജനമനസ്സാക്ഷിയുടെ മുമ്പില്‍പുരോഗമനമൂല്യങ്ങളുടെ വക്താക്കളല്ല, മറിച്ച് രവി പിള്ളയെപ്പോലെ ഒരാള്‍, എം.എ. യൂസഫലിയെപ്പോലെ ഒരാള്‍ - ഇരുകൂട്ടരും പ്രതിനിധാനം ചെയ്യുന്നത് ഒരേതാല്‍പര്യങ്ങളെ.
രണ്ടു താല്‍പര്യങ്ങള്‍ ഒന്നാവുമ്പോള്‍
തൊഴിലാളിയുടെയും മുതലാളിയുടെയും താല്‍പര്യങ്ങള്‍ ഒന്നായി മാറുമ്പോള്‍, ജനകീയ ഇച്ഛകളെ സ്വാംശീകരിക്കുന്ന വിനയാന്വിതമായ ഒരു സംഘടനയാവാന്‍ സി.പി.എമ്മിന് എങ്ങനെ സാധിക്കും? റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും കാടുകൈയേറ്റക്കാരുടെയും കുടെനിന്നുകൊണ്ട് പുതിയ പാരിസ്ഥിതിക ദര്‍ശനത്തിനോടൊപ്പം നില്‍ക്കാന്‍ എങ്ങനെ കഴിയും? മലയാളികള്‍ പാര്‍ട്ടിയുടെ പുതിയ നയരേഖയെ വിശ്വാസത്തിലെടുക്കാത്തത് അതുകൊണ്ടാണ്. ബംഗാളിന്റെ ഉദാഹരണം നമ്മുടെ മുമ്പിലുണ്ട്. മറ്റൊരു പാര്‍ട്ടിക്കും തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കാത്ത തരത്തില്‍, പതിറ്റാണ്ടുകളോളം സി.പി.എം. പശ്ചിമ ബംഗാള്‍ ഭരിച്ചു. നേരത്തെ പറഞ്ഞ ന്യൂ ക്ലാസിന്റെ കൈകളിലായിരുന്നു ഭരണം. 'ബാബു' മാരുടെ ഈ ഭരണത്തിനു കീഴില്‍ ബംഗാളിലെ അധഃസ്ഥിത സമൂഹം കൂടുതല്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ 'കപട പുരോഗമന സമീപനങ്ങള്‍' ന്യൂനപക്ഷങ്ങളുടെയും ഗോത്രവര്‍ഗക്കാരുടെയും നിലനില്‍പ്പ് പോലും അസാധ്യമാക്കിയെന്നാണ് സാമൂഹ്യചിന്തകര്‍ പറയുന്നത്. അതിന്റെ തെളിവുകളാണ് മുര്‍ഷിദാബാദില്‍ നിന്നും മേദിനിപ്പൂരില്‍ നിന്നും മറ്റും തൊഴില്‍ തേടി കേരളത്തിലെത്തിയ ഭായിമാര്‍.
ബംഗാളിലും പാര്‍ട്ടി ചെങ്കൊടി മധ്യവര്‍ഗത്തിന്റെ കൈകളിലേല്‍പ്പിച്ചു, അവര്‍ അത് ചന്ദന്‍ബസുവിനെപ്പോലെയുള്ള വന്‍ വ്യവസായികള്‍ക്ക് കൈമാറി. അതിന്റെ തിരിച്ചടിയിലാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. പിന്നീട് സി.പി.എം. അണികള്‍ ഒന്നടങ്കം തൃണമൂലില്‍ ചേക്കേറുകയായിരുന്നു. ഏറ്റവുമൊടുവില്‍ ഇതേ ഇടതുപക്ഷ വോട്ടുകള്‍ തന്നെയാണ് ബി.ജെ.പി. ചിഹ്നത്തില്‍ വീണത്. പ്രത്യയശാസ്ത്രപരമായ അടിത്തറ നഷ്ടപ്പെട്ടുപോയ ഒരു ജനത അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്നതില്‍ അത്ഭുതമില്ല.
കേരളത്തിലും ഇത്തരമൊരു ദുരന്തത്തിന്റെ ലാഞ്ചനകള്‍ കാണാനുണ്ട്. ബി.ജെ.പിക്ക് വര്‍ധിച്ചുവരുന്ന സ്വീകാര്യത സി.പി.എമ്മിനെ ഭയചകിതരാക്കുന്നതിന് പിന്നില്‍ തങ്ങളുടെ അണികളില്‍ നിന്നുണ്ടായേക്കാവുന്ന ചോര്‍ച്ചയെക്കുറിച്ചുള്ള ആശങ്കയാണ് കൂടുതലും. സി.പി.എമ്മിലെ രണ്ടാംകിട നേതാക്കള്‍ ഉള്‍പ്പെടുന്ന ന്യൂ ക്ലാസും ബി.ജെ.പി.യുടെ നേതൃനിരയിലുള്ള ന്യൂ ക്ലാസും തമ്മില്‍ ലോകവീക്ഷണത്തില്‍ വലിയ വ്യത്യാസമില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുവോട്ടുകള്‍ ഗണ്യമായ തോതില്‍ കാവിപാളയത്തിലേയ്ക്ക് നീങ്ങി എന്നത് വസ്തുതയാണ്. കോണ്‍ഗ്രസ് ഒരു ബദല്‍വഴിയായി തെളിഞ്ഞു നിന്നിരുന്നില്ലെങ്കില്‍ അത് കൂടുതല്‍ പ്രകടമായേനെ. യഥാര്‍ഥത്തില്‍ ഇടതുപക്ഷം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതാണ്. സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ന്ന്, എത്തിച്ചേര്‍ന്നിട്ടുള്ള തിരുത്തല്‍ നടപടികള്‍ ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നേയില്ല.
വിശ്വാസികളുടെ വികാരമുള്‍ക്കൊള്ളാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നാണ് പാര്‍ട്ടിയുടെ ഏറ്റുപറച്ചില്‍. അതിനാല്‍ ഇനിയുള്ള ശ്രമം വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാനാണ്. എന്നാല്‍ ഈ കണ്ടെത്തലിന് യാതൊരടിസ്ഥാനവുമില്ല എന്നതാണ് സത്യം. വിശ്വാസികള്‍ കൈവിട്ടതല്ല പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം. ഏതു കാലത്താണ് സി.പി.എം. വിശ്വാസികള്‍ക്കൊപ്പം നിന്നത്? തുടക്കം മുതല്‍ക്കേ പാര്‍ട്ടി പള്ളിക്കും പട്ടക്കാര്‍ക്കും എതിരായിരുന്നു. പ്രത്യക്ഷത്തില്‍ ശരീഅത്ത് വിവാദകാലത്ത് മുസ്‌ലിംകളെ ഇ.എം.എസ്. അടക്കം പാര്‍ട്ടി നേതാക്കള്‍ ശരിക്കും പ്രകോപിപ്പിച്ചിരുന്നു. ഭൂരിപക്ഷമതക്കാരുടെ സമുദായസംഘടനകളോടൊന്നും പ്രകടമായ ആഭിമുഖ്യം പാര്‍ട്ടി പ്രകടിപ്പിച്ചിട്ടില്ല.
എന്നാല്‍ സി.പി.എമ്മിനെ കേരളത്തിലെ ഭൂരിപക്ഷം വരുന്ന വിശ്വാസിസമൂഹം കൈവെടിഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ വോട്ടുബാങ്ക് തകര്‍ന്നിട്ടുമില്ല. ഈ അവസ്ഥയില്‍ ശബരിമല പ്രശ്‌നമാണ് പാര്‍ട്ടിയുടെ വോട്ടില്‍ ചോര്‍ച്ചയുണ്ടാക്കിയത് എന്ന് നിഗമനം യുക്തിസഹമല്ല തന്നെ. വിശ്വാസി സമൂഹത്തിലെ ഭൂരിപക്ഷംപേര്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളുമാണ്. ഈ രണ്ടു കൂട്ടരും ചേരുമ്പോള്‍ കേരളത്തിലെ സമ്മതിദായകരില്‍ വന്‍ഭൂരിപക്ഷമായിത്തീരും. ഈ മഹാഭൂരിപക്ഷത്തിന് ശബരിമല പ്രശ്‌നമേയല്ല, അവരെ സര്‍ക്കാരിന്റെ ശബരിമല നിലപാട് സ്വാധീനിക്കുകയുമില്ല. ഈ വിഭാഗക്കാര്‍ക്കിടയില്‍ ഐക്യജനാധിപത്യ മുന്നണിക്കുണ്ടായ വോട്ടു വര്‍ധന സര്‍ക്കാരിന്റെ ശബരിമല നിലപാടിനെതിരായുള്ള വികാരത്തിന്റെ സൂചനയല്ലല്ലോ. മറിച്ച് അത് പിണറായി ഗവണ്‍മെന്റിന്റെ നയവൈകല്യങ്ങള്‍ക്കെതിരായുള്ള വിധിയെഴുത്താണ്.
അതേ വിധിയെഴുത്തുതന്നെയാണ് ഹിന്ദുഭൂരിപക്ഷ മേഖലയിലും കാണാനുള്ളത്. പിണറായിയുടെ ട്രാക്ക് റെക്കോര്‍ഡ് വളരെ മോശമായിരുന്നു. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാതിരിക്കുകയും ഇടതുപക്ഷമൂല്യങ്ങള്‍ കൈവെടിയുകയും ചെയ്ത സര്‍ക്കാരിനെ ജനം കൈയ്യൊഴിച്ചതിനു വിശ്വാസികളെ കുറ്റം പറയുന്നത് ശരിയല്ല. മോദിയുടെ ഹൈന്ദവഫാസിസത്തിനെതിരായി വിധിയെഴുതണമെന്ന് കേരളീയര്‍ ആഗ്രഹിച്ചു. സ്വാഭാവികമായും അവര്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്തു. കോണ്‍ഗ്രസ് തങ്ങളുടേതായ നയവൈകല്യങ്ങള്‍ മൂലം ദേശീയതലത്തില്‍ തോറ്റമ്പി എന്ന കാര്യം വേറെ.
ഒട്ടും വിശ്വാസ്യതയില്ലാത്ത അഭ്യാസത്തിലാണ് സി.പി.എം ഇപ്പോള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. തങ്ങളുടെ അടിത്തറയിലുണ്ടായ വിള്ളലുകളുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടുപിടിക്കുന്നതിനു പകരം, ന്യായവാദങ്ങള്‍ കൊണ്ട് ഓട്ടയടക്കാനാണ് ശ്രമം. പുള്ളിപ്പുലിക്ക് അതിന്റെ പുള്ളികള്‍ കുടഞ്ഞു തെറിപ്പിക്കാനാവുകയില്ലല്ലോ. സി.പി.എമ്മിനും ഇപ്പോഴത്തെ അവസ്ഥയില്‍ അടിസ്ഥാനപരമായി മാറാനാവുകയില്ല. പിന്നെ ഇതൊക്കെ - ഓ, ചുമ്മാ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."