HOME
DETAILS

വിദഗ്ധര്‍ക്ക് ചില 'അവതാര' ഉദ്ദേശ്യങ്ങളുണ്ട്

  
backup
September 02 2019 | 18:09 PM

experts-opinion-on-environment-issue-article-by-cr-neelakandan-771068-2

 

 


നമ്മുടെ നാട്ടില്‍ ഏത് വിഷയത്തെ സംബന്ധിച്ചും വ്യത്യസ്തവും വിരുദ്ധവുമായ അഭിപ്രായങ്ങള്‍ പറയാന്‍ വിദഗ്ധരെ കിട്ടും. അങ്ങനെ അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്ന രീതിയില്‍ ഏതു ശാസ്ത്രസത്യത്തെയും നമുക്ക് ട്രിവിയലൈസ് ചെയ്തു നിര്‍വീര്യമാക്കാന്‍ കഴിയും. ഇതിനു നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി ജലചൂഷണം നടത്തി കുടിവെള്ളം മുട്ടിച്ചപ്പോള്‍ അവര്‍ക്ക് സഹായവുമായി ഒരു ജലഗവേഷണസ്ഥാപനത്തിന്റെ തലവന്‍ തന്നെ എത്തി.
ആ പ്രദേശത്ത് മഴ കുറവായതിനാലാണ് ജലക്ഷാമം ഉണ്ടായതെന്നും കമ്പനി ദിവസേന പതിനഞ്ചു ലക്ഷം ലിറ്റര്‍ ജലം ഊറ്റുന്നതല്ല കാരണമെന്നും അദ്ദേഹം കണ്ടെത്തി. അന്നത്തെ വികസനവാദികള്‍ അത് ആഘോഷിച്ചു. ആ നാട്ടില്‍ പെയ്യുന്ന മഴക്കനുസരിച്ചു കമ്പനിക്ക് ഭൂഗര്‍ഭജലം ഊറ്റാമെന്ന് ടിയാന്‍ അനുമതിയും നല്‍കി. പക്ഷെ, ജനങ്ങള്‍ ശക്തമായി സമരം ചെയ്തു. കമ്പനിക്കു പ്രവര്‍ത്തനം നിര്‍ത്തിപ്പോകേണ്ടി വന്നു.
ആലപ്പുഴ ആറാട്ടുപുഴ കടല്‍ത്തീരത്തുള്ള കരിമണല്‍ കണ്ട് രോമാഞ്ചം കൊണ്ട മുതലാളിമാര്‍ അവിടെയും വിദഗ്ധനെ കൊണ്ടുവന്നു. ഒരു മാത്യു കമ്മിഷന്‍. കായലിനും കടലിനുമിടയില്‍ കേവലം അന്‍പത് മീറ്റര്‍ പോലും വീതിയില്ലാത്ത ആ കരയില്‍ നിന്നും ദിനംപ്രതി ആയിരക്കണക്കിന് ടണ്‍ മണല്‍ ഖനനം ചെയ്താല്‍ ഒരു കുഴപ്പവുമില്ലെന്നുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് വലിയ വൈദഗ്ധ്യമൊന്നുമില്ലാത്ത മത്സ്യത്തൊഴിലാളികളും നാട്ടുകാരും തള്ളി. കാരണം അവരുടെ മുന്നില്‍ തൊട്ടു തെക്കുഭാഗത്തുള്ള കൊല്ലം ജില്ലയിലെ പന്മന, ആലപ്പാട് കരകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നേരിട്ട് കണ്ടുള്ള അനുഭവം ഉണ്ടായിരുന്നു. അങ്ങനെ ആ പദ്ധതിയും ജനങ്ങള്‍ മുടക്കി.
പെരിയാറില്‍ മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തുന്നതിനു ചില വിദഗ്ധര്‍ ന്യായീകരണമായി കണ്ടത് പതിറ്റാണ്ടുകളായി പുഴക്കടിയില്‍ അടിഞ്ഞുകൂടിയ ആല്‍ഗകളാണെന്നായിരുന്നു. പുഴ പല ദിവസങ്ങളില്‍ പല നിറങ്ങളില്‍ ഒഴുകുന്നത് നേരില്‍ കാണുന്ന ജനങ്ങള്‍ക്ക്, അതിലേക്കു നിരന്തരം വിഷങ്ങള്‍ ഒഴുക്കുന്ന രാസവ്യവസായസ്ഥാപനങ്ങളുടെ പൈപ്പുകള്‍ നേരില്‍ കാണുന്ന നാട്ടുകാര്‍ക്ക് ഈ വിദഗ്ധരെ വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. ഇതുപോലെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ അനുമതിക്കായി പാരിസ്ഥിതിക പഠനം നടത്തിയ സ്ഥാപനങ്ങളുണ്ട്.
ഇത്തരത്തിലെ ഏറ്റവും വിചിത്രമായതായിരുന്നു എന്‍ഡോസള്‍ഫാന്‍ ബാധയുമായി ബന്ധപ്പെട്ടുള്ള ചില അതിവിദഗ്ധരുടെ പഠന റിപ്പോര്‍ട്ടുകള്‍. ദിവസേന രാവിലെ ഓരോ ഔണ്‍സ് കുടിച്ചാലും ഒരു കുഴപ്പവുമില്ലെന്നുവരെ അവര്‍ പറയും. കേരളത്തിലെ ചില വിദഗ്ധര്‍ അനേകവര്‍ഷങ്ങളായി കീടനാശിനികള്‍ നിര്‍മിക്കുന്ന കമ്പനിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഏറെ വിചിത്രമായ മറ്റൊന്ന് കൂടി സംഭവിച്ചിരിക്കുന്നു. കാസര്‍കോട് കലക്ടര്‍ തന്നെ പറയുന്നു എന്‍ഡോസള്‍ഫാന്‍ മൂലമല്ല അവിടെ ജനങ്ങള്‍ക്ക് ദുരന്തമുണ്ടായതെന്ന്. സുപ്രിം കോടതിയും സംസ്ഥാന സര്‍ക്കാരും നിരവധി ഔദ്യോഗികസ്ഥാപനങ്ങളും അംഗീകരിച്ചു നല്‍കിയിരിക്കുന്ന പാക്കേജ് നടപ്പാക്കാന്‍ ഔദ്യോഗികമായി ചുമതലപ്പെടുത്തിയ സമിതിയുടെ അധ്യക്ഷനാണ് ജില്ലാ കലക്ടര്‍. അദ്ദേഹത്തിന്റെ നിലപാട് ഇങ്ങനെയാണെങ്കില്‍ ആ പദ്ധതി എങ്ങനെ ഫലപ്രദമാകും.
കേരളം അടുപ്പിച്ചു രണ്ടു വര്‍ഷമായി നേരിടുന്ന ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ വേണമെന്ന് സര്‍ക്കാരും ജനങ്ങളും ഒരുപോലെ ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ ഇതാ ഒരു വിദഗ്ധന്‍ വിചിത്രമായ ഒരു അഭിപ്രായവുമായി വന്നിരിക്കുന്നു.
'ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഇല്ലാതാക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുകയല്ല വേണ്ടതെന്ന് ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം മേധാവി ഡോക്ടര്‍ വി. നന്ദകുമാര്‍. ഖന നം മണ്ണിടിച്ചിലിന് കാരണമാകില്ലെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിയമവിധേയമാക്കുകയാണ് വേണ്ടതെന്നും നന്ദകുമാര്‍ പറയുന്നു.' ഇദ്ദേഹത്തിന് അങ്ങനെ ഒരഭിപ്രായമുണ്ടാകുന്നതില്‍ തെറ്റില്ല. എന്നാല്‍ അതൊരു വിദഗ്ധാഭിപ്രായമെന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ നേരത്തെ പറഞ്ഞ നിരവധി അവസരങ്ങളില്‍ എന്നപോലെ മറ്റു വിദഗ്ധരുടെ അറിവുകളും ജനങ്ങളുടെ അനുഭവങ്ങളും മാഞ്ഞുപോകും എന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തടഞ്ഞേ പറ്റൂ. കാരണം ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കേരളത്തിന്റെ സ്ഥിതി അപകടത്തിലാകും. കേരളത്തിലെ അതിശക്തമായ പാറമട ലോബിയെ സഹായിക്കാന്‍ തയാറായി നില്‍ക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ സംഘത്തിന് ഇത് ആഹ്ലാദകരമാകും. അതുകൊണ്ട് ഈ അഭിപ്രായത്തെ ഇഴകീറി പരിശോധിച്ചേ പറ്റൂ.
മേല്‍പറഞ്ഞ ആദ്യ വാചകത്തിനു വിരുദ്ധമോ യോജിക്കാത്തതോ ആയ ചില സത്യങ്ങള്‍ അദ്ദേഹം തന്നെ പറയുന്നുണ്ട്. പാറമടകള്‍ ഒരു കുഴപ്പവുമില്ലാത്തവയാണ് എന്നൊന്നും ഇദ്ദേഹം പറയുന്നില്ല. എന്നാല്‍ എന്താണവയുടെ കുഴപ്പമെന്ന് പറയുന്നുമില്ല.
'ഒരിടത്തും ഖനനത്തിന്റെ പേരില്‍ മണ്ണിടിച്ചിലുണ്ടായതായി കേട്ടിട്ടില്ലെന്ന വാദം തെറ്റാണ്. പക്ഷേ, ഖനനം പ്രകൃതിക്ക് ദോഷമാണ്. നിയമങ്ങള്‍ പാലിച്ചാണോ ഖന നം നടക്കുന്നതെന്ന് നോക്കണം. ലൈസന്‍സില്ലാതെ ആളുകള്‍ സ്വന്തമായി പാറപൊട്ടിച്ച് വില്‍ക്കുന്നിടത്ത് പരിശോധിച്ച് നിയന്ത്രണം ഏര്‍പ്പെുടുത്തണം.' ( ഒരു കുഴപ്പവുമില്ലെങ്കില്‍ ഇവയെ നിയന്ത്രിക്കുന്നതെന്തിന്, കുഴപ്പമുണ്ടെങ്കില്‍ എന്താണത്) മറ്റു നിരവധി പഠനങ്ങള്‍ ഇതിനു വിപരീതമായി പറയുന്നുണ്ട്. പാറമടകളിലെ സ്‌ഫോടനങ്ങളുടെ കമ്പനം മണ്ണും പാറയും തമ്മിലുള്ള ബന്ധം വിടുവിക്കുന്നു. ആ വിടവുകളിലേക്ക് വലിയ തോതില്‍ മഴവെള്ളം ഇറങ്ങിയാല്‍ ചെരിഞ്ഞ പ്രദേശങ്ങളില്‍ അത് മലയിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാകുന്നു എന്നവര്‍ പറയുന്നു. ഇനി മണ്ണിടിച്ചില്‍ എങ്ങനെ ഉണ്ടാകുന്നുവെന്ന ഇദ്ദേഹത്തിന്റെ അഭിപ്രായം കൂടി കേള്‍ക്കുക.
'ഭൂമിയുടെ അടിയിലേക്ക് കൂടുതലായി വെള്ളം എത്തുമ്പോള്‍ അകത്ത് മാറ്റങ്ങള്‍ ഉണ്ടാകും. പാറയും മണ്ണും ചേര്‍ന്നുള്ള ഭാഗത്ത് ലൂബ്രിക്കേഷന്‍ വരും. അത്തരം ഭാഗങ്ങളില്‍ നിന്നാണ് മണ്ണിടിച്ചില്‍ ആരംഭിക്കുന്നത്. ' പാറമടകളില്‍ നടക്കുന്ന ശക്തമായ സ്‌ഫോടനങ്ങള്‍ മണ്ണും പാറയും തമ്മിലുള്ള ബന്ധം തകര്‍ക്കില്ലെന്ന് ഏതു ഭൗമ ശാസ്ത്രജ്ഞന്‍ പറഞ്ഞാലും വിശ്വസിക്കാന്‍ അനുഭവസ്ഥര്‍ക്കു കഴിയില്ല. പാറകളില്‍ കൂടി അതിവേഗം സഞ്ചരിക്കുന്ന കമ്പനങ്ങള്‍ ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നാണോ ഇദ്ദേഹം പറയുന്നത്.
പക്ഷെ ഇദ്ദേഹം ഒരു ഭൗമശാസ്ത്രജ്ഞനെന്നതിലപ്പുറം ചില താല്‍പര്യങ്ങളുള്ള വ്യക്തിയാണെന്ന് പിന്നീട് പറയുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. പാറമടകള്‍ മുഴുവനുമായി അടച്ചുപൂട്ടുന്നത് ശരിയല്ല,(അങ്ങനെ വേണമെന്ന് ആരാണ് പറഞ്ഞത് എന്നൊന്നും ചോദിക്കരുത്.) നാടിന്റെ വികസനത്തിന് പാറ ആവശ്യമാണ്, ബില്‍ഡിങ് വസ്തുക്കള്‍ക്ക് ക്ഷാമം ഉണ്ടാകുന്നതിനെപ്പറ്റി അദ്ദേഹത്തിനുള്ള ആശങ്കയില്‍ നിന്നുതന്നെ നയം വ്യക്തമാണ്. നൂറുകണക്കിന് മനുഷ്യര്‍ മണ്ണിനടിയില്‍ പെട്ട് മരിച്ച സ്ഥലത്തു നിന്നുകൊണ്ട് ഇങ്ങനെ വികസനാവശ്യങ്ങളെപ്പറ്റി ആകുലപ്പെടുന്ന മനസ് നമുക്ക് പരിചയമുള്ളതാണ്, നമ്മുടെ മിക്ക രാഷ്ട്രീയനേതാക്കളുടെയും പല ഉദ്യോഗസ്ഥരുടെയും നിര്‍മാണക്കമ്പനിക്കാരുടെയും മനസാണത്, ഒരു ശാസ്ത്രജ്ഞന്റേതല്ല, മനുഷ്യത്വത്തിന് മുന്‍ഗണന കൊടുക്കുന്ന ഒരാളുടേതല്ല.
ഞാന്‍ ഇദ്ദേഹത്തെ കുറ്റം പറയില്ല. നമ്മുടെ നാട്ടിലെ ജിയോളജി വിദഗ്ധരില്‍, പ്രത്യേകിച്ചും സര്‍ക്കാരില്‍ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നവരില്‍ മിക്കവര്‍ക്കും ഇതേ നിലപാടാണ്. എന്ത് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആ വകുപ്പ് ഈ നാട്ടില്‍ മിക്ക പാറമടകള്‍ക്കും അനുമതി കൊടുക്കുന്നതെന്ന് നാട്ടുകാര്‍ക്കറിയാം. ഈ ഖന ന സ്ഥലങ്ങള്‍ ഒരിക്കലെങ്കിലും ഒന്നുപോയി കാണാന്‍ ഇവര്‍ തയാറായാല്‍ പിന്നെ അനുമതി പുതുക്കുകയെങ്കിലും ചെയ്യില്ല. ഖന നത്തിനായി മേല്‍മണ്ണ് മാറ്റുമ്പോള്‍ അത് നശിപ്പിക്കരുതെന്നും ഖന നം അവസാനിച്ചാല്‍ ആ കുഴി മൂടി അതിനു മേല്‍ മുന്‍പ് മാറ്റിവച്ച മേല്‍മണ്ണിട്ടു നികത്തി കൃഷിയോഗ്യമാക്കണമെന്ന വ്യവസ്ഥയുണ്ടോ നിയമത്തില്‍. ആറു മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ ഖന നം നടത്തിയാല്‍ സ്റ്റെപ്പ് കെട്ടണം എന്ന വ്യവസ്ഥയുണ്ട്.
ആരൊക്കെ ഇത് ചെയ്യുന്നുവെന്ന് നോക്കാറുണ്ടോ ഇനിയും പലതുമുണ്ട്. ഏറ്റവും ചുരുങ്ങിയത് സര്‍ക്കാരിന് ഇവര്‍ അടക്കേണ്ട തുക എത്രയാണെന്നുള്ള ശരിയായ കണക്കിവര്‍ നല്‍കാറുണ്ടോ പല ഒഴികഴിവുകള്‍ പറഞ്ഞ് ഇവര്‍ക്ക് രക്ഷപ്പെടാം. ഞാന്‍ സര്‍ക്കാര്‍ ജിയോളജി വിദഗ്ധരുടെ കാര്യമാണ് പറയുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ വിലയിരുത്തി കേരള നിയമസഭയുടെ പരിസ്ഥിതി സമിതി നല്‍കിയ റിപ്പോര്‍ട്ട് ഈ വിദഗ്ധന്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല. അതില്‍ പല പ്രാവശ്യം ആവര്‍ത്തിച്ചു വിമര്‍ശിക്കപ്പെടുന്ന വകുപ്പാണ് മൈനിങ് ജിയോളജി എന്നുള്ള വസ്തുത നമ്മുടെ മുന്നിലുണ്ട്. കേരളത്തിന്റെ മണ്ണ് സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കുണ്ടായിട്ടുള്ള വീഴ്ച സമിതി എടുത്തുപറയുന്നുണ്ട്. അശാസ്ത്രീയമായ ഖനാനുമതികള്‍ എങ്ങനെ പ്രളയത്തെ മഹാദുരന്തമാക്കി എന്ന് സമിതി കണ്ടെത്തുന്നുണ്ട്. (ഇദ്ദേഹത്തിനെന്തു നിയമസഭയും ലോകസഭയും).
ഈ മഹാദുരന്തത്തിനുള്ള പ്രധാനകാരണങ്ങളായി ഇദ്ദേഹം കണ്ടെത്തുന്നത് റബര്‍ കൃഷിയും മഴക്കുഴികളും മറ്റുമാണത്രെ. ഇതിന്റെ ലക്ഷ്യം വ്യക്തമാണ്. ഖന നമാണ് പ്രധാനം, കൃഷിയല്ല. നിര്‍മാണ ലോബികളെ രക്ഷിക്കണം. കഴിയുമെങ്കില്‍ കര്‍ഷകരെ അവിടെനിന്നും ഓടിക്കണം. ഖനനലോബി എങ്ങനെ പ്രവര്‍ത്തിക്കണമെന്നും ഇദ്ദേഹം പറയുന്നു. ചെറിയ പാറമടകള്‍ വേണ്ട. 'സൂപ്പര്‍ ക്വാറികളാണ് നമുക്കുവേണ്ടത്. രണ്ട് ജില്ലക്കുവേണ്ടി ഒരു വലിയ ക്വാറി മതിയാകും. അങ്ങനെ ചെയ്താല്‍ കെട്ടിട നിര്‍മാണ വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകില്ല.' ഇവിടെ മനുഷ്യജീവന്‍ അത്ര വലിയ വിഷയമല്ല.
ഇടതുമുന്നണിയുടെ മാനിഫെസ്റ്റോയില്‍ പാറ, മണല്‍, മണ്ണ് മുതലായവയുടെ ഖന നവും വിതരണവും പൊതുമേഖലയിലാക്കും എന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രകൃതിവിഭവങ്ങള്‍ മുതലായവ പരിമിതമാണെന്നതിനാല്‍ അവയുടെ ലഭ്യത വരും തലമുറകള്‍ക്കുമടക്കം നീതിപൂര്‍വകമായി ലഭ്യമാക്കണമെന്നുള്ള ലക്ഷ്യം നേടണമെങ്കില്‍ ഇത് അനിവാര്യമാണ്. നിയമസഭാ പരിസ്ഥിതി സമിതി ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. ഇങ്ങനെ ഒരു നിര്‍ദേശവും ഈ വിദഗ്ധന്‍ പറയുന്നില്ല. ആരെ സഹായിക്കാനാണ് ഇദ്ദേഹം ഇങ്ങനെ പറയുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. അദാനിമാര്‍ക്കു മാത്രമേ ഇങ്ങനെയുള്ള സുപ്പര്‍ ക്വാറികള്‍ ഉണ്ടാക്കാന്‍ കഴിയു എന്ന് വ്യക്തം.ഇനി ഗാഡ്ഗില്‍ കമ്മിറ്റിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ അതി നീചമായ അഭിപ്രായം കൂടി പരിശോധിക്കണം. പാരിസ്ഥിതിക ദുര്‍ബലമായ ഒന്നാണ് പശ്ചിമഘട്ടം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ ഒരു സമിതിയെ പശ്ചിമഘട്ടത്തില്‍ മേഖലാവിഭജനം നടത്തി അതിന്റെ സന്തുലനം നിലനിര്‍ത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. അതിനെ കേവലം ഒരു നാടകമെന്ന് പറയുക വഴി ഇദ്ദേഹം നിയമത്തെയും അതനുസരിച്ചു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെയുമാണ് അപമാനിക്കുന്നത്. ഒരു ജിയോളജിസ്റ്റില്ലെന്നതാണ് ആ സമിതിയുടെ കുഴപ്പമായി അദ്ദേഹം കാണുന്നത്. ഒരു വിദഗ്ധ സമിതിയെ നാടകമെന്ന് വിളിക്കുന്ന ധാര്‍ഷ്ട്യം അംഗീകരിക്കാന്‍ കഴിയില്ല. ഇത് കേവലം ഒരു ചെറിയ അപഭ്രംശമല്ല. ഇത്രയധികം പറയുന്നതിനിടയില്‍ ഒരുവട്ടം പോലും പരിസ്ഥിതി എന്ന വാക്ക് അദ്ദേഹം ഉപയോഗിക്കുന്നില്ല. കാരണം അങ്ങനെ ഒന്നുള്ളതായി അദ്ദേഹം കരുതുന്നില്ല. ഇനി അദ്ദേഹത്തെ വിമര്‍ശിക്കുന്നതില്‍ എന്ത് കാര്യം.
വാല്‍ക്കഷണം: ഇദ്ദേഹത്തെപ്പോലൊരു ജിയോളജിസ്റ്റ് അതില്‍ ഇല്ലാതിരുന്നത് നമ്മുടേ ഭാഗ്യം. അല്ലെങ്കില്‍ ഇവിടെ ആകെ സുപ്പര്‍ ക്വാറികള്‍ മാത്രമാകും. അക്ഷരാര്‍ഥത്തില്‍ കര്‍ഷകര്‍ കളരിക്ക് പുറത്താകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി 

Kuwait
  •  21 days ago
No Image

ട്രെയിൻ തട്ടി യുവതി മരിച്ചു, പേരിലെ സാമ്യത കേട്ട് ഓടിയെത്തിയ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  21 days ago
No Image

20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

Kerala
  •  21 days ago
No Image

നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ആത്മഹത്യാ പ്രേരണയിൽ മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

Kerala
  •  21 days ago
No Image

മുദൈബിയില്‍ വാഹനാപകടം രണ്ടു മരണം 22പേര്‍ക്ക് പരിക്ക് 

oman
  •  21 days ago
No Image

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

Kerala
  •  21 days ago
No Image

ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്; അന്താരാഷ്ട്ര ക്രിമിനൽ കോടതി

International
  •  21 days ago
No Image

വിദേശികള്‍ക്ക് സ്വന്തം പേരില്‍ രണ്ടു വാഹനങ്ങള്‍ മാത്രം; അറിയിപ്പുമായി സഊദി

Saudi-arabia
  •  21 days ago
No Image

കണ്ണൂരിൽ വനിതാ പൊലിസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

Kerala
  •  21 days ago
No Image

വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്; അധികചെലവും അമിതഭാരവും

Tech
  •  21 days ago