ഗതാഗതകുരുക്കൊഴിയുമെന്ന പ്രതീക്ഷയില്‍ യാത്രക്കാര്‍; താഴെചൊവ്വ പാലം ഉദ്ഘാടനമായി
കണ്ണൂര്‍: കണ്ണൂര്‍-തലശ്ശേരി ദേശീയപാതയിലെ ഗതാഗതകുരുക്കിന് പരിഹാരമായി നിര്‍മിച്ച താഴെചൊവ്വ പുതിയപാലം 29നു രാവിലെ 9.30ന് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
പാലത്തിന്റെ പ്രവൃത്തി പൂര്‍ണമായി. പഴയപാലത്തിന്റെ ഒന്നര മീറ്റര്‍ പടിഞ്ഞാറേക്ക് മാറിയാണ് പുതിയ പാലം നിര്‍മിച്ചത്.
ഇരുപാലത്തിന്റെ ഇടയില്‍ അലങ്കാര പുല്ല് വിരിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും വൈദ്യുതി വിളക്കുകള്‍ ഇല്ലാത്തതിനാല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്റെ കീഴില്‍ ഉദ്ഘാടനത്തിനു മുന്‍പ് വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുമെന്ന് താഴെചൊവ്വ വാര്‍ഡ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ്. ഷഹീദ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 12നാണ് താഴെചൊവ്വ പുതിയപാലത്തിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. നടപ്പാത ഉള്‍പ്പെടെ 9.80 മീറ്റര്‍ വീതിയിലാണ് പാലം.
കണ്ണൂര്‍ ഭാഗത്തേക്ക് 70 മീറ്ററും തലശ്ശേരി ഭാഗത്തേക്ക് 30 മീറ്ററും നീളത്തിലാണ് അനുബന്ധ റോഡ് നിര്‍മ്മിച്ചത്. അനുബന്ധ റോഡിനായി കോണ്‍ക്രീറ്റ് ബിത്തി നിര്‍മിച്ചു. സമീപത്തുള്ള വീടുകളിലേക്കുളള വഴിയും നിര്‍മിച്ചിട്ടുണ്ട്. സിറ്റി ഭാഗത്തേക്കും ചക്കരക്കല്ല് ഭാഗത്തേക്കുമുള്ള റോഡുകളില്‍ ഗതാഗത കുരുക്കു രൂക്ഷമായതോടെയാണ് പുതിയപാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
മേലെചൊവ്വ മുതല്‍ മണിക്കൂറുകള്‍ നീളുന്ന കുരുക്കില്‍ ജനം അകപ്പെടാന്‍ തുടങ്ങിയത് മുതല്‍ വലിയ പാലം വേണമെന്ന ആവശ്യമുയരുകയായിരുന്നു.
യു.ഡി.എഫ് ഭരണകാലത്ത് പാലത്തിന്റെ പ്രവൃത്തിയ്ക്കുള്ള നടപടി ആരംഭിക്കുകയും മാറിവന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുടെ പ്രവൃത്തി വേഗത്തിലാക്കുകയായിരുന്നു.
കാസര്‍കോട് സ്വദേശി എം.എസ് അബ്ദുല്‍ ഹക്കീമാണ് കരാറുകാരന്‍. പുതിയ പാലം യാഥാര്‍ഥ്യമായെങ്കിലും ചിലസമയങ്ങളില്‍ തെഴുക്കിലെ പീടിക ഭാഗത്തുള്ള റോഡ് വീതി കൂട്ടാത്തതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ടെന്നും ഇവിടെ റോഡു വീതികൂട്ടണമെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. പുതിയപാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചതും ജി. സുധാകരന്‍ തന്നെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."