സഊദിയില്‍ മോഷണക്കേസില്‍ മലയാളിയുടെ കൈപ്പത്തി മുറിച്ചു മാറ്റാനുള്ള വിധി റദ്ദാക്കി
ദമാം: മോഷണക്കേസില്‍ കൈപ്പത്തി മുറിച്ചു മാറ്റണമെന്ന വിധിയെത്തുടര്‍ന്ന് തളര്‍ന്ന മലയാളിക്കും കുടുംബത്തിനും ആശ്വസിക്കാം. സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കൈപ്പത്തി മുറിച്ചു മാറ്റാനുള്ള വിധി അപ്പീല്‍ കോടതി റദ്ദാക്കി.
മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട് ഒന്‍പതു മാസമായി ജയിലില്‍ കഴിയുന്ന ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വലതു കൈപ്പത്തി മുറിച്ചു മാറ്റാനുള്ള കോടതി വിധിയാണ് അപ്പീല്‍ കോടതി റദ്ദാക്കിയത്. സഊദി അറേബ്യയിലെ തെക്കന്‍ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി കഴിഞ്ഞ ഏപ്രിലിലാണ് ആലപ്പുഴ സ്വദേശിയായ മലയാളി യുവാവിന്റെ വലതു കൈപ്പത്തി മുറിച്ചു മാറ്റാന്‍ ഉത്തരവിട്ടത്.
വിധിക്കെതിരേ യുവാവ് സാമൂഹിക പ്രവര്‍ത്തകരുടെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സഹായത്തോടെ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് അബഹയിലെ അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ച് കേസിനെ കുറിച്ചു പഠിച്ച ശേഷമാണ് കൈപ്പത്തി മുറിച്ചുമാറ്റാനുള്ള ക്രിമിനല്‍ കോടതി വിധി റദ്ദാക്കിയത്. പകരം നാലുവര്‍ഷം തടവും 400 അടിയും ശിക്ഷയായി വിധിച്ചു.
മോഷണം നടത്തിയ കേസില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യുവാവിന്റെ വലതു കൈപ്പത്തി മുറിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്. അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സഊദി റെസ്റ്റോറന്റിലെ ലോക്കറില്‍നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാല്‍ നഷ്ടപ്പെട്ടിരുന്നു.
അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തില്‍ ആറു വര്‍ഷമായി ജോലി ചെയ്തിരുന്ന മലയാളി യുവാവ് പിടിയിലാകുന്നത്. നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ ബാത്ത് റൂമില്‍നിന്നു കണ്ടെടുക്കുകയും യുവാവിനെതിരേ സാക്ഷികള്‍ സംഭവം ബോധ്യപ്പെടുത്തുകയും യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ശരീഅത്ത് അനുസരിച്ചുള്ള വിധി നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതിനെതിരേ ഖമീസ് മുശൈത്തിലെ ക്രിമിനല്‍ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.
സ്‌പോണ്‍സറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാര്‍ഥം നാട്ടില്‍ പോകേണ്ടിവന്നപ്പോള്‍ ഇദ്ദേഹം ജാമ്യം നില്‍ക്കുകയും അയാള്‍ തിരിച്ച് വരാതിരുന്നപ്പോള്‍ സ്‌പോണ്‍സര്‍ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ അഥവാ മൂന്നര ലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടില്‍നിന്ന് കടം വാങ്ങിയും വസ്തുക്കള്‍ വിറ്റുമാണ് സ്‌പോണ്‍സര്‍ക്ക് ഈ സംഖ്യ കൊടുത്തത്.
ഭാഷ വശമില്ലാത്തതിനാലും ഭയം മൂലവും കാര്യങ്ങള്‍ കോടതിയെ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്താന്‍ തനിക്കു കഴിഞ്ഞില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."