ഗള്‍ഫ് പ്രതിസന്ധി: ഖത്തരി പൗരന്മാരുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നു
ദോഹ: ഉപരോധത്തിന്റെ ദുരിതമനുഭവിക്കുന്ന നിരവധി പൗരന്മാരില്‍ നിന്ന് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തില്‍ സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റയ്ന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി (എന്‍.എച്ച്.ആര്‍.സി). ഉപരോധത്തിലൂടെ ജി.സി.സി പൗരന്മാര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച നിയമനടപടികള്‍ക്ക് അന്താരാഷ്ട്ര നിയമ കമ്പനിയെ ചുമതലപ്പെടുത്തുമെന്നും എന്‍.എച്ച്.ആര്‍.സി അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളുടെ നടപടി കൂട്ടശിക്ഷയ്ക്കും അന്താരാഷ്ട്ര കുറ്റകൃത്യത്തിനും തുല്യമാണെന്ന് എന്‍.എച്ച്.ആര്‍.സി ചെയര്‍മാന്‍ അലി ബിന്‍ സമൈക്ക് അല്‍മര്‍റി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഖത്തര്‍ ഭീകരതയെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് സഊദി അറേബ്യ, ബഹ്‌റയ്ന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. അതോടൊപ്പം കര, വ്യോമ, കടല്‍ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. ഖത്തരികള്‍ക്ക് രാജ്യം വിടുന്നതിന് സഊദിയും ബഹ്‌റയ്‌നും യു.എ.ഇയും 14 ദിവസമാണ് അനുവദിച്ചത്. അത്രയും ദിവസത്തിനകം തങ്ങളുടെ പൗരന്മാര്‍ ഖത്തറില്‍ നിന്നു മടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്‍.എച്ച്.ആര്‍.സിക്ക് ലഭിച്ച 700 പരാതികളില്‍ കേസ് ഫയല്‍ തയ്യാറാക്കാന്‍ ഖത്തര്‍ ലോയേഴ്‌സ് അസോസിയേഷനോട് ആവശ്യപ്പെട്ടതായി അല്‍മര്‍റി പറഞ്ഞു. 20 വര്‍ഷമായി യു.എ.ഇയില്‍ ജീവിക്കുന്ന ഖത്തരി പൗരത്വമുള്ളയാളുടെ കേസ് അല്‍മര്‍റി പ്രത്യേകം ചൂണ്ടിക്കാട്ടി. വീടോ ജോലിയോ വരുമാനമോ ഇല്ലാതെയാണ് അദ്ദേഹം യു.എ.ഇയില്‍ നിന്ന് തിരിച്ചയക്കപ്പെട്ടത്. ഇത് ഒരു ശരിയായ മനുഷ്യാവകാശ വിഷയമാണെന്ന് അല്‍മര്‍റി പറഞ്ഞു. അന്താരാഷ്ട്ര നിയമ കമ്പനി ബന്ധപ്പെട്ട രാജ്യങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ദേശീയ കോടതികളില്‍ നഷ്ടപരിഹാരം തേടുകയും ചെയ്യുമെന്ന് അല്‍മര്‍റി കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ വേര്‍പെട്ടുപോവുന്ന അവസ്ഥയാണ്. ഇത്തരം നിരവധി കുടുംബങ്ങളെക്കുറിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."