റിവര്‍ ക്രൂയിസ് ടൂറിസം കുതിക്കാം ജലപാതയിലൂടെ കണ്ണൂരും കാസര്‍കോടും ഒരുങ്ങുന്നു
കണ്ണൂര്‍: കായലുകളെയും നദികളെയും ഉപയോഗപ്പെടുത്തി ടൂറിസം വികസനത്തിനു ഉത്തര മലബാര്‍ ഒരുങ്ങുന്നു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ഉള്‍പ്പെടുത്തിയുള്ള 'റിവര്‍ ക്രൂയിസ് ടൂറിസം സര്‍ക്യൂട്ട്' പദ്ധതിയിലൂടെയാണു നവതരംഗം സൃഷ്ടിക്കാന്‍ ടൂറിസം വകുപ്പ് ഒരുങ്ങുന്നത്. കണ്ണൂരിലെ ധര്‍മടം-മുഴപ്പിലങ്ങാട്, വളപട്ടണം പുഴ, കുപ്പം പുഴ, തലശ്ശേരി പുഴ, പഴശ്ശി ഡാം, വെള്ളിക്കീല്‍ എന്നിവയും കാസര്‍കോട്് ജില്ലയിലെ ചീമേനി പുഴ, കാര്യങ്കോട് പുഴ, കവ്വായി, ഉപ്പള കായല്‍, ഷിറിയ നദി, എന്നിവയും ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിനു പുറമെ ഉത്തരമലബാറിലെ കലാരൂപങ്ങള്‍, ഗ്രാമീണ ജീവിതം എന്നിവയും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
തെയ്യം, കളരിപ്പയറ്റ്, വിളക്ക്, പ്രതിമ, ശില്‍പ നിര്‍മാണം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായാണ് റിവര്‍ ക്രൂയിസം പദ്ധതിയും നടപ്പിലാക്കുക.
2016ല്‍ നടന്ന ട്രെയ്ഡ് റിസേര്‍ച്ച് സര്‍വേയില്‍ കേരളത്തില്‍ വിദേശ വിനോദസഞ്ചാരികളുടെ കുറവു കണ്ടെത്തിയിരുന്നു. ഈ കുറവു പരിഹരിക്കുന്നതിനാണു വിവിധ പദ്ധതികള്‍ ടൂറിസം രംഗത്തു നടപ്പിലാക്കുന്നത്. റിവര്‍ ക്രൂയിസ് ടൂറിസത്തില്‍ ഗ്രാമീണ മേഖലയിലെ വികസനത്തിനൊപ്പം പ്രത്യക്ഷവും പരോക്ഷവുമായും തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇരുജില്ലകളിലും പരീക്ഷണാടിസ്ഥാനത്തിലാണു നദീതീര ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും റിവര്‍ ക്രൂയിസ് ടൂറിസം വ്യാപിപ്പിക്കും. ഇതിനുപുറമെ പരമ്പരാഗത വിനോദസഞ്ചാരം, തീര്‍ഥാടന ടൂറിസം പദ്ധതികള്‍ എന്നിവക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെയും പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."