'ചില്ല' യുടെ വായനാസംവാദം
റിയാദ്: 'സത്യാനന്തരകാലത്തെ ഇന്ത്യ' സംവാദവിഷയമായ ചില്ലയുടെ പ്രതിമാസ വായനാസംവാദ പരിപാടി റിയാദില്‍ സംഘടിപ്പിച്ചു. ഇന്ത്യ എന്ന ഒരു ജനാധിപത്യ ജനസഞ്ചയത്തിന്റെ വഴിമദ്ധ്യേ സര്‍വ്വവിധ അധികാരസന്നാഹങ്ങളുമുള്ള ഇടിവണ്ടിയായി ക്രോസ് ചെയ്യുന്ന സംഘപരിവാര്‍ സര്‍ക്കാരിന്റെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങളും ഭീഷണികളുമാണ് ചില്ലയുടെ പ്രതിമാസ എന്റെ വായന അതിന്റെ ഏറ്റവും പുതിയ വേദിയില്‍ ചര്‍ച്ച ചെയ്തത്. വസ്തുതകളുമായി ബന്ധമില്ലാത്ത നുണകളുടെ നിര്‍മാണവും പ്രചാരവുംവഴി കൃത്രിമമായ അവബോധം നിര്‍മിക്കുകയാണ് സത്യാനന്തര രാഷ്ട്രീയം ചെയ്യുന്നതതെന്നും പൗരന്മാരുടെ ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയെ മാത്രമല്ല, ബൗദ്ധികസാംസ്‌കാരിക മേഖലകളെയെല്ലാം അത് അപകടത്തിലാക്കുകയാണ്.
ഇന്ത്യന്‍ ഇന്റലിജന്‍ഷ്യയുടെ അടയാളങ്ങളില്‍ ഒന്നായ വിഖ്യാത ചരിത്രകാരി റൊമീള ഥാപറിനോട് ജെ എന്‍ യു അധികാരികള്‍ ബയോഡാറ്റ ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുന്നു. കശ്മീര്‍ കമ്പിച്ചുറ്റുകള്‍ക്കിടയിലാണ്. അസമില്‍ പത്തൊമ്പതു ലക്ഷത്തിലേറെ ജനങ്ങള്‍ കോണ്‍സണ്ട്രേഷന്‍ ക്യാമ്പിലേക്ക് എടുത്തെറിയപ്പെടാന്‍ പോകുകയാണ്. അടിസ്ഥാനപ്രശ്‌നങ്ങളില്‍ യോജിപ്പോടെ മുന്നേറാന്‍ സാദ്ധ്യതയില്ലെങ്കില്‍ ഇന്ത്യന്‍ സമൂഹത്തെ അനുദിനം ഭയം വിഴുങ്ങിക്കൊണ്ടിരിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു.
'എന്റെ വായന' സെഷനില്‍ സുധ മൂര്‍ത്തിയുടെ 'വൈസ് ആന്റ് അദര്‍വൈസ്' എന്ന പുസ്തകത്തിന്റെ വായനാനുഭവം നടത്തിക്കൊണ്ട് സുരേഷ് കൂവോട് പരിപാടിക്ക് തുടക്കം കുറിച്ചു. മറ്റു പുസ്തകങ്ങള്‍ എം ഫൈസല്‍ (വിപി സിംഗിന്റെ കവിതകള്‍), ബീന (ഓര്‍മ്മച്ചിപ്പ് കെ വി പ്രവീണ്‍ ), ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ (സാമൂഹ്യരേഖ രാഹുല്‍ സാംകൃത്യായന്‍) എന്നിവര്‍ അവതരിപ്പിച്ചു. സുരേഷ് ലാല്‍, കൊമ്പന്‍ മൂസ, സജിത്ത് കെ പി, ഹരികൃഷ്ണന്‍ കെ പി, ലീന സുരേഷ്, സുനില്‍, വിനയന്‍, അബ്ദുള്‍റസാഖ് മുണ്ടേരി, നൗഷാദ് കോര്‍മത്ത് എന്നിവര്‍ സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."