ശബരിമല: സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി എം.എം മണി
മുക്കം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി എന്ത് തന്നെയായാലും സര്‍ക്കാര്‍ അത് നടപ്പിലാക്കുമെന്നും ഇതിനെ എതിര്‍ക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്ഗത്തിലാണന്നും സംസ്ഥാന വൈദ്യുതി മന്ത്രി എം.എം മണി. രാജ്യത്ത് ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്. സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം എന്നിവ നിയമവിധേയമാക്കിയ കോടതി വിധികളിലെല്ലാം അതാണ് കാണാനായതെന്നും അദ്ദേഹം പറഞ്ഞു. കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പില്‍ സി.പി.എം സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് പരിഷ്ക്കരണം നടപ്പാക്കുമ്പോഴും അതിന് എതിര്‍പ്പുണ്ടാവും. സതി നിര്‍ത്തലാക്കിയപ്പോഴും അന്ന് സ്ത്രീകള്‍ അതിനെതിരേ രംഗത്ത് വന്നിരുന്നു. ശബരിമലയില്‍ യുവതികള്‍ പോയാല്‍ ഒന്നും സംഭവിക്കില്ലെന്നും തിരുവിതാംകൂര്‍ രാജകുടുംബത്തിലെ യുവതികള്‍ അവിടെ പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരേയും രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രസംഗിച്ചത്. സര്‍ക്കാരിനെ ഒരു ചുക്കും ചെയ്യാന്‍ അമിത്ഷാക്ക് കഴിയില്ലെന്നും സംസ്ഥാനത്തെ പ്രളയ നഷ്ടത്തെ കുറിച്ച് ഒന്നും മിണ്ടാന്‍ അമിത്ഷാക്ക് കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനയും നിരാശാജനകമാണ്.
പേരിന് വേണ്ടി മാത്രം അമിത് ഷാക്കെതിരേ പ്രതികരിച്ചവര്‍ അപ്പന് ചത്താല്‍ കട്ടിലില്‍ കിടക്കാമെന്ന വിധത്തിലാണ് സംസാരിച്ചതെന്നും മന്ത്രി പരിഹസിച്ചു. കെ.പി ഷാജി അധ്യക്ഷനായി. ജോര്‍ജ് എം. തോമസ് എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി ടി. വിശ്വനാഥന്, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, നാസര്‍ കൊളായി, അഡ്വ. കൃഷ്ണകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."