ഐ.സി.സി റാങ്കിങില്‍ ഓസീസ് ആധിപത്യം ബാറ്റിങില്‍ സ്മിത്ത്; കോലി രണ്ടാമത്
ദുബായ്: ഐ.സി.സിയുടെ പുതിയ ടെസ്റ്റ് റാങ്കിങിലും ആസ്‌ത്രേലിയന്‍ ആധിപത്യം. ആഷസ് ടെസ്റ്റ് പരമ്പരയിലൂടെ ഗംഭീര തിരിച്ചുവരവു നടത്തിയ ഓസീസ് സ്റ്റാര്‍ ബാറ്റ്
സ്മാന്‍ സ്റ്റീവ് സ്മിത്ത് ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബൗളിങില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും ഒന്നാം റാങ്കില്‍ തുടരുകയാണ്. ആഷസിലെ പ്രകടനത്തോടെ റാങ്കിങിലെ രണ്ടാം സ്ഥാനക്കാരനായ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായുള്ള അകലം സ്മിത്ത് വര്‍ധിപ്പിച്ചിട്ടുമുണ്ട്. 937 പോയിന്റോടെ സ്മിത്ത് തലപ്പത്ത് നില്‍ക്കുമ്പോള്‍ 34 പോയിന്റ് പിന്നിലായി രണ്ടാമതാണ് കോലി. 857 പോയിന്റാണ് ഇന്ത്യന്‍ നായകനുള്ളത്.
ആഷസിലെ അവിശ്വസനീയ പ്രകടനം തന്നെയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ കൂടിയായ സ്മിത്തിനെ ഒന്നാം റാങ്ക് തിരിച്ചുപിടിക്കാന്‍ സഹായിച്ചത്. ആഷസ് പരമ്പര ആരംഭിക്കുന്നതിനു മുമ്പ് കോലി ഒന്നാമനും സ്മിത്ത് നാലാമനുമായിരുന്നു. എന്നാല്‍ 18 മാസത്തിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തിരിച്ചുവന്ന് ആഷസില്‍ നാലു ടെസ്റ്റുകളില്‍ നിന്നും 110 റണ്‍ ശരാശരിയോടെ 774 റണ്‍സ് നേടിയതോടെ സ്മിത്ത് വന്‍ കുതിപ്പ് നടത്തി കോലിയെ മറികടക്കുകയായിരുന്നു. പരമ്പരയില്‍ മൂന്നു ഗംഭീര സെഞ്ചുറികളും മൂന്ന് അര്‍ധശതകവുമാണ് താരം നേടിയത്. 68 ടെസ്റ്റുകളില്‍ നിന്ന് 64.56 എന്ന ശരാശരിയുള്ള സ്മിത്തിനു മുന്നിലുള്ളത് സാക്ഷാല്‍ ബ്രാഡ്മാന്‍ മാത്രമാണ്. 52 ടെസ്റ്റില്‍ 99.94 എന്ന സ്വപ്നതുല്യമായ ശരാശരിയാണ് ക്രിക്കറ്റ് ഇതിഹാസമായ ബ്രാഡ്മാന്റെ പേരിലുള്ളത്.
ഇംഗ്ലണ്ടിന്റെ പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചര്‍ക്കും ആഷസിലെ പ്രകടനം മുതല്‍ക്കൂട്ടായി. കരിയറിലാദ്യമായി താരം ആദ്യ 40നുള്ളില്‍ ഇടം നേടി.
ഓസീസിനു വേണ്ടി ആഷസില്‍ നടത്തിയ മിന്നുന്ന ബൗളിങ് പ്രകടനമാണ് ബൗളിങില്‍ കമ്മിന്‍സിനെ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചത്. അഞ്ചു ടെസ്റ്റുകളില്‍ നിന്നും 29 വിക്കറ്റുകളാണ് പേസര്‍ കൊയ്തത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയേക്കാള്‍ 57 പോയിന്റിന് മുന്നിലാണ് കമ്മിന്‍സ്. ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് മൂന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."