ജില്ലയില്‍ രണ്ടുപേര്‍ക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ രണ്ടുപേര്‍ക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു. മാവൂര്‍ കണ്ണിപറമ്പ് സ്വദേശിയായ യുവാവ്, ചെമ്മരത്തൂര്‍ സ്വദേശിയായ മധ്യവയസ്‌ക എന്നിവര്‍ക്കാണ് ഇന്നലെ ഡിഫ്തീരിയ സ്ഥിരീകരിച്ചത്. ഇന്നലെ ഒന്‍പതു പേരെ ഡിഫ്തീരിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയങ്ങാടി സ്വദേശിയായ യുവതി, ഫറൂഖ് കോളജ് സ്വദേശിയായ യുവതി, തൂണേരി സ്വദേശിയായ മധ്യവയസ്‌ക, കല്ലുരുട്ടി സ്വദേശിയായ മധ്യവയസ്‌കന്‍, ചേലക്കാട് സ്വദേശിയായ മധ്യവയസ്‌ക, മാങ്കാവ് സ്വദേശിയായ പത്താം ക്ലാസുകാരി, ചെലവൂര്‍ സ്വദേശിയായ എട്ടുവയസുകാരന്‍, വടകര സ്വദേശിയായ നാലുവയസുകാരന്‍, കോടഞ്ചേരി സ്വദേശിയായ ഏഴുവയസുകാരന്‍ എന്നിവരാണ് ഇന്നലെ ഡിഫ്തീരിയ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ജില്ലയില്‍ ഡിഫ്തീരിയ വ്യാപകമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട്ടേക്കും മലപ്പുറത്തേക്കും ആവശ്യമായ വാക്‌സിനുകള്‍ എത്തിക്കാനും രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്രം കൈക്കൊള്ളണമെന്നും എം.കെ രാഘവന്‍ എം.പി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു.
ജില്ലയില്‍ ഇന്നലെയും രണ്ടുപേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. അഴിയൂര്‍ സ്വദേശിയായ 35കാരന്‍, കൊടുവള്ളി സ്വദേശിയായ യുവതി എന്നിവര്‍ക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇരുവരും സംസ്ഥാനത്തിന് പുറത്തുപോയി തിരിച്ചുവന്നവരാണ്. ഇതുവരെ മലേറിയ ബാധിച്ചവരെല്ലാം കേരളത്തിന് പുറത്തുപോയി തിരിച്ചുവന്നവരാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇന്നലെയും പനി ബാധിച്ച് 1328 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 27 പേരെ കിടത്തി ചികിത്സയ്ക്ക് വിധേയമാക്കി. വയറിളക്കം ബാധിച്ച് ഇന്നലെ 333 പേരും ചികിത്സ തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."