യാത്രാ ദുരിതം തീരാതെ കണയം-പൊയ്‌ലൂര്‍ നിവാസികള്‍
പട്ടാമ്പി: പതിറ്റാണ്ടുകളായുള്ള കണയം, പൊയ്‌ലൂര്‍ നിവാസികളുടെ യാത്രാപ്രശ്‌നത്തിന് ഇനിയും പരിഹാരമായില്ല. റേഷന്‍കട, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലേക്കുള്ള ഏക വഴിയാണ് റെയില്‍പ്പാളത്തിന് മുകളിലൂടെയുള്ളത്. കണയത്തേക്കെത്തുന്നതിനായി പൊയ്‌ലൂര്‍ നിവാസികള്‍ക്ക് റെയില്‍പ്പാളം മുറിച്ച്് കടക്കുക തന്നെ വേണം. പൊയ്‌ലൂര്‍, ഓങ്ങല്ലൂര്‍, ചൂരക്കോട് മേഖലയിലേക്ക് പോകാനും തിരിച്ച് ഷൊര്‍ണൂര്‍, വല്ലപ്പുഴ, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയും ഇതാണ്.
ഷൊര്‍ണൂര്‍ നഗരസഭയിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട സ്ഥലമാണ് ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പൊയ്‌ലൂര്‍ പ്രദേശത്തെ വഴി. ആശുപത്രി ഉള്‍പ്പെടെ ഗുരുതര പ്രശ്‌നങ്ങള്‍ക്കുപോലും പലപ്പോഴും കിലോമീറ്ററുകള്‍ അധികമായി ഓടേണ്ട അവസ്ഥയിലാണിവര്‍. കണയത്ത് റെയില്‍പ്പാളത്തിനിരുവശവും നഗരസഭയുടെ റോഡ് നില്‍ക്കുന്നുണ്ട്. റെയില്‍പ്പാളത്തിന് താഴെയുള്ള കമാനത്തിനടിയിലൂടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും കടന്നുപോയിരുന്നു. എന്നാലിപ്പോള്‍ സമീപത്തെ തോട് പൊട്ടിയതോടെ വെള്ളം ഇതുവഴി ഒഴുകിയെത്തുന്നതിനാല്‍ ഇതും സാധ്യമല്ലാതായി.
പൊയ്‌ലൂരുള്ളവര്‍ക്ക് കണയത്തേക്കെത്താനും തിരിച്ച് പോകാനും റെയില്‍പ്പാളം മുറിച്ച് കടക്കണം. പൊയ്‌ലൂര്‍ മേഖലയില്‍ 400 കുടുംബങ്ങളിലായി 1,500 പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി പാളം കടന്നുള്ള യാത്രയെ ആശ്രയിക്കുന്നത്. പ്രശ്‌നം പരിഹരിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം നിരവധിതവണ റെയില്‍വേ അധികൃതരുടെ അടുത്തെത്തിയെങ്കിലും പാളത്തിലൂടെയുള്ള റോഡ് യാഥാര്‍ഥ്യമായില്ല. മുന്‍ കൗണ്‍സിലര്‍ മുഹമ്മദ് നല്‍കിയ പരാതിയില്‍ റെയില്‍വേ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കു ശേഷം മേല്‍പ്പാലമോ റെയില്‍വേ ഗേറ്റോടുകൂടിയ ക്രോസിങോ വേണമെന്ന് റെയില്‍വേ അറിയിച്ചു. മൂന്നരക്കോടിയോളം രൂപ ഇതിനായി റെയില്‍വേ ആവശ്യപ്പെട്ടത്. ഇതോടെ സുഗമമായ യാത്ര എന്ന സ്വപ്നം സ്വപ്നമായിത്തന്നെ നിലനിര്‍ത്തേണ്ടിവന്നിരിക്കയാണ്. പ്രശ്‌നം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. ഇക്കാര്യത്തില്‍ പരാതിലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗേറ്റ് സ്ഥാപിച്ച് റോഡ് നിര്‍മിക്കാനാവശ്യപ്പെട്ട് എം.പിയെ സമീപിക്കുമെന്ന് നഗരസഭാധ്യക്ഷ വി. വിമല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."