രോഗശയ്യയില്‍ നാവായിക്കുളം പ്രാഥമികാരോഗ്യകേന്ദ്രം
കല്ലമ്പലം: കിളിമാനൂര്‍ ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്തായ നാവായിക്കുളം പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം രോഗാവസ്ഥയില്‍ ആയിട്ട് നാളേറെയായി. ദിനം പ്രതി നൂറോളം രോഗികള്‍ ചികിത്സക്കെത്തിയിരുന്ന ഇവിടം ഇപ്പോള്‍ ആളൊഴിഞ്ഞ അമ്പലപ്പറമ്പ് പോലെയാണ് കാണുന്നത്. ഡോക്ടര്‍ കൃത്യമായി എത്താത്തത്, മെഡിക്കല്‍, പാരാമെഡിക്കല്‍, ഹെല്‍ത്ത് ജീവനക്കാരുടെ കൃത്യനിഷ്ഠയില്ലായ്മ, നാവായിക്കുളം പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ എന്നിവയെല്ലാം ചേര്‍ന്നപ്പോള്‍ ആരോഗ്യ കേന്ദ്രം അനാരോഗ്യ കേന്ദ്രമായി മാറി. സാമ്പത്തിക ഭദ്രതയുള്ളവര്‍ സ്വകാര്യ ആശുപത്രികളിലും മറ്റും ചികിത്സതേടുമ്പോള്‍ പാവപ്പെട്ട രോഗികളുടെ കാര്യം കഷ്ടത്തിലുമായി. പനിയും ശരീരവേദനകളും മറ്റുമായി വരുന്നവര്‍ക്ക് വെറും പാരസെറ്റോമോള്‍ കൊടുത്തു വിടുക മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടു നിലയുള്ള ആരോഗ്യ കേന്ദ്രത്തില്‍ ഒന്നാം നിലയില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ലാബ്, പാലിയേറ്റീവ് കെയര്‍ ബ്ലോക്കുകള്‍ പ്രവര്‍ത്തിക്കുന്നു. രണ്ടാം നിലയില്‍ ഓഫിസും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് എന്നിവരുടെ ഓഫിസുമാണ്. മനോഹരമായ ആശുപത്രി കെട്ടിടവും ശുചിത്വ പൂര്‍ണമായ പരിസരവും. പക്ഷേ രോഗചികിത്സയും ആരോഗ്യ പ്രവര്‍ത്തനങ്ങളും യഥാസമയം നടക്കുന്നില്ല. നാവായിക്കുളം പഞ്ചായത്തിനടുത്തായി നിര്‍മിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാംനില 2005ല്‍ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്ററാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് 2010ല്‍ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച രണ്ടാംനില പി.കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ രാജന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് ബി.പി മുരളി പാലിയേറ്റീവ് കെയര്‍ (സാന്ത്വന ചികിത്സ) ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഒ.പി പ്രവര്‍ത്തനം, ലാബ് പരിശോധന, ഗര്‍ഭിണികളുടെ പരിശോധന, പ്രതിരോധ കുത്തിവെയ്പ്, എന്‍.സി.ഡി ക്ലിനിക്ക്, മരുന്ന് വിതരണം, ശനിയാഴ്ച തോറും, ക്ഷയരോഗ ചികിത്സ, മലമ്പനി ചികിത്സ, സ്ത്രീ വന്ധ്യംകരണത്തിനുള്ള ചികിത്സ, പുരുഷവന്ധ്യം കരണ ചികിത്സ, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, പകര്‍ച്ചവ്യാധി നിയന്ത്രണം, ശുചിത്വ പരിശോധനയും അനുബന്ധ പ്രവര്‍ത്തനങ്ങളും, മാസത്തില്‍ ഒരു ദിവസം പി.എച്ച്.സി ക്ക് കീഴിലുള്ള ആറ് സബ് സെന്ററുകളില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍, ആശാ പ്രവര്‍ത്തകരുടെ നിയന്ത്രണവും സേവനവും, സാന്ത്വന ചികിത്സ, കിടപ്പുരോഗികളുടെ ഗൃഹ സന്ദര്‍ശനവും, മരുന്ന് വിതരണവും ഉള്‍പ്പെടെ വിപുലമായ ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നു. 2017 വരെ ഒരു വിധം നന്നായിനടന്നു. എന്നാല്‍ 2018 ല്‍ പഴയ ഡോക്ടര്‍ മാറി പുതിയ ഡോക്ടര്‍ ചാര്‍ജ് എടുത്തതോടെ എല്ലാം താളം തെറ്റി. പ്രതിദിനം 300 ഓളം ഒ.പി രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ഡോക്ടര്‍ ഉള്ളത്.
അതും ചിലപ്പോള്‍ മുടങ്ങും. മെഡിക്കല്‍ ഓഫിസര്‍ ഇല്ലെങ്കില്‍ ഹെല്‍ത്ത് സ്റ്റാഫും കൃത്യമായി വരുകയില്ല. ഫാര്‍മസിസ്റ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് 24 ആശ വക്കര്‍മാര്‍, ലാബ് ടെക്‌നിഷ്യന്‍ ആറ് സബ്‌സെന്ററിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെ പി.എച്ച്.സിയില്‍ ഏകദേശം അന്‍പതോളം പേരാണ് സേവനമനുഷ്ടിക്കുന്നത്. പഞ്ചായത്തിന് കീഴില്‍ വരുന്ന ആരോഗ്യകേന്ദ്രം പഞ്ചായത്തിനോട് ചേര്‍ന്നാണെങ്കിലും ഭരണ സമിതി ശ്രദ്ധിക്കുന്നില്ല. മരുന്ന് വാങ്ങികൊടുക്കുന്നതിലും പി.എച്ച്.സി പ്രവര്‍ത്തനങ്ങള്‍ മോണിറ്ററിങ് നടത്തുന്നതിലും പഞ്ചായത്ത് സമ്പൂര്‍ണ പരാജയമാണ്. സ്റ്റാഫുകള്‍ കൃത്യമായി വരുന്നുണ്ടോന്നുപോലും ആരും ശ്രദ്ധിക്കാറില്ല. രോഗികളില്‍ ഏറിയ പങ്കും പള്ളിക്കല്‍ സി.എച്ച്.സിയിലാണ് പോകുന്നത്. നാവായിക്കുളം പി.എച്ച്.സിയുടെ പ്രവര്‍ത്തനം പരിതാപകരമായി മുന്നോട്ട് പോകുമ്പോഴും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും തിരിഞ്ഞുനോക്കാതെ നിശ്ശബ്ദത പാലിക്കുകയാണ്. 2000 മുതല്‍ 2015 വരെ വളരെ നന്നായി പ്രവര്‍ത്തിച്ച പി.എച്ച്.സിയ്ക്കാണ് ഈ ദുര്‍ഗതി. എല്ലാവര്‍ഷവും പി.എച്ച്.സിക്ക് ബഡ്ജറ്റിലും, പദ്ധതികളിലും തുക അനുവദിച്ച് കൃത്യമായി നടപ്പാക്കിയിരുന്നു. സ്വന്തം ഫണ്ടുപയോഗിച്ച് കേരളത്തിലാദ്യമായി ക്ലിനിക്കല്‍ ലാബ് സംവിധാനവും പഞ്ചായത്ത് ഏര്‍പ്പെടുത്തിയിരുന്നു. 108 ആംബുലന്‍സ് സര്‍വിസും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം നിര്‍ത്തലാക്കി. സാന്ത്വന ചികിത്സയിലും, ഒ.പി ചികിത്സയിലും പിഴവുകള്‍ ഉണ്ട്.
പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് ഭരണസമിതി, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, മെഡിക്കല്‍ ഓഫിസര്‍ എന്നിവരുടെ അടിയന്തര ശ്രദ്ധ പതിയണം. ലാബ് ടെക്‌നിഷ്യന്‍, പാലിയേറ്റീവ് കെയര്‍, വാന്‍ ഡ്രൈവര്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തോളം ശമ്പള കുടിശ്ശിക ഉള്ളതായി പരാതിയുണ്ട്. അതൊക്കെ പരിഹരിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."