കാക്കി ക്രിമിനലുകള്‍ക്കെതിരേയുള്ള നടപടി ഉന്നതര്‍ മുക്കി
തിരുവനന്തപുരം: കാക്കിയിട്ട പൊലിസ് ക്രിമിനലുകളെ പിരിച്ചുവിടണമെന്നുള്‍പ്പെടെയുള്ള ശുപാര്‍ശ പൊലിസിലെ ഉന്നതര്‍ ഇടപെട്ട് മുക്കി.
ക്രൈം ഡി.ജി.പി അധ്യക്ഷനായും ഐ.ജി ഇന്റലിജന്‍സ്, ബറ്റാലിയന്‍ ഡി.ഐ.ജി, സെക്യൂരിറ്റി എസ്.പി, എന്‍.ആര്‍.ഐ സെല്‍ എസ്.പി എന്നിവരടങ്ങിയ സമിതിയാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരുടെ കേസുകള്‍ പരിശോധിച്ചത്. ഇതില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനാണ് സമിതി ശുപാര്‍ശ ചെയ്തത്. ഇതില്‍ ചിലരെ പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഡി.ജി.പിക്ക് സമിതി ശുപാര്‍ശ നല്‍കിയത്. എന്നാല്‍ പിന്നീട് ഇതില്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
സ്ത്രീപീഡനം, കൊലപാതകശ്രമം, കുട്ടികളെ പീഡിപ്പിക്കുക തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരാണ് പട്ടികയിലുണ്ടായിരുന്നത്. സംസ്ഥാന പൊലിസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1,129 ഉദ്യോഗസ്ഥരുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് ഏപ്രിലില്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖയില്‍ വ്യക്തമാക്കിയിരുന്നത്. പത്തു ഡിവൈ.എസ്.പിമാരും എട്ട് സി.ഐമാരും എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 195 ഉദ്യോഗസ്ഥരുമാണ് പട്ടികയിലുണ്ടായിരുന്നത്.
തുടര്‍ന്ന് ഏപ്രില്‍ 24ന് ഡി.ജി.പി സമിതിക്ക് രൂപം നല്‍കി. സമിതി ഓരോ കേസും വിശദമായി പരിശോധിച്ച് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പേരുണ്ടെന്ന് കണ്ടെത്തി.
പിന്നീട് ഈ പട്ടിക വീണ്ടും പരിശോധിച്ചതിനു ശേഷമാണ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 59 പേരുടെ അന്തിമ പട്ടിക തയാറാക്കിയത്.ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ സേനയുടെ അച്ചടക്കത്തിന് ഭീഷണിയാണെന്നും അവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നുമാണ് സമിതി ശുപാര്‍ശ ചെയ്തിരുന്നത്. ശാരീരികവും മാനസികവും പെരുമാറ്റപരവുമായി ഒരാള്‍ പൊലിസ് ജോലിക്ക് 'അണ്‍ഫിറ്റ് ' ആണെങ്കില്‍ അയാളെ പുറത്താക്കാമെന്നാണ് കേരള പൊലിസ് ആക്ടിലെ 86 (സി) വകുപ്പില്‍ പറയുന്നത്. പക്ഷേ പൊലിസ് അസോസിയേഷനിലെ ചിലര്‍ ഇടപെട്ട് നടപടി വൈകിപ്പിക്കുകയായിരുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. എന്നാല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."