സര്‍ക്കാരിന്റെ ദയ കാത്ത് സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ്
നിലമ്പൂര്‍: സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കിവരുന്ന സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും തഴയപ്പെടുന്നു.
വരുമാന പരിധിയില്‍ കാലോചിതമായ മാറ്റം വരുത്താത്തതു മൂലമാണ് നിരവധി അപേക്ഷകള്‍ നിരസിക്കപ്പെടുന്നത്. മാതാപിതാക്കള്‍ ഇരുവരും അല്ലെങ്കില്‍ ഇവരില്‍ ആരെങ്കിലും ഒരാള്‍ മരിച്ചുപോയാല്‍ കുട്ടികളെ സംരക്ഷിക്കുന്നതിനായാണ് സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ് നടപ്പാക്കിവരുന്നത്.
അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്കും അഞ്ചാം ക്ലാസ് വരെ പഠിക്കുന്നവര്‍ക്കും വര്‍ഷം 3000 രൂപയും ആറു മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്നവര്‍ക്ക് 5000 രൂപയും പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് 7500 രൂപയും ബിരുദ, ബിരുദനന്തര, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് 10000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുക.
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരായിരിക്കണം. വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശങ്ങളാണെങ്കില്‍ 20,000ത്തില്‍ കൂടാന്‍ പാടില്ല. നഗരപ്രദേശങ്ങളിലാകട്ടെ 22,375 രൂപയാണ് വാര്‍ഷിക വരുമാനം നിജപ്പെടുത്തിയിരിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സുവര്‍ണ ജൂബിലി സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ മറ്റെല്ലാ സ്‌കോളര്‍ഷിപ്പുകള്‍ക്കും സര്‍ക്കാര്‍ വാര്‍ഷിക വരുമാന പരിധി നിശ്ചയിച്ചിട്ടുള്ളത് രണ്ടുലക്ഷം രൂപയാണെന്നിരിക്കേ 15 വര്‍ഷം മുമ്പുള്ള അതേ വാര്‍ഷിക വരുമാന പരിധിയില്‍നിന്നു യാതൊരുമാറ്റവും സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പിന് വരുത്തിയിട്ടില്ല. ദാരിദ്ര്യ രേഖയ്ക്കു താഴെയാണെങ്കിലും ഓണ്‍ലൈന്‍ ചെയ്യുമ്പോള്‍ വാര്‍ഷിക വരുമാനം കൊടുക്കല്‍ നിര്‍ബന്ധമാണ്. കൂടാതെ വില്ലേജ് ഓഫിസര്‍ അനുവദിച്ച സര്‍ട്ടിഫിക്കറ്റ് നമ്പറും തിയതിയും ഓണ്‍ലൈനില്‍ നിര്‍ബന്ധമായും കൊടുത്താലേ സ്ഥാപന മേധാവികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാവൂ. അര്‍ഹരായ വിദ്യാര്‍ഥികള്‍ പ്രത്യേക ഫോറത്തില്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കുകയും സ്ഥാപന മേധാവി ഓണ്‍ലൈനായി ഇവ അയക്കുകയുമാണ് ചെയ്യുന്നത്. ഈ മാസം 31 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.
എന്നാല്‍, ഇത്രയും കുറഞ്ഞ വരുമാന സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ വില്ലേജ് ഓഫിസര്‍മാര്‍ തയാറാവുന്നില്ലെന്നാണ് ആക്ഷേപം. ഒരു ദിവസം മിനിമം 75 രൂപ വരുമാനം കാണിച്ചാല്‍ തന്നെ വാര്‍ഷിക വരുമാനം 27,000 രൂപയോളമാവും. 100ല്‍ കുറഞ്ഞ വരുമാനം ഉള്ള കുടുംബങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നാണ് റവന്യൂ അധികൃതരുടെ കണ്ടെത്തല്‍. ഏറ്റവും ചുരുങ്ങിയ വാര്‍ഷിക വരുമാനം 25,000 രൂപ കാണിച്ചാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍ ഇതു നല്‍കുന്നതോടെ സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ് നിരസിക്കപ്പെടുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം 70 ശതമാനം കുട്ടികള്‍ക്കും ഈ സ്‌കോളര്‍ഷിപ്പ് നിരസിക്കപ്പെട്ടിരിക്കുകയാണ്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരാണെങ്കിലും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പിനു പുറമേ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
വരുമാന പരിധി ഉയര്‍ത്തുകയോ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാതിരിക്കുകയോ ചെയ്താല്‍ നിരവധി അനാഥരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന്റെ പ്രയോജനം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."