തര്‍ക്കം പരിധി വിട്ടപ്പോള്‍ പൊലിസ് ലാത്തിച്ചാര്‍ജ്; വിദ്യാര്‍ഥിക്ക് പരുക്ക്
കാളികാവ്: സ്രാമ്പിക്കല്ലില്‍ പൊലിസ് ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ഥിക്കു പരുക്ക്. സ്രാമ്പിക്കല്ലിലെ ചെറുവാണക്കാടന് മുജീബ് റഹ്മാന്റെ മകന് വാരിസി(17) നാണു പരുക്കേറ്റത്. ഞായറാഴ്ച രാത്രി സ്രാമ്പിക്കല്ലിലുണ്ടായ സംഘര്ഷത്തിനിടയിലാണു പൊലിസ് ലാത്തി വീശിയത്. സ്രാമ്പിക്കല്ല് പുല്ലങ്കോട് ഭാഗങ്ങളിലുള്ളവര്‍ തമ്മിലുണ്ടായ പ്രാദേശിക പ്രശ്നമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. വാരിസ് പിതാവിന്റെകൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് എസ്.ഐയുടെ അടിയേറ്റത്. സംഭവവുമായി ബന്ധമില്ലാത്ത വിദ്യാര്‍ഥിയെ അക്രമിച്ചുവെന്നാരോപിച്ചു നാട്ടുകാര്‍ പൊലിസിനെതിരേ തിരിഞ്ഞു. എസ്.ഐ കെ.എ സാബു ഉള്‍പ്പെടെ സംഘത്തിലുണ്ടായിരുന്ന പൊലീസുകാരെ തടയുകയും പൊലിസ് വാഹനത്തിന്റെ താക്കോല്‍ നാട്ടുകാര്‍ ഊരുകയും ചെയ്തു. പിതാവിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന വാരിസിനെ ഒരു പ്രകോപനവുമില്ലാതെയാണ് എസ്.ഐ മര്‍ദിച്ചതെന്നാണു നാട്ടുകാര്‍ പറയുന്നത്.
സംഘര്‍ഷം ഒഴിവാക്കാനാണ് ലാത്തി വീശിയതെന്ന് കെ.എ സാബു പറഞ്ഞു. സംഘര്‍ഷത്തിനിടയില്‍ മുഖം നോക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ലാത്തിയടിയേറ്റു പരുക്കേറ്റ വാരിസിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകോപനം സൃഷ്ടിച്ച നാട്ടുകാര്‍ക്കെതിരേയും കേസെടുത്തു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും എസ്.ഐയെ അക്രമിച്ചതിനുമാണു കേസെടുത്തത്. പരുക്കേറ്റു ചികിത്സ തേടിയ വാരിസ്, പിതാവ് മുജീബ് റഹ്മാന് എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയെ അക്രമിച്ചതില്‍ പ്രതിഷേധിക്കുക മാത്രമാണു നാട്ടുകാര്‍ ചെയ്തിട്ടുള്ളതെന്നും എസ്.ഐ ആക്രമിച്ചുവെന്നതു ശരിയല്ലെന്നും വാര്‍ഡംഗം ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ ഏരിയ സെക്രട്ടറി കെ.എസ് അന്‍വര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."