കഞ്ചാവു മാഫിയ അക്രമ പരമ്പര; താണ്ണിശ്ശേരിയിലും കുടുംബത്തിനു നേരെ ആക്രമണം
താണിശ്ശേരി: തുടര്‍ച്ചയായുള്ള കഞ്ചാവു സംഘത്തിന്റെ ആക്രമണങ്ങള്‍ ഇരിങ്ങാലക്കുടയില്‍ ഭീതി പരത്തുന്നു.
താണിശ്ശേരി ആഴ്ചങ്ങാട്ടില്‍ സുധാകരനും മകന്‍ സുജിത്ത് സുധാകരനും ആണ്് ഇത്തവണ കഞ്ചാവു സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ഇവര്‍ പുതുതായി പണിതു കൊണ്ടിരിക്കുന്ന വീട്ടില്‍ ഞായറാഴ്ച രാത്രി 10.30ന് അജ്ഞാതരായ ആളുകളെ കാണുന്നു എന്ന് പരിസരവാസികള്‍ പറഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിക്കാന്‍ പോയതാണ് സുധാകരനും മകനും.
കഞ്ചാവു വലിച്ച് തങ്ങളുടെ പണി തീരാത്ത വീട്ടില്‍ ഇരിക്കുന്ന ആറംഗ സംഘത്തോട് അവിടെ നിന്നു പോകണമെന്ന് പറഞ്ഞെങ്കിലും സുധാകരന്റേയും മകന്റേയും നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. സുധാകരനു മുഖത്തും ഇടുപ്പിനും സാരമായ പരുക്കേറ്റിട്ടുണ്ട്. മകനു തലയിലും മറ്റും അടിയേറ്റു. കൊല്ലുമെന്നു ഭീക്ഷണി മുഴക്കിയെന്നും അവര്‍ പറയുന്നു. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കാട്ടൂര്‍ പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കോരഞ്ചേരി നഗറില്‍ കുറിപ്പത്ത് വീട്ടില്‍ അശോകനേയും ഭാര്യ അമ്മിണിയേയും മകന്‍ അജിത്തിനേയും കഞ്ചാവു സംഘം വീടു കയറി ആക്രമിച്ചത്. ഇരിങ്ങാലക്കുട എക്‌സൈസ് ഓഫിസ് ആക്രമണവും അതേ ദിവസം തന്നെ അതേ കഞ്ചാവു സംഘം ആക്രമണം നടത്തിയിരുന്നു. താണിശ്ശേരിയിലും കിഴുത്താണി കുഞ്ഞിലിക്കാട്ടില്‍ അമ്പലത്തിനു പുറകുവശത്തും പൊറത്തിശ്ശേരി ഭാഗങ്ങളിലും ഇത്തരം കഞ്ചാവു സംഘങ്ങള്‍ വിലസുന്നുണ്ടെന്നു പരിസരവാസികള്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."