പി.വി അന്‍വറിനെതിരേയുള്ള കേസന്വേഷണം ക്രൈംബ്രാഞ്ചിന്
കൊച്ചി: ക്വാറിയിലെ പങ്കാളിത്ത കച്ചവടത്തിന് വാഗ്ദാനം നല്‍കി 50 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരായ കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് നല്‍കി ഹൈക്കോടതി ഉത്തരവ്.
കര്‍ണാടകയിലെ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അന്‍വര്‍ പണം തട്ടിയെന്നാരോപിച്ച് മലപ്പുറം ഏറനാട് സ്വദേശി സലിം നല്‍കിയ പരാതിയില്‍ മഞ്ചേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിന് വിട്ടത്.
എം.എല്‍.എ എന്ന നിലയില്‍ അന്‍വര്‍ സ്വാധീനിക്കാന്‍ സാധ്യതയുള്ളയാളാണെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കേണ്ടത്. ഇതിന് ഒരുമാസത്തിനുള്ളില്‍ ഡി.ജി.പി ഉത്തരവ് ഇറക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയായില്ലെന്നും യോഗ്യതയും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥന് അന്വേഷണം കൈമാറാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹരജി.
ഹരജിക്കാരനില്‍ നിന്ന് അന്‍വര്‍ പണം വാങ്ങി കരാറിലേര്‍പ്പെട്ടതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡി.ജി.പി ഉത്തരവിറക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."