മരട് നഷ്ടപരിഹാരത്തിനായി 38 പേര്‍ കൂടി സത്യവാങ്മൂലം നല്‍കി; അവധിയായിരുന്നിട്ട് കൂടി സ്വീകരിച്ച് സബ് കലക്ടര്‍
കൊച്ചി: മരട് ഫഌറ്റുപൊളിക്കലുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കാന്‍ 38പേര്‍ ഞായറാഴ്ച സത്യവാങ്മൂലം നല്‍കി. മരട് നഗരസഭയിലെത്തി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിനാണ് മുദ്രപത്രം ഉള്‍പ്പെടെയുള്ള അപേക്ഷ സമര്‍പ്പിച്ചത്. നഷ്ടപരിഹാരം വേഗത്തില്‍ നല്‍കാന്‍, അവധി ദിനമായിരുന്നെങ്കിലും ഞായറാഴ്ച തന്നെ പ്രത്യേക ഫോമില്‍ അപേക്ഷ സ്വീകരിക്കുകയായിരുന്നു.
ഞായറാഴ്ച 46പേര്‍ അപേക്ഷ വാങ്ങിയിരുന്നെങ്കിലും എട്ട് പേര്‍ക്ക് വിവിധ കാരണങ്ങളാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. 200 രൂപയുടെ മുദ്രപത്രം ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ നഗരസഭയ്ക്ക് കൈമാറുന്നവര്‍ക്ക് രണ്ടുദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍ നഷ്ടപരിഹാരത്തുക ലഭ്യമാകുമെന്ന് സബ്കലക്ടര്‍ പറഞ്ഞു.
നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ സമിതി മുന്‍പാകെ 241 അപേക്ഷകളാണ് ലഭ്യമായത്. ഇതില്‍ രേഖകള്‍ പൂര്‍ണമായി സമര്‍പ്പിച്ച 107പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായിരുന്നു കഴിഞ്ഞദിവസം തീരുമാനിച്ചത്. ഇതില്‍ പതിമൂന്ന് പേര്‍ക്ക് മാത്രമാണ് 25ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കുന്നത്. സമിതി മുന്‍പാകെയെത്തിയ ബാക്കി അപേക്ഷകള്‍ തിങ്കളാഴ്ച പരിഗണിക്കും. അതേസമയം ഫഌറ്റ് പൊളിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്ന കമ്പനികളുമായി കരാര്‍ ഒപ്പിടുന്നത് വൈകിയേക്കുമെന്നാണ് സൂചന.
സുപ്രിംകോടതിയില്‍ കേസിന്റെ പുരോഗതി അറിയിക്കുന്ന 25നുമുന്‍പ് കരാര്‍ ഒപ്പിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫഌറ്റ് പൊളിക്കാന്‍ സെലക്ഷന്‍ നോട്ടിസ് നല്‍കിയിരിക്കുന്ന കമ്പനികള്‍ വിശദമായ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം എടുക്കും. പഠനറിപ്പോര്‍ട്ട് ലഭ്യമായതിനുശേഷമായിരിക്കും കരാര്‍ ഒപ്പിടുക.എച്ച്.ടു.ഒ ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവ മുംബൈ കേന്ദ്രമായ എഡിഫസ് എന്‍ജിനീയറിങ്ങായിരിക്കും പൊളിക്കുക.ആല്‍ഫ വേഞ്ച്വേഴ്‌സിന്റെ ഇരട്ട സമുച്ചയം പൊളിച്ചുമാറ്റുന്നത് ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍സ് കമ്പനിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."