ബ്രെക്സിറ്റ് ഉടമ്പടി: ബ്രിട്ടീഷ് മന്ത്രിസഭയില്‍ കൂട്ട രാജി
ലണ്ടന്‍: ബ്രിട്ടനും യൂറോപ്യന്‍ യൂനിയനുമിടയില് ബ്രെക്സിറ്റ് ഉടമ്പടിയുടെ കരടുരേഖയില്‍ ധാരണയായതിനു പിറകെ തെരേസാ മേ മന്ത്രിസഭയില്‍ കൂട്ട രാജി. ബ്രെക്സിറ്റ് മന്ത്രി ഉള്‍പ്പെടെ നാലു മന്ത്രിമാരാണ് ഇന്നലെ രാജിവച്ചത്.
ബ്രെക്സിറ്റ് മന്ത്രി ഡൊമിനിക് റാബ്, പെന്ഷന് മന്ത്രി എസ്തര് മക്വേ, ജൂനിയര്‍ മന്ത്രിമാരായ സ്യുവെല്ല ബ്രേവര്മാന്, ഇന്ത്യന്‍ വംശജനായ ശൈലേഷ് വാറ എന്നിവരാണ് ഇന്നലെ മന്ത്രിസഭ വിട്ടത്. ഉടമ്പടിയില്‍ ധാരണയായതിനു പിറകേയുള്ള കൂട്ട രാജി സര്‍ക്കാരിനു വന്‍ തിരിച്ചടിയായിരിക്കുകയാണ്.
ബ്രെക്സിറ്റ് ഉടമ്പടിയില്‍ തീരുമാനങ്ങള്‍ അടിച്ചേല്പിക്കുന്നുവെന്നാരോപിച്ചാണ് മന്ത്രിമാരുടെ രാജി. യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്‍വാങ്ങുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ബ്രെക്സിറ്റ് കരട് ഉടമ്പടിയില്‍ ഇരു കക്ഷികളും തമ്മില്‍ ധാരണയായത്. ഇതിനു ബ്രിട്ടീഷ് മന്ത്രിസഭയും അംഗീകാരം നല്‍കിയിരുന്നു.
കരട് ഉടമ്പടിക്കെതിരേ നേരത്തേ തന്നെ സര്‍ക്കാരില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. വിദേശകാര്യ മന്ത്രി, മുന്‍ ബ്രെക്സിറ്റ് മന്ത്രി എന്നിവരടക്കം പ്രമുഖര്‍ ഇതിന്റെ പേരില്‍ നേരത്തേതന്നെ രാജിവയ്ക്കുകയും ചെയ്തു.
അതേസമയം, ബ്രിട്ടന് ആഗ്രഹിക്കുന്ന ഉടമ്പടിയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്നു തെരേസാ മേ പറഞ്ഞു. തെരേസാ മേ പിന്തുണ ഉറപ്പിച്ച ഡൊമിനിക് റാബിന്റെ രാജി അവര്‍ക്കു വലിയ തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയിലാണ് റാബ് ബ്രെക്സിറ്റ് മന്ത്രിയായി ചുമതലയേറ്റത്.
ഈ മാസം 25ന് ബ്രെക്സിറ്റ് ഉടമ്പടി ഔദ്യോഗികമായി നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ഇ.യു നേതാക്കളുടെ പ്രത്യേക ഉച്ചകോടി 25ന് ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."