കാബൂളില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ 29 മരണം
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ 29 മരണം. 60 പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ അഫ്ഗാന് പ്രവിശ്യയായ ഹെല്‍മന്തില്‍ ബാങ്കിനു നേരെയാണ് ആക്രമണം നടന്നത്.
ന്യൂ കാബൂള്‍ ബാങ്കിന്റെ ലഷ്കര്ഗാഹിലുള്ള ബ്രാഞ്ചിന്റെ ഗെയ്റ്റില്‍ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തലസ്ഥാനമായ കാബൂളില്‍ നിന്ന് 550 കിലോമീറ്റര്‍ അകലെയാണ് ലഷ്കര്‍ഗാഹ്. സുരക്ഷാ ജീവനക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാനും ഐ.എസ് ഭീകരരുമാണ് കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടന്നുവരുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍.
അഫ്ഗാന് സമയം ഉച്ചക്ക് 12 മണിയോടെയായിരുന്നു സ്ഫോടനം. സംഘത്തിലെ മറ്റ് ചാവേറുകള്‍ക്ക് ബാങ്കിനുള്ളില്‍ പ്രവേശിക്കാന്‍ സുരക്ഷിത താവളം ഒരുക്കാനായിരുന്നു സ്ഫോടനം. കാര്‍ബോംബ് ആക്രമണത്തിനു ശേഷവും മറ്റ് ചാവേറുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കൊല്ലപ്പെട്ടവരില്‍ പലരും പെരുന്നാളിന്റെ ഭാഗമായി ഷോപ്പിങ്ങിനെത്തിയവരാണെന്ന് അഫ്ഗാന് ചീഫ് എക്സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ലയുടെ വക്താവ് ട്വീറ്റ് ചെയ്തു.
അഫ്ഗാനിലെ താലിബാന് തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ രാജ്യാന്തര സുരക്ഷാ സഹായ സേന തിരച്ചില്‍ നടത്തുന്ന മേഖലയാണ് ഹെല്‍മന്ത് പ്രവിശ്യ. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി ആക്രമണങ്ങളാണ് അഫ്ഗാനില്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാസം കിഴക്കന്‍ നഗരമായ ഗാര്ഡ്സില് ബാങ്കിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് പൊലിസുകാര്‍ കൊല്ലപ്പെടുകയും മുപ്പതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മെയ് 31ന് കാബൂളിലുണ്ടായ മറ്റൊരു ഭീകരാക്രമണത്തില്‍ 150 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."