പ്രതിഷേധം ശക്തം; തൃപ്തി ദേശായി ഇന്നു തന്നെ മടങ്ങും
നെടുമ്പാശ്ശേരി: ശബരിമല സന്ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായി കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും 9.30നുള്ള വിമാനത്തില്‍ മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 13 മണിക്കൂറായി ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടിന് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തിലായിരുന്നു തൃപ്തി ദേശായി. ഇതിനാലാണ് ഇവര്‍ മടങ്ങുന്നത്.
പ്രതിഷേധക്കാരുടെ സാന്നിധ്യം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന നിലയിലെത്തിയതോടെ പോലിസ് തൃപ്തി ദേശായിയുമായി നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തി. ആദ്യം സമ്മതിച്ചില്ലെങ്കിലും ഒടുവില്‍ പ്രതിഷേധം ശക്തമാകുന്നത് കണ്ടാണ് മടങ്ങിപ്പോകാന്‍ സന്നദ്ധത അറിയിച്ചത്.
പുനെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തൃപ്തിയും സംഘവും എത്തിയത്.
മണിക്കൂറുകളായി വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ തന്നെ കഴിയുകയാണ് തൃപ്തിയും കൂട്ടരും.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ ശരണം വിളികളുമായി സ്ത്രീകളുള്‍പ്പെടെയുള്ള നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധിച്ചത്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യം ലഭ്യമായിട്ടില്ല. പ്രതിഷേധക്കാരെ ഭയന്ന് ടാക്സികളും ഓണ്‍ലൈന്‍ ടാക്സികളും യാത്രയ്ക്ക് തയ്യാറായിട്ടില്ല.
ഇരുമുടിക്കെട്ടില്ലാതെ, വ്രതം പോലുമെടുക്കാതെ വന്ന അവരെ ഒരിക്കലും ശബരിമലയിലേക്ക് കടത്തിവിടില്ലെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്. പൊലിസ് വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അവരെ കാര്യം പറഞ്ഞ് മനസിലാക്കി തിരിച്ചയക്കണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു.
ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പൊലിസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോട്ടയത്ത് റൂമെടുത്ത് താമസിച്ച ശേഷം നാളെ ശബരിമല ദര്‍ശനത്തിന് പോകാനാണ് തൃപ്തിയുടെയും സംഘത്തിന്റെയും പദ്ധതി. ഇരുമുടിക്കെട്ട് തയാറാക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും ദര്‍ശനം നടത്താതെ തിരിച്ചു പോകില്ലെന്നും തൃപ്തി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ തൃപ്തി മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."