ദീപാവലി കഴിഞ്ഞതോടെ രൂക്ഷമായി ഡല്‍ഹിയിലെ വായുമലിനീകരണം
എ.ക്യു.ഐ പ്രകാരം 300 മുതല്‍ 400 വരെ പോയിന്റ് രേഖപ്പെടുത്തുന്നത് അതീവമോശം അവസ്ഥയുള്ളപ്പോഴാണ്. 50നും 100 ഇടയില്‍ തൃപ്തികരം എന്നാണ്
ന്യൂഡല്‍ഹി: പതിവ് തെറ്റിയില്ല. ദീപാവലി ആഘോഷത്തിന് പിന്നാലെ ഇത്തവണയും രൂക്ഷമായി രാജ്യതലസ്ഥാന നഗരിയിലെ അന്തരീക്ഷ മലിനീകരണ തോത്. ഇന്നലെ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്- എ.ക്യു.ഐ) ശരാശരി 327 ആണ് രേഖപ്പെടുത്തിയതെന്ന് ഗുണനിലവാരം അളക്കുന്ന കേന്ദ്രം (സഫര്‍) അറിയിച്ചു.
എ.ക്യു.ഐ പ്രകാരം 300 മുതല്‍ 400 വരെ പോയിന്റ് രേഖപ്പെടുത്തുന്നത് അതീവമോശം അവസ്ഥയുള്ളപ്പോഴാണ്. 50നും 100 ഇടയില്‍ തൃപ്തികരം, 100നും 200നും ഇടയില്‍ തരക്കേടില്ല, 200നും 300നും ഇടയില്‍ ആയാല്‍ മോശം എന്നിങ്ങനെയാണ് എ.ക്യു.ഐ നില സൂചിപ്പിക്കുന്നത്. 400 കടന്നാല്‍ അതീവ അപകടകരമായ അവസ്ഥയുമാണ്. 389 ആണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വായു മലിനീകരണ തോത്.
ഡല്‍ഹിയില്‍ ചാന്ദ്‌നി ചൗക്കിലാണ് ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ളത്. എ.ക്യു.ഐ 462 ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ധിര്‍പൂര്‍, ലോധി റോഡ്, ഐ.ഐ.ടി, ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, മഥുര റോഡ് എന്നിവിടങ്ങളിലെല്ലാം 350ന് അടുത്താണ്. ഡല്‍ഹി നഗരത്തിന് പുറമെ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും വായുമലിനീകരണം രൂക്ഷമാണ്.
നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് പടക്കം പൊട്ടിച്ചതാണ് വായുമലിനീകരണ തോത് ഉയരാന്‍ കാരണം. ദീപാവലിക്കു മുന്‍പേ ഡല്‍ഹിയില്‍ വായുമലിനീകരണം മോശമായ സ്ഥിതിയിലായിരുന്നു. അതേസമയം, പോയവര്‍ഷങ്ങളെ അപേക്ഷിച്ച് ദീപാവലിക്കു പിന്നാലെയുള്ള ദിവസം ഇത്തവണ മലിനീകരണതോത് കുറവാണ്. ആഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം കുറഞ്ഞതായും പൂര്‍ണമായി നിര്‍ത്താനുള്ള നടപടികളിലേക്കാണ് എത്തേണ്ടതെന്നും ഡെങ്കി പ്പനിയെ ഡല്‍ഹി മറികടന്ന പോലെ വായുമലിനീകരണവും മറികടക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."