സഖ്യത്തെ ഭയന്ന് ബി.ജെ.പിയുടെ കളി: ജമ്മു കശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു, കോണ്‍ഗ്രസും പി.ഡി.പിയും സുപ്രിംകോടതിയിലേക്ക്
ശ്രീനഗര്‍: ബി.ജെ.പി വിരുദ്ധ സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിനിടെ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍. കോണ്‍ഗ്രസ്, പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ബി.ജെ.പിയുടെ കൈയ്യിടല്‍.
ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടതോടെ ആറു മാസത്തിനുള്ളില്‍ ഇവിടെ തെരഞ്ഞെടുപ്പ് നടത്തണം. ഗവര്‍ണറുടെ ഭരണകാലാവധി അടുത്തമാസം അവസാനിക്കാനിരിക്കേയാണ് നടപടി. അതുകഴിഞ്ഞാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താമായിരുന്നു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഗവര്‍ണര്‍ സത്യപാല്‍ മാലിക് പ്രധാനമന്ത്രിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെയും കണ്ടിരുന്നു.
സഖ്യം രൂപീകരിക്കുന്നതിന്റെ മുന്നോടിയായി പി.ഡി.പി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ കക്ഷികള്‍ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബി.ജെ.പിക്കെതിരെ ജനകീയ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു ലക്ഷ്യം.
ജമ്മുകശ്മീരില്‍ പി.ഡി.പിക്ക് 28ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം എം.എല്‍.എമാരാണുള്ളത്. ഈ കക്ഷികളുടെ സഖ്യം രൂപപ്പെടുകയാണെങ്കില്‍ 44 എം.എല്‍.എമാര്‍ എന്ന ഭൂരിപക്ഷ സംഖ്യത്തിന് മറകടക്കാന്‍ സാധിക്കും. ചിരവൈരികളായ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചാല്‍ ജമ്മുകശ്മീരിന്റെ രാഷ്ട്രീയ സമവാക്യം തന്നെ മാറുമെന്ന സ്ഥിതി വന്നപ്പോഴാണ് ബി.ജെ.പിയുടെ ഇടപെടല്‍.
ബി.ജെ.പി പിന്തുണ പിന്‍വലിച്ചതോടെയാണ് ജമ്മുകശ്മീരിലെ പി.ഡി.പി സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് താഴെപ്പോയത്. ഇതേത്തുടര്‍ന്ന് അഞ്ചു മാസക്കാലമായി ഗവര്‍ണര്‍ ഭരണമാണുള്ളത്.
ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസും പി.ഡി.പിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."