പാര്‍ട്ടിയെ തിരുത്തിയ നേതാവ്
അന്‍സാര്‍ മുഹമ്മദ്
തിരുവനന്തപുരം: മക്കള്‍ രാഷ്ട്രീയത്തിന് കോണ്‍ഗ്രസിനെ വിട്ടുകൊടുക്കാതെ ലീഡറുടെ അടവിനെ തകര്‍ത്തെറിഞ്ഞ തിരുത്തല്‍ സംഘത്തിലെ രണ്ടാമനും കളമൊഴിഞ്ഞു. കെ.കരുണാകരനെന്ന തന്ത്രങ്ങളുടെ ഭീഷ്മാചര്യനെതിരേ തിരുത്തല്‍ ശക്തിയുമായി കളം നിറഞ്ഞ് നേതൃത്വത്തില്‍ മൂന്നു പേരുണ്ടായിരുന്നു. എം.ഐ ഷാനവാസ്, മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.കരുണാകരനെതിരേ ശക്തമായി രംഗത്തു വന്ന യുവ നേതൃത്വം. കെ.കരുണാകരന്റെ പുത്ര വാത്സല്യവും അന്നത്തെ യുവ നേതൃത്വത്തിനോടുള്ള ഭ്രഷ്ടും കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ കേരളത്തില്‍ വേരോടെ പിഴുതെറിയുമെന്ന സാഹചര്യം വന്നപ്പോഴാണ് തിരുത്തല്‍ സംഘം രാഷ്ട്രീയ ഭീഷ്മാചാര്യനെതിരേ രംഗത്തു വന്നത്. അന്ന് കെ.കരുണാകരന്റെ വിശ്വസ്തരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു എം.ഐ ഷാനവാസ്. എന്നാല്‍ കരുണാകരന്റെ അപ്രമാദിത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പുകഞ്ഞ് നിന്ന രോഷം പെട്ടെന്ന് പുറത്തു വരികയായിരുന്നു. വേണ്ടത്ര പരിഗണിക്കാത്തതും കരുണാകരനെതിരേ നിലപാട് ശക്തമാക്കാന്‍ ഷാനവാസിനെ പ്രേരിപ്പിച്ചു.
പിന്നീട് കാണുന്നത് തിരുത്തല്‍വാദികള്‍ എന്ന യുവരക്തങ്ങള്‍ കരുണാകരനെതിരേ പരസ്യമായി രംഗത്തു വന്നതാണ്. മികച്ച പ്രാസംഗികനായ ഷാനവാസ് കേരളത്തില്‍ അങ്ങോളമിങ്ങോളം കരുണാകരനെതിരേ വാളെടുത്തു. ഇത് മുന്നില്‍ കണ്ട് എ ഗ്രൂപ്പ് നേതൃത്വത്തില്‍ നിന്ന് തുടക്കത്തില്‍ ഷാനവാസിനും സംഘത്തിനും അനുകൂലമായ ചില നീക്കങ്ങളുണ്ടായെങ്കിലും പിന്നീട് വേണ്ട പിന്തുണ അവിടെ നിന്നുണ്ടായില്ല. പിന്നീട് കെ.കരുണാകരന് രാജിവയ്‌ക്കേണ്ടി വന്നു. തിരുത്തല്‍വാദ മുന്നേറ്റം ക്രമേണ മരവിപ്പിക്കപ്പെടുകയും ചെയ്തു.
കൂടെ നിര്‍ത്തിയതല്ലാതെ മറ്റൊരു സഹായവും കെ.കരുണാകരന്‍ ചെയ്തിട്ടില്ലെന്ന് തിരുത്തല്‍ ശക്തിയുമായി ഇറങ്ങിയപ്പോള്‍ ചില അടുപ്പക്കാരോട് ഷാനവാസ് പറഞ്ഞിരുന്നു. അവസാനം മനസില്ലാ മനസോടെ ഷാനവാസിന് സീറ്റുകള്‍ നല്‍കി. ഒന്നല്ല അതും അഞ്ചു തവണ. നല്‍കിയതാകട്ടെ സി.പി.എം കോട്ടയിലും. ഒരിക്കലും ജയിച്ചു കയറാന്‍ സാധിക്കാത്ത മണ്ഡലങ്ങളില്‍. സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ വടക്കേക്കരയാണ് 1987ല്‍ കന്നി അങ്കത്തിന് കിട്ടിയത്. അവിടെ തോല്‍വി ഏറ്റു വാങ്ങി. 1991ലും മറ്റൊരു മണ്ഡലം നല്‍കാതെ വടക്കേക്കരയില്‍ തന്നെ ഷാനാവാസിനെ ബലിയാടാക്കി. 1996ല്‍ പട്ടാമ്പിയില്‍, അവിടെയും ജയിച്ചു കയറാന്‍ കഴിഞ്ഞില്ല. പിന്നീട് ലോക്‌സഭയിലേക്കായിരുന്നു ഷാനവാസിന് സീറ്റു നല്‍കിയത്. അതും സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ ചിറയിന്‍കീഴില്‍. 1999 ലും 2004 ലും ഇവിടെയും പരാജയം ഏറ്റുവാങ്ങി.
അഞ്ചു തവണത്തെ തോല്‍വിക്കു ശേഷം 2009ല്‍ ഉറച്ച സീറ്റായ വയനാട്ടില്‍ ഷാനവാസിന് സീറ്റ് നല്‍കി. ഗ്രൂപ്പ് ഭേദമില്ലാതെ 'ഐ'യിലും 'എ'യിലും വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തിയ ഷാനവാസിന്റെ സ്വാധീനം മനസിലാക്കിയാണ് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തുന്നതിനായി ഷാനവാസിനെ ചുരം കയറ്റി വിട്ടത്. തോല്‍വിയുടെ പഴയ ചരിത്രത്തെ ഷാനവാസ് തിരുത്തിയത് ചരിത്രവിജയം സൃഷ്ടിച്ചാണ്. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍നിന്ന് ഷാനവാസ് വിജയിച്ചത്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോര്‍ഡുമായായിരുന്നു. 1993 ല്‍ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ എസ്. ശിവരാമന്‍ നേടിയ 1,32,652 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് 1,53,439 വോട്ട് ലീഡ് നേടി അന്ന് ഷാനവാസ് തിരുത്തിയത്. 2014ല്‍ സി.പി.ഐയിലെ സത്യന്‍ മൊകേരിയെയാണ് അദ്ദേഹം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്. കാല്‍ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് രണ്ടാം തവണ വയനാട്ടില്‍ ലഭിച്ചത്. വയനാടിന്റെ കാര്യത്തില്‍ മാത്രമല്ല, കേരളത്തിന്റെ മൊത്തം വികസനത്തിന് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."