കണക്കിലെ 'കളികള്‍'ക്ക് രേഖകളില്ല; പരിശോധന നീളുന്നു
കോഴിക്കോട്: കണക്കു പരിശോധനാ സമിതിക്ക് മുന്നില്‍ ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് നടത്തിപ്പിന് ചെലവഴിച്ച തുകയുടെ രേഖകള്‍ ഹാജരാക്കാതെ സംഘാടകര്‍ ഒളിച്ചുകളി തുടരുന്നു. സംഘാടക സമിതി ചെയര്‍മാനായ എം. മെഹബൂബ് കണ്‍വീനറായ പരിശോധനാ സമിതി ബുധനാഴ്ച മൂന്നാംവട്ടം യോഗം ചേര്‍ന്നപ്പോഴും മിനുട്ട്‌സും രേഖകളും സമിതിക്ക് മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.
29ന് രേഖകള്‍ ഹാജരാക്കാമെന്ന ഉറപ്പാണ് സംഘാടക സമിതിയിലെ പ്രമുഖര്‍ നല്‍കിയിരിക്കുന്നത്. വോളി ചാംപ്യന്‍ഷിപ്പ് നടത്തിപ്പില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് വരവ് ചെലവു കണക്കുകളുടെ പരിശോധനയ്ക്കായി പ്രത്യേക സമിതിയെ നിയോഗിച്ചത്. സമിതി മൂന്നു തവണ യോഗം ചേര്‍ന്നിട്ടും വരവ് ചെലവു കണക്കുകളെ സാധൂകരിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.
ക്രമക്കേടുകള്‍ സംബന്ധിച്ചു ഉയര്‍ന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാണ് രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ സംഘാടകര്‍ നടത്തുന്ന ഒളിച്ചുകളി.
കണക്കു പരിശോധനയ്ക്കായി ബുധനാഴ്ച രാവിലെ പത്തിനായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്.
പിന്നീട് രാത്രി ഏഴിലേക്ക് മാറ്റി. തുടങ്ങിയതാവട്ടെ രാത്രി ഒന്‍പതിനും. ഇതിനിടെ കണക്കുകള്‍ പരിശോധിക്കുന്ന സമിതിയിലെ ചില അംഗങ്ങളെ കൈയിലെടുക്കാനുള്ള ശ്രമവും സംഘാടക സിമിതിയിലെ ഉന്നതരുടെ നേതൃത്വത്തില്‍ നടന്നു. എതിര്‍പക്ഷം വഴങ്ങിയില്ല. കൃത്യമായ കണക്കുകളും രേഖകളും ഹാജരാക്കണമെന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. ഇതോടെ വെട്ടിലായ കണക്കു സൂക്ഷിപ്പുകാര്‍ രേഖകള്‍ ഹാജരാക്കാന്‍ സാവകാശം തേടുകയായിരുന്നു.
ദേശീയ വോളി ചാംപ്യന്‍ഷിപ്പിന് ശേഷം കഴിഞ്ഞ ജൂലൈ 27ന് കോഴിക്കോട് ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചിരുന്നു. കണക്കുകള്‍ സുതാര്യമല്ലെന്നും ക്രമക്കേടുകള്‍ നടന്നതായും ഒരു വിഭാഗം ആരോപണം ഉന്നയിച്ചതോടെയാണ് ഇരുപക്ഷത്തെയും ഉള്‍പ്പെടുത്തി പരിശോധനാ സമിതി രൂപീകരിച്ചത്.
പരിശോധനയ്ക്കായി കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനും നവംബര്‍ 16 നും യോഗം ചേര്‍ന്നിരുന്നു.
ഇതിനിടെ ദേശീയ വോളി ചാംപ്യന്‍ഷിപ്പിന്റെ വരവ് ചെലവു കണക്കുകള്‍ വ്യക്തമാക്കണമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."