ജില്ലാതല ശുചീകരണ യജ്ഞത്തിന് തുടക്കം
കൊച്ചി: നാടിനെ മാലിന്യമുക്തമാക്കി രോഗങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ശുചീകരണയജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ശുചീകരണത്തില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തിനുള്ള പ്രാധാന്യം ഊട്ടിയുറപ്പിച്ചുകൊണ്ടാണ് ആലുവ മുപ്പത്തടം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം നടന്നത്. ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്നലെ ആരംഭിച്ച ശുചീകരണയജ്ഞം 29നാണ് അവസാനിക്കുക. പകര്‍ച്ചവ്യാധി തടയാനുള്ള യജ്ഞത്തില്‍ ഓരോരുത്തര്‍ക്കും പങ്കുവഹിക്കാനുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
മാലിന്യം സൃഷ്ടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ ഡോ മാത്യൂസ് നുമ്പേലി പറഞ്ഞു. വീടിനു ചുറ്റും കിടക്കുന്ന പ്ലാസ്റ്റിക് കടലാസ്, മിഠായിക്കടലാസ്, കുപ്പി, പാത്രങ്ങള്‍, ടയര്‍, കളിപ്പാട്ടങ്ങള്‍ എന്നിവ ശേഖരിച്ച് മഴ നനയാത്ത വിധം സൂക്ഷിക്കണം.
പ്‌ളാസ്റ്റിക് ഗ്‌ളാസുകള്‍, പേപ്പര്‍ പ്‌ളേറ്റുകള്‍, ഫ്‌ളക്‌സുകള്‍ തുടങ്ങിയവയും ഒഴിവാക്കി ഭൂമിയെ മാലിന്യമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് രത്‌നമ്മ സുരേഷ്, ആരോഗ്യ വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രധാനാധ്യാപിക അജിത കുമാരി, പി.ടി.എ പ്രസിഡന്റ് ഷണ്‍മുഖന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മണ്ഡലങ്ങളില്‍ നടപ്പാക്കേണ്ട ശുചീകരണപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനയോഗവും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഇന്നലെ നടന്നു.
കളമശേരിയില്‍ ഭരണ പ്രതിപക്ഷ ഭേദമെന്യേ കൗണ്‍സിലര്‍മാരും നഗരസഭ ജീവനക്കാരും ഒത്തുചേര്‍ന്ന് നഗരസഭ കാര്യാലയവും പരിസരവും വൃത്തിയാക്കി. ഇന്നലെ രാവിലെ 9.30 ന് പത്തടിപ്പാലം ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്ന് നഗരസഭ ഓഫീസിനു മുന്നില്‍ വരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്ററുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ റാലി നടന്നു.
ശുചീകരണ പ്രതിജ്ഞ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നഗരസഭയ്ക്ക് മുന്നിലെ ദേശീയപാതാ പരിസരം കൗണ്‍സിലര്‍മാരും ജീവനക്കാരും ചേര്‍ന്ന് വ്യത്തിയാക്കി. നഗരസഭയ്ക്കുള്ളിലും ജീവനക്കാര്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ട് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.
ഇന്ന് കളമശേരി നഗരസഭയിലെ 42 വാര്‍ഡുകളിലും നാളെ വിദ്യാലയങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."