ഉപജില്ലാ സ്‌കൂള്‍ കലോത്സവ നടത്തിപ്പിന് പണമില്ല സുനി അല്‍ഹാദി
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യപടിയായി നടക്കുന്ന ഉപജില്ലാ കലോത്സവങ്ങളുടെ നടത്തിപ്പിന് ആവശ്യമായ പണമില്ലാതെ സംഘാടകര്‍ നെട്ടോട്ടത്തില്‍. സ്‌കൂള്‍തലത്തില്‍ നടത്തുന്ന കലോത്സവങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതലത്തിലെ മത്സരാര്‍ഥികളെ കണ്ടെത്തുന്നതിനുവേണ്ടിയാണ് സബ്ജില്ലാ കലോത്സവങ്ങള്‍ നടത്തുന്നത്. ഓരോ ഉപജില്ലയുടെയും വലിപ്പമനുസരിച്ച് ആറുലക്ഷം മുതല്‍ എട്ടുലക്ഷം രൂപവരെയാണ് ഉപജില്ലാ കലോത്സവങ്ങളുടെ ചെലവ് വരുന്നത്. സര്‍ക്കാരില്‍നിന്ന് അനുവദിക്കുന്ന ചെറിയ തുകയും കുട്ടികളില്‍നിന്ന് പിരിച്ചെടുക്കുന്ന തുകയും ചേര്‍ത്താണ് കലോത്സവങ്ങള്‍ നടത്താറുള്ളത്. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍നിന്ന് പണം പിരിക്കരുതെന്ന് ബാലാവകാശ കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുര്‍ന്ന് ഇത്തരത്തില്‍ ലഭ്യമായിരുന്ന തുകയും ഇല്ലാതായി.
പത്ത് മുതല്‍ 40 രൂപ വരെയായിരുന്നു ഓരോ കുട്ടികളില്‍നിന്നും പിരിച്ചെടുത്തിരുന്നത്. ഒന്‍പതുമുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍നിന്ന് കലോത്സവത്തിന് പണം സംഭാവനയായി സ്വീകരിക്കാമെങ്കിലും ചില വിദ്യാഭ്യാസ ഉപഡയരക്ടര്‍മാര്‍ ഇതിനും അനുമതി നല്‍കിയിട്ടില്ല.
ഉപജില്ലാ കലോത്സവത്തിന്റെ വേദിയായി തെരഞ്ഞെടുക്കുന്ന സ്‌കൂളുകള്‍ പി.ടി.എയുടെ സഹകരണത്തോടെ നാട്ടുകാരില്‍നിന്ന് സ്‌പോണ്‍സറെ കണ്ടെത്തിയും മേള നടത്താറുണ്ട്. എന്നാല്‍ കടുത്ത സാമ്പത്തികമാന്ദ്യം അനുഭവപ്പെടുന്നതിനാല്‍ ഇത്തരത്തിലുള്ള സഹായങ്ങളും നിലച്ചിരിക്കുകയാണ്. വിധി നിര്‍ണയത്തിന് ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷംരൂപ വരെയാണ് ചെലവ് വരുന്നത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ 1500 മുതല്‍ 3000 രൂപ വരെയാണ് ഓരോ ഇനത്തിനും വിധികര്‍ത്താക്കള്‍ക്ക് നല്‍കുന്നത്. വിധിനിര്‍ണയത്തില്‍ പരാതി ഉയരാതിരിക്കാന്‍ പ്രമുഖരെ കൊണ്ടുവരണമെങ്കില്‍ അയ്യായിരം രൂപവരെ കൊടുക്കേണ്ടിവരും. വഞ്ചിപ്പാട്ട്, ചവിട്ടുനാടകം, യക്ഷഗാനം, മാര്‍ഗംകളി തുടങ്ങിയവയ്‌ക്കൊക്കെ പരിചയസമ്പന്നരായ വിധികര്‍ത്താക്കള്‍ കുറവായതിനാല്‍ അവരെ തേടിപ്പിടിച്ച് കലോത്സവ നഗരിയിലെത്തിക്കാനും ചെലവേറും.
പന്തല്‍, കര്‍ട്ടന്‍, കസേര, ലൈറ്റ് ആന്‍ഡ് സൗണ്ട് തുടങ്ങിയവയ്ക്ക് മൂന്ന് ലക്ഷം രൂപവരെയാണ് ചെലവാകുന്നത്. പബ്ലിസിറ്റി, ഭക്ഷണം തുടങ്ങിയവയ്ക്കും ചെലവേറെയാണ്. എന്നാല്‍ ഇത്രയും തുക കണ്ടെത്താന്‍ തങ്ങള്‍ നെട്ടോട്ടമോടുകയാണെന്നാണ് ഉപജില്ലാ കലോത്സവത്തിന്റെ ചുമതലയുള്ള അധ്യാപകര്‍ പറയുന്നത്. അധ്യാപകര്‍ കൈയില്‍നിന്ന് പണമെടുത്താണ് കലോത്സവങ്ങള്‍ നടത്തുന്നത്. ഇതിനോടകം നടന്ന പല ഉപജില്ലാ കലോത്സവങ്ങളിലും കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഒഫിഷ്യല്‍സിനു മാത്രം ഭക്ഷണം നല്‍കിയ വേദികളുമുണ്ട്. പന്തല്‍ ഒഴിവാക്കി പലയിടത്തും കലോത്സവത്തിന്റെ ചെലവ് കുറച്ചിട്ടുണ്ട്. എട്ടുലക്ഷത്തോളം ചെലവ് വരുന്ന ഉപജില്ലാ കലോത്സവത്തിന് രണ്ടുലക്ഷത്തില്‍ താഴെ രൂപമാത്രമാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."