പ്രളയം: ജലസേചന പദ്ധതികള്‍ക്ക് 171.12 കോടി നഷ്ടം
ഡാമുകളുടെ സംഭരണശേഷി കുറഞ്ഞതായി നിഗമനം
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ ജലസേചന പദ്ധതികളില്‍ 171.12 കോടിയുടെ നാശനഷ്ടം.
കഴിഞ്ഞ വര്‍ഷം 113.82 കോടിയുടെയും ഈ വര്‍ഷം 57.3 കോടിയുടെയും നഷ്ടമാണുണ്ടായത്. പ്രളയത്തെ തുടര്‍ന്ന് മണല്‍ അടിഞ്ഞുകൂടി ഡാമുകളുടെ സംഭരണശേഷിയില്‍ കുറവുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദപഠനം ജലസേചനവകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ചിറ്റൂര്‍പ്പുഴ ഇറിഗേഷന്‍ പ്രൊജക്ടിനാണ്. ഇവിടെ കഴിഞ്ഞ വര്‍ഷം 21.01 കോടിയുടെയും ഈ വര്‍ഷം 5.28 കോടിയുടെയും നഷ്ടമുണ്ടായി. പഴശ്ശി ഇറിഗേഷന്‍ പദ്ധതിക്ക് കഴിഞ്ഞവര്‍ഷം 10.93 കോടിയുടെയും ഈ വര്‍ഷം 13.93 കോടിയുടെയും നഷ്ടമുണ്ടായി. കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം 16.97 കോടിയുടെയും ഈ വര്‍ഷം 5.63 കോടിയുടെയും നാശനഷ്ടമുണ്ടായി. പമ്പാ ജലസേചന പദ്ധതിയില്‍ 1.12 കോടിയുടെയും ചിമ്മിനി ഡാമില്‍ 1.73 കോടിയുടെയും നഷ്ടമാണ് കഴിഞ്ഞ വര്‍ഷം മാത്രമുണ്ടായത്. അട്ടപ്പാടിവാലി ഇറിഗേഷന്‍ പദ്ധതിയില്‍ ഈ വര്‍ഷം മാത്രമേ നാശനഷ്ടമുണ്ടായിട്ടുള്ളൂ (1.80 കോടി).
മറ്റു പദ്ധതികളിലുണ്ടായ നാശനഷ്ടത്തിന്റെ കണക്കുകള്‍ (2018,19 എന്ന ക്രമത്തില്‍): ചീരക്കുഴി റെഗുലേറ്റര്‍ 14 കോടി, 2.9 കോടി, മലമ്പുഴ 12.03, 1.55 , പോത്തുണ്ടി 1.79, 0.50, മംഗലം 3.87, 2.25, ചേരാമംഗലം 0.33, 0.26, വാളയാര്‍ 2.94 , 2.19 , ഗായത്രി പ്രൊജക്ട് (ഒന്നും രണ്ടുംഘട്ടം) 3.98 , 1.38, കാഞ്ഞിരപ്പുഴ 1.92 , 12.86, കാരാപ്പുഴ 1.53, 1.69, ബാണാസുര സാഗര്‍ 0.41, 1.06, ആര്‍.സി.ബി തൃത്താല 16.96, 2.02 കോടി.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ അച്ചന്‍കോവില്‍, പമ്പ, പെരിയാര്‍ നദികളില്‍ വെള്ളപ്പൊക്ക നിയന്ത്രണ ഡാമുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ട്. ഇതിനുള്ള സാധ്യതാപഠനത്തിന് ഉടന്‍ തുടക്കമാകും. ഇതിനുപുറമെ മണിമല, പെരിയാര്‍, ചാലിയാര്‍, ചാലക്കുടി, മീനച്ചില്‍, കടമാന്‍തോട് തുടങ്ങിയയിടങ്ങളില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."